സീമ മോഹന്‍ലാല്‍
കൂട്ടുകെട്ടുകളുടെ കാലമാണ് കൗമാരം. കൗമാരപ്രായത്തില്‍ അബദ്ധങ്ങള്‍ പറ്റുന്നത് സ്വാഭാവികമാണ്. ഒരു ചിരിയില്‍ തുടങ്ങുന്ന ദുരന്തത്തിന്റെ തീവ്രത മനസിലാക്കാന്‍ പെണ്‍കുട്ടികള്‍ പലപ്പോഴും വൈകിപ്പോകുന്നുവെന്നു മാത്രം.
പ്രശസ്ത മനഃശാസ്ത്രജ്ഞനായ ഡോ.സി.ജെ. ജോണിന്റെ കേസ് ഡയറിയിലെ ഒരു അനുഭവം വായിക്കാം. എട്ടാം ക്ലാസുകാരിയായ മകളെയും കൂട്ടി വളരെ ദുഃഖത്തോടെയാണ് മാതാപിതാക്കള്‍ മനഃശാസ്ത്രജ്ഞന്റെ അടുത്തെത്തിയത്. നിഷ്കളങ്കമായ മുഖത്തോടുകൂടിയ ഒരു കൊച്ചു സുന്ദരി. പഠിക്കാന്‍ മിടുക്കിയായിരുന്നു അവള്‍. നഗരത്തിലെ പ്രമുഖ സ്കൂളില്‍ തന്നെയാണ് ബാങ്കുദ്യോഗസ്ഥരായ മാതാപിതാക്കള്‍ മകളെ പഠിക്കാന്‍ ചേര്‍ത്തിരുന്നതും. അവളുടെ പ്രശ്‌നം വിചിത്രമായിരുന്നു. രാത്രിയായാല്‍ സമനില തെറ്റിയതുപോലെ പെരുമാറുന്നു. പേടിയാകുന്നുവെന്നു പറഞ്ഞ് ഉറക്കെ കരയും. ഉറങ്ങണമെങ്കില്‍ ആരെങ്കിലും കൂടെ വേണം. ആരെയോ ഭയപ്പെടുന്നതുപോലെ. പത്തുപതിനഞ്ചു മിനിറ്റ് നേരത്തെ ബഹളം കഴിഞ്ഞാല്‍ ശാന്തമാകും. പഴയപോലെ പ്രസരിപ്പും കളിചിരികളുമില്ല. എപ്പോഴും എന്തോ ആലോചിച്ചിരിക്കുന്നതുപോലെ. പഠനത്തിലാണെങ്കില്‍ മാര്‍ക്ക് തീരെ കുറഞ്ഞു. എപ്പോഴും കളിചിരികളുമായി നടന്നിരുന്ന മകള്‍ക്ക് എന്തുപറ്റിയെന്നറിയാതെ വിഷമത്തിലായിരുന്നു ആ മാതാപിതാക്കള്‍.
പേടിക്കാന്‍ മാത്രമായി എന്തെങ്കിലുമുണ്ടോയെന്ന ഡോക്ടറുടെ ചോദ്യത്തിനുമുന്നില്‍ ആ കുട്ടിയൊന്നു സംശയിച്ചു. അവളെ കുറ്റപ്പെടുത്തുന്നില്ലെന്നു മനസിലായതോടെ മനസിലെ ആധിയുടെ ഭാണ്ഡക്കെട്ട് അവള്‍ ഡോക്ടര്‍ക്കുമുന്നില്‍ അഴിച്ചുവച്ചു. ജീവിതത്തിരക്കുകള്‍ക്കിടയില്‍ മകളോട് സ്‌നേഹത്തോടെ ഒരു വാക്കുപോലും പറയാന്‍ സമയമില്ലാത്ത മാതാപിതാക്കള്‍. എപ്പോഴും പഠനത്തെക്കുറിച്ചുള്ള വേവലാതിയും കുറ്റപ്പെടുത്തലുമാണവര്‍ക്ക്. അങ്ങനെയിരിക്കെയാണ് സ്കൂളിനടുത്തുവെച്ച് ആ ചെറുപ്പക്കാരനെ കണ്ടുമുട്ടുന്നത്.
