തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ആത്മഹത്യക്കു ശ്രമിച്ച പെൺകുട്ടിയുടെ കോളജ് മാറ്റത്തിനുള്ള അപേക്ഷ സർവകലാശാല അംഗീകരിച്ചു. വർക്കല എസ്എൻ കോളജിൽ പെൺകുട്ടിക്ക് പഠനം തുടരാനാണ് സിൻഡിക്കേറ്റ് അനുമതി നൽകിയത്. മുടങ്ങിയ പരീക്ഷയും പുതിയ കോളജിൽ എഴുതാൻ കഴിയും.
എസ്എഫ്ഐ പ്രവർത്തകരുടെ സമ്മർദം മൂലം ജീവനൊടുക്കുന്നു എന്നായിരുന്നു ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ പെണ്‍കുട്ടിയുടെ ആത്മഹത്യക്കുറിപ്പ്. സമരങ്ങളില്‍ പങ്കെടുക്കാന്‍ സമ്മതിക്കാത്തതിന്റെ പേരിൽ പ്രവർത്തകർ ഭീഷണിപ്പെടുത്തിയതിൽ മനംനൊന്താണ് തീരുമാനം. ഇതേക്കുറിച്ച് പരാതി നൽകിയിട്ടും പ്രിന്‍സിപ്പൽ ഒരു നടപടിയും എടുത്തില്ലെന്നും കത്തില്‍ ആരോപിച്ചിരുന്നു.
എന്നാല്‍ മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയിലും പോലീസിന് കൊടുത്ത മൊഴിയിലും വ്യക്തപരമായ കാരണം മൂലമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. പരാതിയില്ലാത്ത സാഹചര്യത്തില്‍ തുടര്‍നടപടികള്‍ പോലീസ് അവസാനിപ്പിച്ചിരുന്നു.