എസ്എസ്എല്‍സി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ജില്ലയില്‍ പരീക്ഷയെഴുതാന്‍ 26,324 പേര്‍

alp-sslcആലപ്പുഴ: എസ്എസ്എല്‍സി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി. ഒമ്പതുമുതല്‍ 23വരെ നടക്കുന്ന പരീക്ഷയില്‍ 13,864 ആണ്‍കുട്ടികളും 12,359 പെണ്‍കുട്ടികളും അടക്കം 26,233 റെഗുലര്‍ വിദ്യാര്‍ഥികളും 59 ആണ്‍കുട്ടികളും 32 പെണ്‍കുട്ടികളും അടക്കം 91 പ്രൈവറ്റ് വിദ്യാര്‍ഥികളും പരീക്ഷ എഴുതും. ആലപ്പുഴ, ചേര്‍ത്തല, കുട്ടനാട്, മാവേലിക്കര വിദ്യാഭ്യാസജില്ലകളിലായി 199 പരീക്ഷ കേന്ദ്രങ്ങളാണ്

ജില്ലയിലുള്ളത്. നാല് സോര്‍ട്ടിംഗ് കേന്ദ്രങ്ങളും 1620 പരീക്ഷാ നിരീക്ഷകരും ഉണ്ട്. ചോദ്യപേപ്പറുകള്‍ ഇന്നും നാളെയുമായി തെരഞ്ഞെടുത്ത എസ്ബിറ്റി ബാങ്കുകളിലും, ജില്ലാ ട്രഷറികളിലും, സബ്ട്രഷറികളിലും എത്തിക്കും. പരീക്ഷാദിവസങ്ങളില്‍ രാവിലെ ഒമ്പതിനു പോലീസ് അകമ്പടിയോടെ ചോദ്യപേപ്പറുകള്‍ പരീക്ഷാകേന്ദ്രത്തില്‍ എത്തിക്കും. ഉത്തരകടലാസുകള്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ അതാതു ദിവസങ്ങളില്‍ തന്നെ അയക്കുന്നതിനു പരീക്ഷ നടക്കുന്ന പ്രദേശങ്ങളിലെ പോസ്റ്റ് ഓഫീസുകള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കുന്നതിനു നിര്‍ദ്ദേശം നല്‍കും.

കഴിഞ്ഞവര്‍ഷം ജില്ലയില്‍ 26,887 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. 26,713 റഗുലര്‍വിദ്യാര്‍ഥികളില്‍ 13,122 പെണ്‍കുട്ടികളും, 13,591 ആണ്‍കുട്ടികളുമാണ് കഴിഞ്ഞവര്‍ഷം ഉണ്ടായിരുന്നത്. കഴിഞ്ഞവര്‍ഷം 198 പരീക്ഷാ കേന്ദ്രങ്ങളും 1509 പരീക്ഷാ നിരീക്ഷകരുമാണ് ഉണ്ടായിരുന്നത്. എസ്എസ്എല്‍സി പരീക്ഷയുടെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ പോലീസ്, ലീഡ് ബാങ്ക്  പ്രതിനിധികള്‍, ആലപ്പുഴ പോസ്റ്റല്‍ സൂപ്രണ്ട്, ഡിഡിഇ, ഡിഇഒമാര്‍ എന്നിവര്‍ പങ്കെടുത്തു.

Related posts