ഒരു ചെറുചിരിയില്‍ തുടങ്ങി ആ സൗഹൃദം. പിന്നീട് അവന്‍ മധുരമായി സംസാരിച്ചുതുടങ്ങി. അതങ്ങനെ തുടര്‍ന്നു. ഒരു ദിവസം “കുടക്കീഴില്‍’ കണ്ടുമുട്ടിയപ്പോള്‍ തലോടാനും സ്പര്‍ശിക്കാനും തുടങ്ങി… അവള്‍ക്ക് സ്‌നേഹസമ്മാനമായി ഒരു മൊബൈല്‍ഫോണ്‍ വച്ചുനീട്ടി. പക്ഷേ ആ ഫോണ്‍ വാങ്ങാന്‍ പെണ്‍കുട്ടി തയാറായില്ല. അതോടെ ചെറുപ്പക്കാരന്റെ മട്ടുമാറി. മൊബൈലില്‍ അവളുടെ ഫോട്ടോകള്‍ ഉണ്ടെന്നും പറയുന്നത് അനുസരിച്ചില്ലെങ്കില്‍ അത് എല്ലാവരെയും കാണിക്കുമെന്നുമുള്ള ഭീഷണിയായി. രാത്രി വീട്ടില്‍ വരുമ്പോള്‍ വാതില്‍ തുറന്നു കൊടുക്കണമെന്നായിരുന്നു അവന്റെ ആവശ്യം. ആ കുട്ടിയുടെ ഭീതിയുടെ കാരണവും അതുതന്നെയായിരുന്നു. അയാള്‍ രാത്രി വീട്ടിലേക്കു വന്നാലോ എന്ന് അവള്‍ ഭയപ്പെട്ടു. അതോടെ അവളുടെ ഉറക്കം നഷ്ടപ്പെട്ടു. അയാളുടെ സ്വഭാവം ശരിയല്ലെന്നും ആ ഇഷ്ടം വേണ്ടെന്നും തീരുമാനിച്ചെങ്കിലും അതു വീട്ടില്‍ പറയാന്‍ പേടിയായിരുന്നു. കൗണ്‍സലിംഗിലൂടെ അതെല്ലാം തുറന്നു പറയാനുള്ള സാഹചര്യം ഉണ്ടായപ്പോള്‍ ആ കുട്ടിയുടെ പേടി മാറി. അവളിന്ന് പഴയ മിടുക്കിയായി തിരിച്ചെത്തിയിരിക്കുന്നു.
ഏത് അവസ്ഥയിലും അച്ഛനമ്മമാര്‍ കുറ്റപ്പെടുത്താതെ കൂടെ നില്‍ക്കുമെന്ന വിശ്വാസമാണ് ചതിയില്‍പ്പെടുന്ന കുട്ടികളുടെ ആത്മബലം. മക്കളോടൊത്ത് അല്‍പസമയം ചെലവഴിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കാനും സമയമുണ്ടായാല്‍ സ്വന്തം മക്കള്‍ ഇത്തരം ചതിയില്‍ ചെന്നു ചാടില്ലെന്ന് മാതാപിതാക്കള്‍ ഓര്‍ക്കണം.
പതിനാറുകാരിയുടെ ഒളിച്ചോട്ടം
രാവിലെ സ്കൂള്‍ യൂണിഫോമില്‍ പള്ളിക്കൂടത്തിലേക്കു പോയതാണ് പ്ലസ് വണ്‍കാരിയായ മകള്‍. വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തുന്ന സമയം കഴിഞ്ഞിട്ടും അവള്‍ വന്നില്ല. സ്കൂളിലും കൂട്ടുകാരികളുടെ വീട്ടിലുമൊക്കെ ഓട്ടോഡ്രൈവറായ ആ അച്ഛന്‍ അന്വേഷിച്ചു. അവളുടെ അടുത്ത കൂട്ടുകാരിയില്‍ നിന്നാണ് അക്കാര്യം അവര്‍ അറിഞ്ഞത്. പെണ്‍കുട്ടിയെ കാണാന്‍ സ്കൂളില്‍ എന്നും ഒരു ചേട്ടന്‍ വരുമായിരുന്നുവെന്ന്. മറൈന്‍ഡ്രൈവിലും ഷോപ്പിംഗ് മാളിലുമൊക്കെ ആ ചേട്ടനൊപ്പം അവള്‍ പോകുമായിരുന്നുവെന്ന വാര്‍ത്ത നടുക്കത്തോടെയാണ് ആ മാതാപിതാക്കള്‍ കേട്ടത്.
