ഇന്ത്യക്ക് ഒരു റണ്ണിന്റെ നാടകീയ ജയം

sp-indiaബംഗളൂരു: എങ്ങനെ വിശേഷിപ്പിക്കും ഈ ജയത്തെ. ഹൃദയം നിലച്ച മിനിറ്റുകള്‍ക്കൊടുവില്‍ ഇന്ത്യക്ക് ബംഗ്ലാദേശിനെതിരേ ഒരു റണ്ണിന്റെ ത്രസിപ്പിക്കുന്ന ജയം. അവസാന മൂന്നു പന്തില്‍ വെറും രണ്ടു റണ്‍സ് മതിയാകുമായിരുന്ന ബംഗ്ലാദേശിന്റെ കൈയില്‍നിന്ന് ഇന്ത്യയുടെ പോരാളിപ്പട ജയം പിടിച്ചുവാങ്ങുകയായിരുന്നു. സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ ഏഴുവിക്കറ്റിന് 146, ബംഗ്ലാദേശ് 20 ഓവറില്‍ ഒന്‍പതിന് 145.

ഹര്‍ദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറില്‍ ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 11 റണ്‍സ്. ആദ്യ പന്തില്‍ സിംഗിള്‍. രണ്ടാംപന്തില്‍ ധോണിയെ കബളിപ്പിച്ച് റഹീമിന്റെ ബൗണ്ടറി. പിന്നെ നാലു പന്തില്‍ ആറു റണ്‍സ് മാത്രം മതിയെന്ന അവസ്ഥയില്‍ നിന്നാണ് ഇന്ത്യയുടെ തിരിച്ചുവരവ്. നാലാംപന്തില്‍ റഹീം (11), മഹമ്മദുള്ള (18), മുസ്താഫിസൂര്‍ (പൂജ്യം) എന്നിവരാണ് അവസാന മൂന്നു പന്തില്‍ പുറത്തായ ബംഗ്ലാദേശ് ബാറ്റ്‌സ്മാന്മാര്‍.

ചിന്നാസ്വാമി സ്റ്റേഡിയത്തിലെ പിച്ചില്‍ അത്രയൊന്നും വലിയ സ്‌കോറായിരുന്നില്ല ഇന്ത്യ പടുത്തുയര്‍ത്തിയത്. ആശിഷ് നെഹ്‌റയെറിഞ്ഞ ആദ്യ പന്ത് തന്നെ ഇന്ത്യന്‍ ഫീല്‍ഡിംഗിന്റെ അലസതയില്‍ ബൗണ്ടറി കടന്നു. മൂന്നാം ഓവറില്‍ത്തന്നെ ആര്‍. അശ്വിനെ പന്തേല്പിച്ച ധോണിയുടെ നീക്കം ഫലം കണ്ടു. ഒരു റണ്‍സെടുത്ത് മുഹമ്മദ് മിഥുന്‍ പാണ്ഡ്യയ്ക്കു ക്യാച്ച് നല്കി പുറത്ത്. സാബിര്‍ റഹ്മാന്‍ ക്രീസിലെത്തിയതോടെ തമീമും കൂടുതല്‍ ആക്രമണകാരിയായി. സഖ്യം മികച്ച രീതിയില്‍ മുന്നേറുന്നതിനിടെ ജഡേജ ഇന്ത്യക്കു ബ്രേക്ത്രൂ സമ്മാനിച്ചു. 35 റണ്‍സെടുത്ത തമീം ബൗള്‍ഡ്. വീണ്ടും ഇന്ത്യന്‍ പ്രതീക്ഷകള്‍ പൂത്തുതുടങ്ങുകയായിരുന്നു. എന്നാല്‍ ഷക്കീബും ക്യാപ്റ്റന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത മുര്‍ത്താസയും ചേര്‍ന്നതോടെ കളി വീണ്ടും അയല്‍ക്കാരുടെ പക്ഷത്തേക്ക്. കൂട്ടുകെട്ട് പൊളിക്കാന്‍ വീണ്ടും ജഡേജയെത്തി. ഇത്തവണ മുര്‍ത്താസയും (6) ബൗള്‍ഡ്. 15 ഓവര്‍ പിന്നിടുമ്പോള്‍ ബംഗ്ലാദേശ് അഞ്ചിന് 104 റണ്‍സെന്നനിലയിലായിരുന്നു. 30 പന്തില്‍ 43 റണ്‍സ് മാത്രം മതിയെന്ന അവസ്ഥ. ഇതിനിടെ 21 റണ്‍സെടുത്ത സൗമ്യയെ നെഹ്‌റ വീഴ്ത്തി. അവസാന രണ്ടു ഓവറില്‍ 17 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. 19-ാം ഓവര്‍ എറിഞ്ഞ ബുംറ തന്റെ റോള്‍ ഭംഗിയാക്കി. വെറും ആറു റണ്‍സ് മാത്രമാണ് ഈ ഓവറില്‍ പിറന്നത്.

ഗാലറികളിലെ ടെന്‍ഷന്‍ കളിക്കാരിലേക്കും പകര്‍ന്ന അവസാന ഓവര്‍ എറിയാനെത്തിയത് പാണ്ഡ്യ. 11 റണ്‍സായിരുന്നു അവസാന ഓവറില്‍ വേണ്ടിയിരുന്നത്.

