കളമശേരി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ അഞ്ച് നഴ്സുമാര്‍ക്ക് മാത്രമായി രാത്രികാല ഡൂട്ടി ഒഴിവാക്കി നല്‍കുന്നതിനെതിരെ ഒരു വിഭാഗം നഴ്സുമാര്‍ കോടതിയെ സമീപിക്കുന്നു. നഴ്സുമാര്‍ക്ക് രാത്രി ജോലി ഒഴിവാക്കുന്നതിന്‍െറ മാനദണ്ഡങ്ങള്‍ തീരുമാനിക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഒമ്പത് പേര്‍ക്കും പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് അഞ്ചു പേര്‍ക്കുമായി പരിമിതപ്പെടുത്തി നല്കിയ ഇളവാണ് ഇപ്പോഴും തുടരുന്നത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം അവഗണിച്ചും അനര്‍ഹരായ അഞ്ച് പര്‍ക്ക് ഇളവ് തുടരുകയാണെന്നാണ് ഒരു വിഭാഗം നഴ്സുമാര്‍ പറയുന്നത്.
കഴിഞ്ഞ വര്‍ഷം രണ്ട് തവണ സമരത്തില്‍ കലാശിച്ച ഒരു വിഭാഗം നഴ്സുമാരുടെ ആവശ്യമാണിത്. മാനദണ്ഡങ്ങളില്ലാതെ എടുത്ത തീരുമാനമെന്ന പേരില്‍ നഴ്സുമാര്‍ കഴിഞ്ഞ വര്‍ഷം ഉപരോധസമരം നടത്തിയതോടെ ഇളവ് പിന്‍വലിച്ചു. എന്നാല്‍ ഒമ്പത് പേരില്‍ അഞ്ച് നഴ്സുമാര്‍ ആരോഗ്യ വകുപ്പിനെ സ്വാധീനിച്ച് വീണ്ടും രാത്രി കാല ഷിഫ്റ്റില്‍ ഇളവ് നേടിയെടുത്തു.പ്രതിഷേധം വീണ്ടും ശക്തമായതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മൂന്ന് മാസം മുമ്പ് പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം ജനാധിപത്യ രീതിയില്‍ തീരുമാനങ്ങള്‍ എടുക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇതനുസരിച്ച് യോഗം വിളിച്ച് ചേര്‍ത്ത് ആര്‍ക്കും എതിര്‍പ്പില്ലെങ്കില്‍ അര്‍ഹരായവര്‍ക്ക് രാത്രികാല ഇളവ് നല്‍കാവുന്നതാണ് . എന്നാല്‍ ദീര്‍ഘകാലം ഈ ഇളവ് ഒരു നഴ്സിനും നല്‍കരുതെന്നും അഥവാ ആവശ്യമെങ്കില്‍ സഹപ്രവര്‍ത്തകരുമായി കൂടിയാലോചിച്ച് കൂട്ടായ തീരുമാനം എടുക്കണമെന്നുമാണ് ഉത്തരവില്‍ വിവരിച്ചിരിക്കുന്നത്. ഈ ഉത്തരവിനെ തുടര്‍ന്ന് എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ സമിതി രൂപീകരിച്ച് നഴ്സുമാരുടെ അഭിപ്രായം കഴിഞ്ഞ ദിവസം ശേഖരിച്ചു.
ഈ സമിതി റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. എന്നാല്‍ സമിതിയുടെ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നാണ് അഞ്ച് നഴ്സുമാരുടെ ഇപ്പോഴത്തെ ആവശ്യം. ഇവര്‍ മൂന്ന് പ്രമുഖ യൂണിയനുകളില്‍ ഉള്‍പ്പെടുന്നവരാണ്. അതേ സമയം ബന്ധപ്പെട്ട അഞ്ച് നഴ്സുമാരോട് രാത്രി കാല ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കുന്നതിന്‍െറ കാലാവധി അറിയിക്കണമെന്നും കൂടുതല്‍ വിശദീകരണം നല്‍കണമെന്നും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എത്ര കാലത്തേക്കാണ് ഉത്തരവെന്ന് ഓര്‍ഡറില്‍ വേണമെന്നാണ് പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.