അവളുടെ കൂട്ടുകാരിയുടെ ബോയ്ഫ്രണ്ടിന്റെ സുഹൃത്തായിരുന്നു ആ 20കാരന്‍. അന്ന് സ്കൂളിലേക്കുള്ള പോക്ക് കാമുകനൊപ്പമായിരുന്നു. ഒട്ടും യോജിക്കാത്ത കുടുംബസാഹചര്യത്തിലുള്ള ആളായിരുന്നു അയാള്‍. മകളെ ബലം പ്രയോഗിച്ച് വീട്ടിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും അത് നടക്കാതെ വന്നപ്പോഴാണ് മാതാപിതാക്കള്‍ പോലീസ് സഹായം തേടിയത്. പോലീസ് സ്റ്റേഷനില്‍ വച്ച് അവള്‍ മാതാപിതാക്കളെ വേണ്ടെന്നും കാമുകനൊപ്പം പോയാല്‍ മതിയെന്നും പറഞ്ഞു. ഇരുവര്‍ക്കും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. വീട്ടിലെത്തിയതുമുതല്‍ അവള്‍ വീട്ടുകാരോട് വഴക്കു തുടങ്ങിയതോടെയാണ് മാനസികവിദഗ്ധന്റെ സഹായം തേടിയത്.
കൗമാരത്തില്‍ പ്രണയഭാവങ്ങള്‍ സ്വാഭാവികമാണ്. വീട്ടില്‍ സ്‌നേഹം കിട്ടാത്തതുകൊണ്ട് കാമുകനൊപ്പം പോയിയെന്ന് പല പെണ്‍കുട്ടികളും പറഞ്ഞു കേള്‍ക്കാറുണ്ട്. വീട്ടില്‍ സ്‌നേഹക്കുറവ് ഉണ്ടാകാം. ഒരുപക്ഷേ പ്രണയതീവ്രത കൊണ്ടുള്ള തെറ്റായ വ്യാഖ്യാനവുമാകാം ഇതെന്നാണ് മനഃശാസ്ത്ര വിദഗ്ധര്‍ പറയുന്നത്. ഇത്തരം ഒളിച്ചോട്ടങ്ങളും സെക്‌സിന്റെ പരീക്ഷണങ്ങളും കൊണ്ടെത്തിക്കുന്ന ദുരന്തങ്ങള്‍ പെണ്‍കുട്ടികള്‍ മനഃപൂര്‍വം മറക്കുന്നു.
കാമുകനൊപ്പം ഒളിച്ചോടിയ കേസുകളില്‍ പെണ്‍കുട്ടിയെ കാമുകന്‍തന്നെ കൂട്ടുകാര്‍ക്ക് കാഴ്ചവയ്ക്കുന്നതും പെണ്‍വാണിഭസംഘങ്ങളുടെ കൈയില്‍പ്പെടുന്നതുമൊക്കെ ഇന്ന് നിത്യസംഭവങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.
