തൃശൂര്‍: പട്ടിണി കിടന്നു മരിക്കേണ്ടി വന്നാലും ജീവിതം ഹോമിക്കേണ്ടി വന്നാലും ചേട്ടന്റെ മരണത്തിനു പിന്നിലെ യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരുമെന്നു കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍. തന്റെ ചേട്ടന്റെ മരണം ആത്മഹത്യയാക്കി തീര്‍ക്കാനാണു ശ്രമമെങ്കില്‍ വിട്ടുകൊടുക്കില്ല. തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വേലൂര്‍ പുനര്‍ജ്ജനി ജീവജ്വാല കലാസമിതി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
സുഹൃത്തുക്കളുടെ കാന്തികവലയത്തിലായിരുന്നു ചേട്ടന്‍. വീട്ടിലേയ്ക്കുവിടാന്‍പോലും സുഹൃത്തുക്കള്‍ തയാറായിരുന്നില്ല. അവസാന കാലത്ത് കൂട്ടുകാരില്‍നിന്നു വിട്ടുപോരണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. ഒരു മിഠായിക്കുപോലും വഴക്കിടാത്ത സഹോദരങ്ങളായിരുന്നു തങ്ങള്‍. എന്നാല്‍ സുഹൃത്തുക്കളുടെ കാര്യം പറഞ്ഞു പലപ്പോഴും വഴിക്കിട്ടിട്ടുണ്ട്. എങ്കിലും മൂന്നുമാസം മുമ്പു ധ്യാനത്തില്‍ പങ്കെടുക്കാനായി അദ്ദേഹത്തെ വിളിച്ചപ്പോള്‍ വരാന്‍ തയാറായിരുന്നു. എന്റെ ചേട്ടനെ കൊന്നതു ഞാനും എന്റെ ജ്യേഷ്ഠത്തിയമ്മയുടെ അച്ഛനുമാണെന്ന തരത്തിലാണിപ്പോള്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ചേട്ടന്റെ തണലില്‍ മാത്രം ജീവിച്ച സാധാരണ വീട്ടമ്മയാണ് അവര്‍. ഇത്തരത്തില്‍ ദുഷ്പ്രചാരണം നടത്തുന്നതു ചേട്ടന്റെ ആത്മാവുപോലും പൊറുക്കില്ല.
ഞങ്ങളുടെ വീടിനുമുന്നില്‍ മാധ്യമവേട്ടയാണു നടക്കുന്നത്. ഊഹാപോഹങ്ങള്‍ അടിച്ചുവിടുകയാണ്. പത്ര-ദൃശ്യ-സോഷ്യല്‍ മാധ്യമങ്ങള്‍ തന്റെ ചേട്ടനെ വര്‍ഷങ്ങളായി വേട്ടയാടുകയാണ്. അര്‍ബുദമാണെന്നും ഏയ്ഡ്‌സ് ആണെന്നും പ്രചരിപ്പിച്ചു. ഒരു വര്‍ഷമായി മെഡിക്കല്‍ പരിശോധനകള്‍ക്കുപോലും പോകാന്‍ പേടിയായിരുന്നു. മാധ്യമ ചര്‍ച്ചകളില്‍നിന്നും മനഃപൂര്‍വം അകലം പാലിക്കുകയാണു ഞങ്ങളുടെ കുടുംബം. എന്റെ ചേട്ടന്റെ സിനിമകള്‍ക്കു സാറ്റലൈറ്റ് നല്‍കാത്ത ചാനലുകള്‍ ഇപ്പോള്‍ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ലൈവ് ഷോ ആക്കിയാണു റേറ്റിംഗ് ഉണ്ടാക്കുന്നത്. ഇത്തരം കുപ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസാരത്തിനിടെ പലപ്പോഴും കരച്ചിലടക്കാന്‍ മണിയുടെ രാമകൃഷ്ണന്‍ പാടുപെട്ടു.
