ഇനിയും കൊല്ലും! ജനങ്ങളോടാ എന്റെ കടപ്പാട്, കേസ് അതിന്റെ വഴിക്കുപോകട്ടെ; ചിറ്റിലപ്പിള്ളിയും ജോസ് മാവേലിയും റോള്‍ മോഡലുകള്‍; മിനി രാജു രാഷ്ട്രദീപികയോട്

NAAYA1ഹരുണി സുരേഷ്

വൈപ്പിന്‍: തന്റെ ശക്തിയും ജീവനും തനിക്കു വോട്ട് നല്‍കി അധികാരത്തിലേറ്റിയ  ജനങ്ങളാണെന്നു ഞാറക്കല്‍ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡംഗം മിനി രാജു രാഷ്ട്രദീപികയോടു പറഞ്ഞു. തന്റെ പാര്‍ട്ടിയും പ്രവര്‍ത്തകരും തന്റെ ലക്ഷ്യത്തിന് ഊര്‍ജ്ജം പകരുന്നുണ്ടെന്നും മിനി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ആക്രമണകാരികളായ ഏഴു തെരുവുനായ്ക്കളെയാണ് മിനിയും സഹപ്രവര്‍ത്തകരും പതിനഞ്ചാം വാര്‍ഡില്‍ നിന്നും പിടികൂടി വകവരുത്തിയത്.

നിയമലംഘനം നടത്തിയെന്നു പ്രഖ്യാപിച്ചുകൊണ്ട് തെളിവു സഹിതം  നായ്ക്കളുടെ മൃതദേഹങ്ങളുമായി പോലീസ് സ്റ്റേഷനിലെത്തിയാണ് മിനി വിപ്ലവം കുറിച്ചത്.  ഇതിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും കേസ് കേസിന്റെ വഴിക്കു പോകട്ടെയെന്നാണ് മിനി പറയുന്നത്. ഇനിയും  അപകടകാരികളായ നായ്ക്കളെ കൊന്നൊടുക്കുന്ന ദൗത്യവുമായി താന്‍ മുന്നോട്ടുപോകുമെന്നും  ഇതിന് താന്‍ സ്‌നേഹിക്കുന്ന ജനങ്ങളുടെ പിന്തുണ ആവശ്യമാണെന്നും മിനി പറയുന്നു.

തീരുമാനം  ജനങ്ങളുടെ ദീനരോദനത്തെ തുടര്‍ന്ന്  

രണ്ടു ദിവസം മുമ്പ് വാര്‍ഡിലെ  ഒരു വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ചെന്നപ്പോള്‍ ചില വീട്ടമ്മമാര്‍ ഭയാശങ്കകളോടെ തെരുവുനായ ശല്യത്തെക്കുറിച്ച് തന്നോടു പരാതിപ്പെട്ടെന്നും ഇതാണ് കടുത്ത തീരുമാനമെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും അവര്‍ പറഞ്ഞു. പിന്നെ ഇടംവലം ചിന്തിച്ചില്ല. അപകടകാരികളായ നായ്ക്കൂട്ടങ്ങളെ എങ്ങിനെയെങ്കിലും വകവരുത്തിയിട്ടേ മറ്റു കാര്യമുള്ളെന്നു ദൃഢപ്രതിജ്ഞ എടുക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

ഇക്കാര്യം പാര്‍ട്ടിക്കാരോട് ആലോചിക്കുകയാണ് ആദ്യം ചെയ്തത്. സഹപ്രവര്‍ത്തകരായ ഡിവൈഎഫ് പ്രവര്‍ത്തകര്‍ ഒപ്പം രംഗത്തിറങ്ങാമെന്ന് ഉറപ്പുനല്‍കിയതോടെ പിന്നെ ലക്ഷ്യത്തില്‍ നിന്നും പിന്നാക്കം പോയില്ല. പഞ്ചായത്ത് പ്രസിഡന്റിനെയോ മറ്റു മെംമ്പര്‍മാരെയോ ഒന്നുംതന്നെ വിവരമറിയിക്കാതെ   തെരുവുനായ്ക്കളെ കൊല്ലാന്‍ രംഗത്തിറങ്ങുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും  ജോസ് മാവേലിയും റോള്‍ മോഡലുകള്‍

NAAYA2

തെരുവുനായ്ക്കള്‍ക്കെതിരെ സമരരംഗത്തുള്ള ജോസ് മാവേലിയും  കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുമാണ് ഇക്കാര്യത്തില്‍ തന്റെ  റോള്‍ മോഡലുകള്‍. ലക്ഷ്യം നിറവേറ്റാന്‍ സഹായകമായതു ജോസ് മാവേലിയും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുമാണ്.  ജോസ് മാവേലിയോടു വിവരങ്ങള്‍ പറഞ്ഞു. നായ്ക്കളെ പിടികൂടാന്‍ സഹായിക്കണമെന്നഭ്യര്‍ഥിച്ചു. ഒട്ടും മടികൂടാതെ അദ്ദേഹം എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും നായ്ക്കളെകൊല്ലുന്നതിനായി തന്നോടൊപ്പം രംഗത്തിറങ്ങുകയും ചെയ്തു.

