സ്വന്തം ലേഖകന്‍
തൃശൂര്‍: എംജി റോഡ് വികസനത്തിനു സംസ്ഥാന സര്‍ക്കാര്‍ നാലു കോടി രൂപ അനുവദിച്ചതായി മന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചിട്ടുണ്ടെന്നും റെയില്‍വേ മേല്‍പ്പാലം വീതികൂട്ടാനുള്ള തുക നല്‍കാന്‍ പത്മശ്രീ സി.കെ. മേനോന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി അറിയിച്ചു.സൗജന്യമായി ഭൂമി വിട്ടുകൊടുക്കാന്‍ തയാറാകുന്ന ഉടമകള്‍ക്കു കെട്ടിടനിര്‍മാണത്തിനു നല്‌കേണ്ട ഇളവുകള്‍ സംബന്ധിച്ച കരട് നഗരാസൂത്രണവിഭാഗം തയാറാക്കിയിരുന്നു.
മേയര്‍ അജിത ജയരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റോഡ് വികസന സബ്കമ്മിറ്റി യോഗം പാക്കേജ് ചര്‍ച്ച ചെയ്തു. ഡിടിപി സ്കീമുകള്‍ക്കു വധേയമായി നടുവിലാല്‍ മുതല്‍ പാറയില്‍ ജംഗ്ഷന്‍ വരെ 21 മീറ്റര്‍ വീതിയിലും തുടര്‍ന്നു പടിഞ്ഞാറെ കോട്ടവരെ 25 മീറ്റര്‍ വീതിയിലുമാണു റോഡ് വികസിപ്പിക്കുക.
നിലവില്‍ അനുവദനീയമായ പാക്കേജിനു പുറമെ ബില്‍ഡിംഗ് ലെയിന്‍ സര്‍ക്കാര്‍ അനുമതിയോടെ രണ്ടു മീറ്ററായി കുറയ്ക്കാമെന്നാണ് തൃശൂര്‍ കോര്‍പറേഷന്‍ പുതുതായി തയാറാക്കിയ പാക്കേജ് നിര്‍ദേശം.
ഭൂവുടമകളുമായി ഒറ്റക്കൊറ്റയ്ക്കു ചര്‍ച്ച നടത്തിയശേഷം ഓരോരുത്തരുടേയും ആവശ്യങ്ങള്‍ കൂടി പരിഗണിച്ചുള്ള പാക്കേജിനു രൂപം നല്‍കാനും സര്‍ക്കാര്‍ അംഗീകാരം തേടാനും യോഗം തീരുമാനിച്ചു.
ഇന്നലെ യോഗത്തില്‍ അവതരിപ്പിച്ച കണക്കനുസരിച്ച് 133.8 സെന്റ് സ്ഥലം മാത്രമാണ് ഇനി ആവശ്യമുള്ളത്. ഉടമകളും വാടകക്കാരും അടക്കം 198 പേരാണ് വികസനവുമായി ബന്ധപ്പെട്ടുള്ളത്. പുനരധിവാസം 12 പേര്‍ക്കേ ആവശ്യമുള്ളൂവെന്നു ഡപ്യൂട്ടി മേയര്‍ വ്യക്തമാക്കി. ആരേയും വഴിയാധാരമാക്കില്ല.
എല്ലാവര്‍ക്കും പുനരധിവാസം നല്‍കും. ഉടമകളുടെ ആവശ്യങ്ങളും പരമാവധി പരിഗണിക്കും. കൊച്ചിയിലും തിരുവനന്തപുരത്തും റോഡ് വികസനത്തില്‍ നല്കിയ പാക്കേജും പരിശോധിക്കുമെന്നു വര്‍ഗീസ് കണ്ടംകുളത്തി വ്യക്തമാക്കി. റോഡ് വികസന പ്രവൃത്തികള്‍ ഒക്‌ടോബര്‍ ഒന്നിനു തുടങ്ങിവയ്ക്കാനാണു ധാരണ. ഓരോ ഉടമയും വിട്ടുനല്‌കേണ്ട സ്ഥലം സര്‍വേ നടത്തി അടയാളപ്പെടുത്തുന്നതോടെ നിര്‍മാണത്തിനു തുടക്കമാകും.