പഠിച്ചു സംഗീതജ്ഞനാകാന്‍ കഴിയാതെ പോയ സഹോദരനു താന്‍ സമര്‍പ്പിച്ച ബിരുദ സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ചോര്‍ത്തായിരുന്നു ആര്‍.എല്‍. വി രാമകൃഷ്ണന്‍ വികാരാധീനനായത്. യു.ജി.സി നെറ്റ് പാസായശേഷം ചേട്ടനു മധുരം നല്‍കിയതും പി.എച്ച്.ഡി പൂര്‍ത്തിയാക്കിയശേഷം താനും സഹോദരനും കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ഫോട്ടോ പത്രത്തില്‍ വരുന്നതു സ്വപ്‌നം കണ്ടതിനെക്കുറിച്ചെല്ലാം ഓര്‍മിച്ചും രാമകൃഷ്ണന്‍ വിതുമ്പി. സദസും വേദിയും നിമിഷനേരങ്ങളില്‍ പലവട്ടം നിശബ്ദമായി. ചേട്ടന്‍ തുടങ്ങിവച്ച പലതും തുടരുകയാണു താനിപ്പോള്‍. പത്തനംതിട്ടയിലെ ഓട്ടിസം ബാധിച്ച ഒരു കുട്ടിയെ പാഡിയില്‍ തന്റെ കട്ടിലില്‍ കിടത്തി പാടിയുറക്കുന്നതു പലപ്പോഴും കണ്ടിട്ടുണ്ട്. ഇപ്പോള്‍ ആ കുട്ടിക്കായി പലപ്പോഴും ചേട്ടന്റെ സ്വരത്തില്‍ പാടുകയാണു താനെന്നും രാമകൃഷ്ണന്‍ കരച്ചിലോടെ പറഞ്ഞുനിര്‍ത്തി.
വരേണ്യവര്‍ഗം സിനിമയിലുണ്ടെന്നു കലാഭവന്‍ മണിയുടെ അനുഭവങ്ങള്‍ തന്നെ ഓര്‍മിപ്പിക്കുന്നുവെന്നു സംവിധായകന്‍ വിനയന്‍ പറഞ്ഞു. വന്ന വഴി മറക്കുന്ന മനുഷ്യര്‍ക്കിടയില്‍ വ്യത്യസ്തനായിരുന്നു മണി. അദ്ദേഹം ദുര്‍ബലനല്ലായിരുന്നു എന്നു പറയുന്നവരുണ്ട്. എന്നാല്‍ കലാഭവന്‍ മണി ദുര്‍ബലനായിരുന്നുവെന്ന് അദ്ദേഹത്തെ അടുത്തറിഞ്ഞവര്‍ക്കറിയാം. നാലോ അഞ്ചോ പേര്‍ വിചാരിച്ചാല്‍ വളയ്ക്കാന്‍ പറ്റുന്ന മനസായിരുന്നു. ആര്‍ക്കും പറഞ്ഞു പറ്റിക്കാവുന്നവന്‍.
ആകാശത്തോളം പൊങ്ങിനില്‍ക്കുമ്പോഴും ആരെങ്കിലും മുഖത്തുനോക്കി എന്തെങ്കിലും പറഞ്ഞാല്‍ തളരും. സുഹൃത്തുകള്‍ക്കുവേണ്ടി നിന്നപ്പോള്‍ തെറ്റുപറ്റിയ മനുഷ്യനായിരുന്നു മണി. ജീവിതത്തിന്റെ എല്ലാ ദുഃഖങ്ങളും പേറിവന്ന ചെറുപ്പക്കാരനോടു നീതി കാണിക്കാന്‍ നമുക്കായില്ല. ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിക്കും മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നല്‍കിയപ്പോള്‍ ജൂറി പറഞ്ഞ ന്യായം ചെറുപ്പക്കാര്‍ വളര്‍ന്നുവരട്ടെ എന്നായിരുന്നു. എന്നാല്‍ 27-ാം വയസില്‍ മണി ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ അന്ധഗായകനുള്ള അവാര്‍ഡ് നിര്‍ണയത്തിന് ഈ ന്യായം കണ്ടില്ല.