ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ്.അച്യുതാനന്ദനും പിണറായി വിജയനും മത്‌സരിക്കാന്‍ സാധ്യതയേറി. ഇരുവരും മത്സരിക്കട്ടെയെന്ന അഭിപ്രായം നാളെ കേരള നേതാക്കളുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ സിപിഎം കേന്ദ്ര നേതൃത്വം മുന്നോട്ടുവയ്ക്കുമെന്നാണ് സൂചന. വിഎസ് പ്രചാരണം നയിക്കണമെന്ന അഭിപ്രായം ചില നേതാക്കള്‍ക്കുണ്ടെങ്കിലും പുതിയ സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വം ഇത് അംഗീകരിക്കാനിടയില്ല. ഇരുവിഭാഗത്തിലെയും പ്രവര്‍ത്തകരെ തൃപ്തിപ്പെടുത്താനാണ് നേതൃത്വം ലക്ഷ്യമിടുന്നത്.
കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് സംസ്ഥാന നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്ക് പിബി നാളെ തുടക്കംകുറിക്കുകയാണ്. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. വിഎസ് മത്സരിക്കേണ്ടതുണ്ടോ എന്നതാണ് സിപിഎമ്മിനു മുന്നിലുള്ള പ്രധാന ചോദ്യം. അതേസമയം വിഎസ് മത്സരിക്കണമെന്ന നിര്‍ദേശം കേന്ദ്രം മുന്നോട്ടു വയ്ക്കുമെന്നാണ് അറിയുന്നത്. ലാവ്‌ലിന്‍ കേസില്‍ അനുകൂല വിധി വന്ന സാഹചര്യത്തില്‍ പിണറായി വിജയന്‍ മത്സരരംഗത്തുനിന്ന് മാറിനില്‍ക്കേണ്ട കാര്യമില്ല.
അതിനാല്‍ പിണറായിയും മത്സരിക്കട്ടേ എന്ന നിലപാടിലാണ് കേന്ദ്ര നേതാക്കള്‍. ആര് പ്രചാരണം നയിക്കുമെന്നതാണ് അടുത്ത ചോദ്യം. വിഎസ് മത്സരിക്കണമെന്ന നിര്‍ദേശം അംഗീകരിച്ചാല്‍പോലും പ്രചാരണനേതൃത്വം വിഎസിനു നല്‍കാന്‍ സംസ്ഥാന നേതൃത്വം തയാറാകില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാന ഘടകത്തിന്റെ അഭിപ്രായംകൂടി അറിയാനാണ് ചര്‍ച്ച. ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് പിബി അംഗമായ എം.എ.ബേബിയെ നിര്‍ദേശിക്കുന്നതു സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച നടക്കും.