ഇര്‍ഫാനില്ലാതെ ഇന്ത്യ

 sp-riyo   സ്‌പോര്‍ട്‌സ് ലേഖകന്‍

കോട്ടയം: ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായി ഇന്ത്യ ഒളിമ്പിക്‌സിനു പോകുമ്പോള്‍ അത്‌ലറ്റിക്‌സ് ടീമും ഒട്ടും കുറച്ചില്ല. ചരിത്രത്തിലെ ഏറ്റവും വലിയ ടീമിനെത്തന്നെയാണ് അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും റിയോയില്‍ എത്തിക്കുന്നത്. 37 പേരാണ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയെ പ്രതിനീധികരിക്കുന്നത്. ഇതില്‍ 20 പുരുഷന്മാരും 17 വനിതകളുമുണ്ട്. എന്നാല്‍, ലണ്ടന്‍ ഒളിമ്പിക്‌സില്‍ ദേശീയ റിക്കാര്‍ഡ് പ്രകടനം നടത്തി 10-ാം സ്ഥാനത്തെത്തിയ കെ.ടി. ഇര്‍ഫാനെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല.

ഒളിമ്പിക്‌സിനുള്ള യോഗ്യതാ മാര്‍ക്ക് കടന്ന താരമായിരുന്നു മലപ്പുറം അരീക്കോട് സ്വദേശിയായ ഇര്‍ഫാന്‍. എന്നാല്‍, 20 കിലോമീറ്റര്‍ നടത്തത്തില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ മൂന്നുപേരെ മാത്രം കൊണ്ടുപോകാന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ തീരുമാനിച്ചതോടെ പ്രകടനത്തില്‍ അഞ്ചാം സ്ഥാനത്തുള്ള ഇര്‍ഫാന്‍ പുറത്താവുകയായിരുന്നു. ജയ്്പൂരില്‍ നടന്ന ദേശീയ റേസ് വാക്കിംഗ് ചാമ്പ്യന്‍ഷിപ്പിലൊഴികേ മറ്റ് പ്രധാനപ്പെട്ട ഒരു ചാമ്പ്യന്‍ഷിപ്പിലും ഇര്‍ഫാന്‍ പങ്കെടുത്തിരുന്നുമില്ല. പരിക്കും ഫോമില്ലായ്മയും തളര്‍ത്തിയ ഇര്‍ഫാന് അന്താരാഷ്്ട്ര തലത്തില്‍ സമീപകാലത്ത് ഒരു മത്സരത്തിലും പങ്കെടുക്കാനായില്ല. ഇതും ഇര്‍ഫാനു തിരിച്ചടിയായി.

മാര്‍ച്ചില്‍ ജയ്പുരില്‍ നടന്ന ദേശീയ വാക്കിംഗ് ചാമ്പ്യന്‍ഷിപ്പിലാണ് ഇര്‍ഫാന്‍ ഒളിമ്പിക് യോഗ്യത നേടിയത്. ആറു പേരാണ് നടത്തത്തില്‍ ആകെ യോഗ്യത നേടിയവര്‍. ഇതില്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇര്‍ഫാന്‍ അഞ്ചാമതായിരുന്നു. തന്നെ ടീമിലെടുക്കാത്തതില്‍ നിരാശയുണെ്ടന്ന് ഇര്‍ഫാന്‍ പറഞ്ഞു. കണങ്കാലിനേറ്റ പരിക്ക് ഭേദമാകാത്തതിനാല്‍ പല അന്താരാഷ്ട്ര മീറ്റുകളിലും പങ്കെടുക്കാനായിരുന്നില്ല. അതാണ് തിരിച്ചടിയായതെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ തവണ ലണ്ടനില്‍ നാം അയച്ച 83 പേരില്‍ 14 പേര്‍ മാത്രമായിരുന്നു അത്‌ലറ്റിക്‌സില്‍ ഉണ്ടായിരുന്നത്. 11 ഇനങ്ങളിലായിരുന്നു അവര്‍ മത്സരിച്ചത്.

Related posts