ഇതൊരു വലിയകാര്യമാണ്. നിയമപ്രശ്‌നം ഉണ്ടായപ്പോള്‍  തന്നെ നേരില്‍ കണ്ട് ആദരിച്ച കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി കേസിനെ നേരിടാന്‍ എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തതോടെ തന്റെ ആത്മവിശ്വാസം പതിന്മടങ്ങ് വര്‍ധിച്ചുവെന്നും മിനി പറയുന്നു. നായപിടുത്തക്കാര്‍ക്കും കുഴിച്ചിടുന്നവര്‍ക്കും ഇവവാഹനത്തില്‍ കൊണ്ടുപോകുന്നതിനും കേസുകള്‍ നടത്തുന്നതിനും ചെലവുകള്‍ ഉണ്ട്. ഇത് കണ്ടെത്തുക എളുപ്പമല്ലെന്നും മിനി കൂട്ടിച്ചേര്‍ത്തു.

കുടുംബത്തിന്റെ പിന്തുണ

പണം കൈയില്‍ നിന്നു ചെലവായാലും ലക്ഷ്യം നിറവേറ്റാന്‍ ഏറ്റവും അധികം പ്രോത്സാഹിപ്പിച്ചതു ഭര്‍ത്താവും മകനുമാണ്. തെരുവുനായ്ക്കളുടെ പടയോട്ടത്തില്‍   ജനങ്ങള്‍ ഭയവിഹ്വലരാണെന്നും നായ്ക്കളെ കൊല്ലാന്‍ മുന്നിട്ടിറങ്ങുന്ന   കാര്യങ്ങള്‍ ആദ്യം  വീട്ടുകാരോട് പങ്കുവെച്ചപ്പോള്‍ ഇത് അത്യാവശ്യമെന്നാണ് ഭര്‍ത്താവ് പറഞ്ഞത്. നിയമപ്രശ്‌നങ്ങള്‍ തലപൊക്കിയപ്പോള്‍ അമ്മ തളരരുതെന്നും ഈ ദൗത്യം പൂര്‍ത്തിയാക്കണമെന്നു മകനും കൂടി പറഞ്ഞപ്പോള്‍ പിന്നെ അവസാനം വരെ പൊരുതാനുള്ള തീരുമാനം ഉറപ്പിച്ചു.

മറ്റുള്ളവര്‍ക്കായി നന്മചെയ്യുക എന്നത് വലിയ കാര്യമാണ്. അതിനായി അല്‍പ്പം വേദന സഹിക്കേണ്ടി വന്നാലോ അതിന്റെ മഹത്വം വര്‍ധിക്കും. കഴിഞ്ഞ ഒമ്പതു വര്‍ഷമായി എറണാകുളം -അങ്കമാലി അതിരൂപതയുടെ കീഴിലുള്ള സന്നദ്ധസേവന സംഘടനയായ വെല്‍ഫയര്‍ സര്‍വീസസിലെ അംഗമായ താന്‍ അവിടെ നിന്നും പഠിച്ചത് ഇതാണെന്ന് മിനി വ്യക്തമാക്കുന്നു.

വാര്‍ഡ്‌മെംമ്പര്‍മാര്‍ സഹകരിച്ചാല്‍  നേതൃത്വം ഏറ്റെടുക്കും

ഞാറക്കല്‍ പഞ്ചായത്തിനെ കേരളത്തിലെ ആദ്യ തെരുവുനായ വിമുക്ത പഞ്ചായത്താക്കി മാറ്റുമെന്നാണ് തെരുവു നായകള്‍ക്കെതിരെ പോരാടുന്ന ജോസ് മാവേലിയുടെ പ്രഖ്യാപനം. ഇതിനു പഞ്ചായത്ത് അംഗങ്ങളുടെ സഹായം ആവശ്യമാണ്. എല്ലാവരും സധൈര്യം മുന്നിട്ടിറങ്ങണം. വോട്ട് ചെയ്ത് വിജയിപ്പിച്ചവരോട് നമ്മുക്ക് കടപ്പാടുണ്ട്. റോഡ് നന്നാക്കുന്നതിലും കുടിവെള്ളമെത്തിക്കുന്നതിലും മാത്രമല്ല ജനങ്ങളുടെ  ജീവന്‍ രക്ഷിക്കലും ജനപ്രതിനിധിയുടെ കടമയാണെന്നും മിനി രാജു ചൂണ്ടിക്കാട്ടി. മെംമ്പര്‍മാര്‍ സഹകരിച്ചാല്‍ ജോസ് മാവേലിയുടെ ദൗത്യത്തിനു പഞ്ചായത്തിലൂടനീളം നേതൃത്വം വഹിക്കാന്‍ തയാറാണെന്നും അവര്‍ പറയുന്നു.

Related posts