നേരത്തെ, ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ മഷറഫെ മുര്‍ത്താസ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാര്‍ ഇന്ത്യക്കു മികച്ച തുടക്കമാണ് നല്കിയത്. എന്നാല്‍ പവര്‍പ്ലേ തുടങ്ങുംമുമ്പേ ആദ്യ തിരിച്ചടി കിട്ടി. പവര്‍പ്ലേയിലെ അവസാന പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച രോഹിത് പുറത്ത്. മുസ്താഫിസുര്‍ റഹ് മാന്റെ പന്തില്‍ സാബിര്‍ റഹ്മാനു പിടികൊടുക്കുമ്പോള്‍ 18 റണ്‍സായിരുന്നു രോഹിതിന്റെ സമ്പാദ്യം. തൊട്ടടുത്ത ഓവറില്‍ ഷക്കീബ് അല്‍ഹസന്‍ ധവാനെ (23) വിക്കറ്റിനു മുമ്പില്‍ കുടുക്കി. കോഹ്‌ലിയും (24) തുടര്‍ന്നെത്തിയ റെയ്‌നയും കൂടിച്ചേര്‍ന്നതോടെ സ്‌കോര്‍ ഉയരാന്‍ തുടങ്ങി. ഒടുവില്‍ ഷുവഹാത ഹോമിന്റെ പന്തില്‍ കോഹ്‌ലിയുടെ കുറ്റിതെറിക്കുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ മൂന്നിന് 13.4 ഓവറില്‍ 95 എന്ന നിലയിലെത്തിയിരുന്നു. കോഹ്‌ലി-റെയ്‌ന സഖ്യം 50 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നീട് അവിശ്വസനീയമാംവിധം മധ്യനിര തകരുകയായിരുന്നു. റെയ്‌നയിലൂടെയായിരുന്നു തുടക്കം. അല്‍ അമീനു വിക്കറ്റ് സമ്മാനിച്ചു മടങ്ങുമ്പോള്‍ 30 റണ്‍സായിരുന്നു റെയ്‌നയുടെ സമ്പാദ്യം. തൊട്ടടുത്ത പന്തില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം ലഭിച്ചെത്തിയ ഹാര്‍ദിക് പാണ്ഡ്യയും പുറത്ത്. പാണ്ഡ്യയെ പുറത്താക്കാന്‍ സൗമ്യ സര്‍ക്കാര്‍ എടുത്ത ക്യാച്ച് അവിശ്വസനീയമായിരുന്നു.

സ്‌കോര്‍ബോര്‍ഡ്

ഇന്ത്യ ബാറ്റിംഗ്: രോഹിത് സി സബീര്‍ ബി മുസ്താഫിസുര്‍ 18, ധവാന്‍ എല്‍ബിഡബ്ലു ബി ഷക്കീബ് 23, കോഹ്‌ലി ബി ഹോം 24, റെയ്‌ന സി സാബിര്‍ ബി അല്‍-അമീന്‍ 30, പാണ്ഡ്യ സി സര്‍ക്കാര്‍ ബി അല്‍-അമീന്‍ 15, ധോണി നോട്ടൗട്ട് 13, യുവ് രാജ് സി അല്‍-അമീന്‍ ബി മഹമ്മദുള്ള 3, ജഡേജ ബി മുസ്താഫിസുര്‍ 12, അശ്വിന്‍ നോട്ടൗട്ട് 5, എക് ട്രാസ് 3, ആകെ 20 ഓവറില്‍ ഏഴു വിക്കറ്റിന് 146

വിക്കറ്റു വീഴ്ച 1-42,2-45,3-95,4-112,5-112,6-117,7-137

ബൗളിംഗ്: മൊര്‍ത്താസ 4-0-22-0,ഹോം 3-0-24-1,അല്‍ അമീന്‍ 4-0-37-2,മുസ്താഫിസുര്‍ 4-0-34-2, ഷക്കീബ് 4-0-23-1,മഹമ്മദുള്ള 1-0-4-1

ബംഗ്ലാദേശ് ബാറ്റിംഗ്; തമിം സ്റ്റംപ്ഡ് ധോണ് ബി ജഡേജ 35, മിഥുന്‍ സി പാണ്ഡ്യ ബി അശ്വിന്‍ 1, സാബിര്‍ സ്റ്റംപ്ഡ് ധോണി ബി റെയ്‌ന 26, ഷക്കീബ് സി റെയ്‌ന ബി അശ്വിന്‍ 22, മൊര്‍ത്താസ ബി ജഡേജ 6, മഹമ്മദുള്ള സി ജഡേജ ബി പാണ്ഡ്യ 18, സര്‍ക്കാര്‍ സി കോഹ്‌ലി ബി നെഹ്‌റ 21, റഹിം സി ധവാന്‍ ബി പാണ്ഡ്യ 11, ഹോം നോട്ടൗട്ട് 0 , മുസ്താഫിസുര്‍ റണ്ണൗട്ട് 0 എക്‌സ്ട്രാസ് 5, ആകെ 20 ഓവറില്‍ 9 വിക്കറ്റിന് 145

വിക്കറ്റു വീഴ്ച

1-11,2-55,3-69,4-87,5-95,6-126,7-145,8-145,9-145

ബൗളിംഗ്

നെഹ്‌റ 4-0-29-1,ബൂംറ 4-0-32-0,അശ്വിന്‍ 4-0-20-2,ജഡേജ 4-0-22-2,പാണ്ഡ്യ 3-0-29-2,റെയ്‌ന 1-0-9-1

Related posts