ചേര്‍പ്പ്: പടിഞ്ഞാട്ടുമുറി പണ്ടാരച്ചിറ കൂറുമായി കുളത്തില്‍ വീണ സ്ത്രീയേയും പെണ്‍കുട്ടിയെയും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ രക്ഷിച്ചു. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. കുളത്തില്‍ തുണി നനയ്ക്കാനും കുളിക്കാനുമായി എത്തിയ അമ്പുവളപ്പില്‍ വീട്ടില്‍ പരേതനായ വേലായുധന്റെ ഭാര്യ വിലാസിനി (56). വേലായുധന്റെ ജ്യേഷ്ഠന്റെ മകന്‍ രവിയുടെ മകള്‍ തൃഷ (13) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
കുളിക്കുന്നതിനിടെ വഴുക്കലുള്ള പടവില്‍ കാല്‍ വഴുതി വെള്ളത്തിലേക്കു വീണ തൃഷയെ കരയിലേക്കു പിടിച്ചുകയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് വിലാസിനിയും കുളത്തിലേക്കു വീണത്. കുളത്തിനു സമീപത്തുകൂടി സൈക്കിളില്‍ എത്തിയ സിഎന്‍എന്‍ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ശ്യാം പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് നോക്കിയപ്പോഴാണ് കുളത്തില്‍ ഇരുവരും മുങ്ങിത്താഴുന്നതു കണ്ടത്. തല മാത്രം വെള്ളത്തില്‍ കമിഴ്ന്ന നിലയിലായിരുന്നു വിലാസിനി.
ശ്യാമിന്റെ സുഹൃത്തുക്കളും സ്കൂള്‍ വിദ്യാര്‍ത്ഥികളുമായ യദുകൃഷ്ണ, മിഥുന്‍ ലാല്‍, വിഘ്‌നേഷ് എന്നിവര്‍ ചേര്‍ന്നാണ് ഇരുവരേയും കരയ്‌ക്കെത്തിച്ചത്. തുടര്‍ന്ന് ഓടിക്കൂടിയ അയല്‍വാസികള്‍ ആക്ട്‌സിന്റെ ആംബുലന്‍സില്‍ ചേര്‍പ്പ് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചു. തുടര്‍ന്ന് വിലാസിനിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.