എംഫില്‍ പ്രവേശനം: വിദ്യാര്‍ഥികളോട് വിവേചനം കാട്ടി കേരള സര്‍വകലാശാല

kerala-universityസ്വന്തം ലേഖകന്‍
തിരുവനന്തപുരം: എംഫില്‍ പ്രവേശനത്തില്‍ ഒരു വിഭാഗം വിദ്യാര്‍ഥികളോട് വിവേചനപരമായ നിലപാടുമായി കേരള സര്‍വകലാശാല. പണമടച്ച് രജിസ്റ്റര്‍ ചെയ്ത്, എംഫില്‍ പ്രവേശന പരീക്ഷ എഴുതി റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ച ഒരു പറ്റം വിദ്യാര്‍ഥികളോടാണ് സര്‍വകലാശാല തികഞ്ഞ അവഗണനയോടെ പെരുമാറുന്നത്. സര്‍വകലാശാലയിലെ ടീച്ചിംഗ് ഡിപ്പാര്‍ട്ട്‌മെന്റുകളിലെയും റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റുകളിലെയും യൂണിവേഴ്‌സിറ്റി കോളജിലെയും എംഫില്‍ പ്രവേശന നടപടികളില്‍ നിന്നും പെര്‍ഫോമിംഗ് ആന്‍ഡ് വിഷ്വല്‍ ആര്‍ട്‌സ്, ലിംഗ്വിസ്റ്റിക്‌സ് തുടങ്ങിയ ഡിപ്പാര്‍ട്ടുമെന്റുകളിലേക്ക് പ്രവേശനത്തിനായി കാത്തിരിക്കുന്ന വിദ്യാര്‍ഥികളെ മാറ്റി നിര്‍ത്തിക്കൊണ്ട് സര്‍വകലാശാല ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ ആരംഭിച്ചു.

2016 ജൂലൈയിലെ യുജിസി റഗുലേഷന്‍ നടപ്പിലാക്കിയതിനെ തുടര്‍ന്ന് റെഗുലര്‍ അധ്യാപകരില്ലാത്ത ഇവിടങ്ങളില്‍ പ്രവേശനം പ്രതിസന്ധിയിലായിരിക്കുന്നതിനിടയിലാണ്, ഇവരെ മാത്രം മാറ്റി നിര്‍ത്തിക്കൊണ്ട് മറ്റു ഡിപ്പാര്‍ട്ട്‌മെന്റുകളിലെ പ്രവേശന നടപടികളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്. ഇന്നു മുതല്‍ മറ്റു ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ പ്രവേശനത്തിനായുള്ള ഇന്റര്‍വ്യൂ തുടങ്ങും. 26 വരെയാണ് വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ഇന്റര്‍വ്യൂ നടക്കുന്നത്. എന്നാല്‍ ഇതേ വിദ്യാര്‍ഥികളോടൊപ്പം എംഫില്‍ പ്രവേശന പരീക്ഷ എഴുതുകയും റാങ്ക്‌ലിസ്റ്റില്‍ ഇടംപിടിക്കുകയും പഠനത്തിനായി കാത്തിരിക്കുന്ന വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സര്‍വകലാശാല ഇതുവരെ യാതൊരു നിലപാടും സ്വീകരിച്ചിട്ടില്ല. ജനറല്‍ വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ 500 ഉം പട്ടിക വിഭാഗക്കാര്‍ 250 രൂപയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്താണ് പ്രവേശന പരീക്ഷ എഴുതിയത്.

കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ നിന്നും പോലും യാത്ര ചെയ്ത് തലസ്ഥാനത്തെത്തി പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുണ്ട് ഇക്കൂട്ടത്തില്‍. ഒടുവില്‍ റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ചപ്പോള്‍ കേരള സര്‍വകലാശാലയില്‍ തന്നെ പഠിക്കുന്നതിനായി കാത്തിരുന്ന വിദ്യാര്‍ഥികളാണ് ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്. അഡ്മിഷന്‍ കിട്ടാതിരുന്നാല്‍ ഒരു അക്കാദമിക് വര്‍ഷമാണ് ഇവര്‍ക്കു നഷ്ടപ്പെടുക. അതിനാല്‍ തന്നെ സര്‍വകലാശാലയുടെ നടപടിക്കെതിരേ കോടതിയെ സമീപിക്കാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. സര്‍വകലാശാലയുടെ വിവേചനപരമായ നിലപാടിനെതിരായി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കു നിവേദനം നല്‍കുമെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. അതേസമയം ഇവരുടെ പ്രവേശനകാര്യത്തില്‍ സര്‍വകലാശാല ഉടന്‍ തീരുമാനമെടുക്കുമെന്ന് പ്രൊ വിസി ഡോ. എന്‍. വീരമണികണ്ഠന്‍ അറിയിച്ചു.

എന്നാല്‍ യുജിസിയുടെ പുതിയ റഗുലേഷന്‍ തിരക്കിട്ട് സര്‍വകലാശാലയില്‍ നടപ്പിലാക്കിയതാണ് ഒരു കൂട്ടം വിദ്യാര്‍ഥികളെ പെരുവഴിയിലാക്കിയതെന്ന ആരോപണവും ശക്തമാണ്. പുതിയ റഗുലേഷന്റെ അടിസ്ഥാനത്തില്‍ റെഗുലര്‍ അധ്യാപകരില്ലാത്ത ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ എംഫില്‍ പ്രവേശനം നടത്താന്‍ കഴിയില്ല. 2016-17 വര്‍ഷത്തെ എംഫില്‍ പ്രവേശനത്തിനായി സര്‍വകലാശാല അപേക്ഷ ക്ഷണിച്ചത് മാര്‍ച്ചിലാണ്. പ്രവേശന പരീക്ഷ നടത്തിയത് മെയ് മാസത്തിലും. ഇതിനു ശേഷം ജൂലൈയിലാണ് യുജിസിയുടെ പുതിയ റഗുലേഷന്‍ വരുന്നത്.

അതിനാല്‍ തന്നെ യുജിസിയുടെ പഴയ മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രവേശന പരീക്ഷ നടത്തുകയും റാങ്ക് ലിസ്റ്റ് തയാറാക്കിയതിനു ശേഷം പുതിയ റെഗുലേഷന്‍ നടപ്പിലാക്കുകയും, റെഗുലര്‍ അധ്യാപകരില്ലാത്ത ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ പ്രവേശനത്തിന് അര്‍ഹത നേടിയവരെ ഗെറ്റൗട്ട് അടിക്കുകയുമാണ് സര്‍വകലാശാല ചെയ്തിരിക്കുന്നതെന്നുമാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. ഗവേഷണ മേഖലയെ തകര്‍ക്കുന്ന 2016 റെഗുലേഷന്‍ നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി പ്രസ്ഥാനങ്ങളടക്കമുള്ളവര്‍ പ്രതിഷേധത്തിലാണ്. മതിയായ കൂടിയാലോചനകള്‍ നടത്താതെ റെഗുലേഷന്‍ നടപ്പിലാക്കിയതിനു പിന്നില്‍ വിസി ഡോ. പി. കെ രാധാകൃഷ്ണന്റെ ഏകപക്ഷീയമായ താല്‍പര്യം മാത്രമാണുള്ളതെന്നും വിദ്യാര്‍ഥി സംഘടനകള്‍ ആരോപിച്ചിരുന്നു.

Related posts