ലൗ; ജസ്റ്റ് ടൈം പാസ്
മറൈന്‍ഡ്രൈവ് വാക്ക് വേയിലൂടെ നടന്നപ്പോള്‍ രണ്ടു പെണ്‍കുട്ടികള്‍ കായല്‍കാറ്റേറ്റ് ഇരിക്കുന്നതു കണ്ടു. മറ്റു പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ലല്ലോയെന്നോര്‍ത്ത് അവര്‍ക്ക് അരുകിലായി ഞാനും ഇരുന്നു. ആദ്യ ചിരിയില്‍ തന്നെ അവര്‍ കമ്പനിയായി. നഗരത്തിലെ ഒരു കോളജില്‍ ഡിഗ്രി വിദ്യാര്‍ഥിനികളാണ് ഇരുവരും. ഒരേ ഹോസ്റ്റലിലെ താമസക്കാര്‍. പത്രക്കാരിയാണെന്ന് അറിയിക്കാതെ ഞാന്‍ അവരുമായി വിശേഷങ്ങള്‍ പങ്കുവച്ചു. മിക്ക ദിവസങ്ങളിലും വൈകുന്നേരങ്ങളില്‍ അവര്‍ ഇവിടെ വന്ന് ഇരിക്കാറുണ്ട്. ഇപ്പോള്‍ ആരെയോ പ്രതീക്ഷിച്ചിരിക്കുകയാണല്ലോയെന്ന ചോദ്യത്തിന് മടിച്ചിട്ടാണെങ്കിലും അവര്‍ പറഞ്ഞു- “ചേച്ചിയും ആരെയോ വെയ്റ്റ് ചെയ്യുകയല്ലേ. കള്ളം പറയണ്ട. ഞങ്ങളുടെ ബോയ്ഫ്രണ്ട്‌സ് വരും. ഇവളുടെ ആളുടെ ഫ്രണ്ടാണ് എന്റെ ലൈന്‍’- കൂട്ടത്തില്‍ ജീന്‍സിട്ട പെണ്‍കുട്ടി യാതൊരു കൂസലുമില്ലാതെ പറഞ്ഞു.
പരീക്ഷ അടുത്ത സമയത്ത് ഇങ്ങനെ കറങ്ങി നടന്ന് സമയം കളഞ്ഞാല്‍ ശരിയാകുമോ എന്നു ചോദിച്ചോള്‍ ഇതൊക്കെ ഒരു ടൈം പാസ് അല്ലേ? വാട്‌സ്ആപ്പില്‍ മെസേജ് അയച്ചാല്‍ കിട്ടുന്ന സുഖമല്ല നേരില്‍ കണ്ടാല്‍ എന്നുള്ള മറുപടി ഉടനെത്തി. പിന്നെ ഞങ്ങളുടെ സംസാരം പ്രണയത്തെക്കുറിച്ചായി. ഇന്നത്തെ പ്രണയത്തിനു പണ്ടത്തെപ്പോലെ പവിത്രതയില്ലെന്നു ഞാന്‍ പറഞ്ഞപ്പോള്‍ അവരുടെ ഉത്തരം ഞെട്ടിക്കുന്നതായിരുന്നു. “ആര്‍ക്കാണ് പ്രണയം. ജസ്റ്റ് ടൈം പാസ്. അതാണ് ലൗവിന്റെ ന്യൂജന്‍ ഡഫനിഷന്‍. തൊട്ടുതലോടി ഇരിക്കാം, മറ്റു പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ല. മോഡേണ്‍ ആണ് ഇന്നത്തെ പെണ്‍കുട്ടികള്‍, ആ പേടിയൊന്നും വേണ്ട. ആരും ഒരാളെ ഏറെക്കാലമൊന്നും പ്രേമിക്കില്ല ചേച്ചി. ഹൈ സെറ്റപ്പ് കിട്ടിയാല്‍ ഇയാളോടു ബൈ പറയും. ഇന്ന് എല്ലാ പെണ്‍കുട്ടികള്‍ക്കും ബോയ്ഫ്രണ്ട്‌സ് ഉണ്ട്. ലൈഫ് എന്‍ജോയ് ചെയ്യാന്‍ ഇപ്പോഴല്ലേ പറ്റൂ…’ ആ ഗാല്‍സിന്റെ ന്യൂജെന്‍ മറുപടിയില്‍ ഏറെ നേരം എനിക്കവിടെ ഇരിക്കാന്‍ തോന്നിയില്ല. അതിനിടയില്‍ അവരുടെ ബോയ്ഫ്രണ്ട്‌സും വന്നു. നഗരത്തിലെ മറ്റൊരു കോളജിലെ വിദ്യാര്‍ഥികളാണ് അവര്‍. എന്നോടു യാത്ര പറഞ്ഞ് കൈകോര്‍ത്തു പിടിച്ച് അവര്‍ അംബ്രലാ പോയിന്റിന്റെ വടക്കേ മൂലയിലേക്ക് നടന്നു.
(നാളെ- അംബ്രലാ പോയിന്റില്‍ ഗയ്‌സും ഭയക്കണം)