ഉപദേശകരെ നിയമിക്കാന്‍ കോടികള്‍ ചെലവിടുന്ന സര്‍ക്കാര്‍ കശുവണ്ടി തൊഴിലാളികളെ പട്ടിണിക്കിടുന്നു: കെ. മുരളീധരന്‍

tvm-muralidharanകൊല്ലം: മുഖ്യമന്ത്രിക്ക് വിവിധ മേഖലകളില്‍ ഉപദേശകരെ നിയമിക്കുന്നതിന് മാത്രം കോടിക്കണക്കിന് രൂപാ ചിലവഴിക്കുമ്പോഴാണ് ഇടതുമുന്നണിയെ അധികാരത്തിലെത്തിച്ച പാവപ്പെട്ട കശുവണ്ടി തൊഴിലാളികളെ ഓണക്കാലത്ത് പട്ടിണിക്കിടുന്നതെന്ന് കെ. മുരളീധരന്‍ എം.എല്‍..എ ആരോപിച്ചു.

ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷിന്റെ നേതൃത്വത്തില്‍ കൊല്ലം ചിന്നക്കട ഹെഡ്‌പോസ്റ്റോഫീസിന് മുന്നില്‍ ആരംഭിച്ച രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കു കയായിരുന്നു അദ്ദേഹം. ഡിസിസി വൈസ് പ്രസിഡന്റ്‌വിപിന ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതില്‍ ഇടതുമുന്നണി സര്‍ക്കാര്‍ സമ്പൂര്‍ണമായി പരാജയപ്പെട്ടു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കി വന്ന എല്ലാ കാരുണ്യ- ക്ഷേമ പ്രവര്‍ത്തനങ്ങളും നിര്‍ത്തലാക്കിയ സര്‍ക്കാരാണിത്.

നാളെ രാവിലെ 10 മണിക്കാണ് രാപ്പകല്‍ സമരം സമാപിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ജില്ലയിലെ 11 മണ്ഡലങ്ങളിലും മൃഗീയ ഭൂരിപക്ഷം നേടാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞത് കശുവണ്ടി തൊഴിലാളികളുടെ യുഡിഎഫിനോടുള്ള പ്രതിഷേധമായിരുന്നു. ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍ പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ 10 ദിവസത്തിനകം തുറന്ന് തൊഴിലാളികള്‍ക്ക് ജോലിനല്‍കുമെന്ന എല്‍ഡിഎഫ് നേതാക്കളുടെ തെരെഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനങ്ങള്‍ അതേപടി വിശ്വസിച്ച തൊഴിലാളികള്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കുകയാണ് ചെയ്തത്. രാപ്പകല്‍ സമരത്തോടെ ഫാക്ടറികള്‍ തുറക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തീരുമാനിച്ചില്ലെങ്കില്‍ ഫാക്ടറികള്‍ക്ക് മുന്നില്‍ അനിശ്ചിതകാല റിലേ സത്യാഗ്രഹം ആരംഭിക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

ഡിസിസി ജനറല്‍ സെക്രട്ടറി കെ.ആര്‍.വി.സഹജന്‍, കെപിസിസി വൈസ് പ്രസിഡന്റ് ഭാരതീപുരം ശശി, കെപിസിസി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന്‍, കെപിസിസി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ആര്‍എസ്പി സംസ്ഥാന സെക്രട്ടറി മുന്‍ എംഎല്‍എ എ.എ. അസീസ,് ഐഎന്‍റ്റിയുസി ജില്ലാ പ്രസിഡന്റ് എന്‍. അഴകേശന്‍, മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷ അഡ്വ. ബിന്ദു കൃഷ്ണ, മുന്‍ ഡിസിസി പ്രസിഡന്റ് കെ.സി. രാജന്‍, വി. സത്യശീലന്‍, കെ.പി.സി.സി സെക്രട്ടറിമാരായ ജി. രതികുമാര്‍, എം.എം. നസീര്‍, കെ. കരുണാകരന്‍ പിള്ള, ചാമക്കാല ജ്യോതികുമാര്‍, പുനലൂര്‍ മധു, അഡ്വ. എ. ഷാനവാസ് ഖാന്‍, പ്രൊഫ. ഇ. മേരിദാസന്‍, കെ. സുരേഷ് ബാബു, അഡ്വ. പി.ജര്‍മിയാസ്, സൂരജ് രവി, കെ.ജി.രവി, ചിറ്റുമൂല നാസര്‍, കൃഷ്ണന്‍ കുട്ടി നായര്‍, എന്നിവര്‍ പ്രസംഗിച്ചു.

Related posts