ഈ നഗരത്തിനെന്തുപറ്റി; ചിലയിടത്ത് സ്വാമി, ചിലയിടത്ത് ആശാന്‍! ഭൂമിക്കടിയില്‍നിന്നു നിധി എടുത്തുതരാമെന്നു പറഞ്ഞ് തട്ടിപ്പ്; വ്യാജസിദ്ധന്‍ പിടിയില്‍; കഥ ഇങ്ങനെ…

sWAMIചാലക്കുടി: ഭൂമിക്കടിയില്‍നിന്നു നിധി എടുത്തുതരാമെന്നു പറഞ്ഞ് സംസ്ഥാനത്തു വിവിധയിടങ്ങളില്‍ ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ വ്യാജസിദ്ധന്‍ പിടിയിലായി. മൂന്നുപീടിക ദേശമംഗലം കിളിക്കോട്ട് ഹരിദാസി(61)നെയാണ് എസ്‌ഐ ടി.എസ്. റഷീദ് അറസ്റ്റുചെയ്തത്.

മൂന്നുവര്‍ഷത്തോളമായി പല സ്ഥലങ്ങളില്‍ സ്വാമി, ഗുരു, വൈദ്യര്‍, ജോത്സ്യന്‍, ആശാന്‍, മഷിനോട്ടക്കാരന്‍ തുടങ്ങിയ വേഷങ്ങളിലാണ് ഇയാള്‍ വിലസിയിരുന്നത്. കൊടുങ്ങല്ലൂരിലേയും ഇരിങ്ങാലക്കുടയിലേയും ഓട്ടുപാത്രക്കടകളില്‍നിന്നും വാങ്ങുന്ന വിഗ്രഹങ്ങളും പാത്രങ്ങളും കൂടാതെ റോള്‍ഡ് ഗോള്‍ഡ് ആഭരണങ്ങളും മുണ്ടിന്റെ മടിക്കുത്തിലും ട്രൗസറിന്റെ പോക്കറ്റിലും കരുതിവച്ചിരിക്കും. നിധിക്കുവേണ്ടി കുഴികുത്തുന്നതിനിടയില്‍ കുറച്ചുനേരം പൂജകള്‍ക്കായി മറ്റുള്ളവരെ ഇയാള്‍ മാറ്റിനിര്‍ത്തും.

ഇതിനിടയില്‍ “നിധി’യും എലിവിഷവും കുഴിയില്‍ നിക്ഷേപിച്ചിരിക്കും. കുഴിയില്‍നിന്നു പുകവരുന്നതിനുവേണ്ടിയാണ് ഫോസ്ഫറസ് അടങ്ങിയ എലിവിഷം ഉപയോഗിക്കുന്നത്. പിന്നീടു തന്റെ കഴുത്തിലെ ദിവ്യമാല ഇരുകൈകളിലും ഉയര്‍ത്തിപ്പിടിച്ചു മന്ത്രങ്ങള്‍ ചൊല്ലുകയും വീണ്ടും കുഴിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്യും. അപ്പോള്‍ ഒളിച്ചുവച്ച വിഗ്രഹങ്ങള്‍ പുറത്തെടുക്കും. ചില സ്ഥലങ്ങളില്‍ ഓട്ടുപാത്രങ്ങളും ആഭരണങ്ങളുമാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നത്.

ആയുര്‍വേദ വൈദ്യന്‍ ചമഞ്ഞു തട്ടിപ്പ് നടത്തുന്ന ഇയാള്‍ ഉഴിച്ചില്‍ നടത്തുന്നതിനായാണ് വീടുകളിലെത്തിയിരുന്നത്. ഇതിനിടെ വീടിനുചുറ്റും നടന്ന് നിധി ഒളിഞ്ഞിരിപ്പുണ്ടെന്ന് വിശ്വസിപ്പിക്കും. ഇതിനുവേണ്ടി 17,000 രൂപ പൂജയുടെ പേരില്‍ കൈവശപ്പെടുത്തും. ഒരുകോടിയോളം വിലവരുന്ന നിധിയുണ്ടെന്നും തനിക്ക് ഒരുലക്ഷം രൂപ മാത്രം വാങ്ങാനേ തന്റെ മൂര്‍ത്തികള്‍ അനുവാദം നല്‍കിയിട്ടുള്ളൂവെന്നും പറഞ്ഞു വിശ്വസിപ്പിക്കും. ഒരാളില്‍നിന്നും ഇതിന്റെ പേരില്‍ 4.75 ലക്ഷം രൂപയാണ് തട്ടിച്ചത്. നിരവധി പേരില്‍നിന്നായി 15 ലക്ഷം രൂപ ഇയാള്‍ തട്ടിച്ചതായി പോലീസ് പറഞ്ഞു.

നിധിപൂജയ്ക്കു മുമ്പ് തന്റെ മൂര്‍ത്തികളെ ശരീരത്തിലേക്ക് ആവാഹിക്കുന്നതിനു മദ്യവും കോഴിയിറച്ചിയും സ്വാമി ആവശ്യപ്പെട്ടിരുന്നു. സിനിമകളില്‍ കണ്ട മന്ത്രങ്ങളും പൂജകളും തട്ടിപ്പുകളുമാണ് ഇയാള്‍ അനുകരിച്ചിരുന്നത്. നിധി കിട്ടാതെയാകുമ്പോള്‍ പണം തിരികെ ചോദിക്കാന്‍ വരുന്നവരെ മന്ത്രവാദത്തിന്റെ പേരില്‍ ഭയപ്പെടുത്തി ഓടിക്കുകയാണു പതിവ്. നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണിയാളുടെ യോഗ്യത.

തട്ടിപ്പിനിരയായവര്‍ മാനഹാനി ഭയന്നു പരാതി നല്‍കാതെ മടിച്ചുനല്‍ക്കുകയായിരുന്നു. ഇയാളെക്കുറിച്ച് സൂചന ലഭിച്ച സിഐ ക്രിസ്പിന്‍ സാമിന്റെ നേൃത്വത്തില്‍ അന്വേഷണം നടത്തിവരികയായിരുന്നു. എഎസ്‌ഐ ഷാജു എടത്താടന്‍, സിപിഒമാരായ പി.എം. മൂസ, ഇ.എസ്. ജീവന്‍, ഷിജോ തോമസ്, സി.ഡി. വിനു എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

Related posts