വടക്കാഞ്ചേരി: സ്ത്രീപീഡനത്തിന് ഓശാനപാടുന്ന മന്ത്രി എ.സി.മൊയ്തീനെ മന്ത്രിസഭയില്‍നിന്നു പുറത്താക്കാനുള്ള ആര്‍ജവം മുഖ്യമന്ത്രി പിണറായി വിജയന് കാണിക്കണമെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റും, ദേശീയ നിര്‍വാഹകസമിതി അംഗവുമായ വി.മുരളീധരന് പറഞ്ഞു.വീട്ടമ്മയായ യുവതിയെ കൂട്ടമാനഭംഗം ചെയ്ത കേസിലെ പ്രതികളെ മന്ത്രി എ.സി.മൊയ്തീന് സംരക്ഷിക്കുന്നുവെന്നാരോപിച്ച് മന്ത്രിയുടെ തെക്കുംകര പഞ്ചായത്തിലെ പനങ്ങാട്ടുകരയിലുള്ള വസതിയിലേക്ക് ബിജെപി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുരളീധരന്.
ഇരിക്കുന്ന കസേരയുടെ മഹത്വം മന്ത്രിക്ക് അറിയില്ലെന്നും കേരളത്തില്‍ ഓരോ സംഭവങ്ങള്‍ ഉണ്ടാകുമ്പോഴും ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുന്നത് മാത്രമാണ് നമ്മള് അറിയുന്നതെന്നും ഇവരെ തിരിച്ചെടുക്കുന്നത് ജനങ്ങള്‍ അറിയാറില്ലെന്നും മുരളീധരന് പറഞ്ഞു.ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് കെ.ഗിരീഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എ.നാഗേഷ്, സംസ്ഥാന കമ്മിറ്റി അംഗം ദയാനന്ദന് മാമ്പുള്ളി, ബിജെപി നേതാക്കളായ അഡ്വ. ഗിരിജന്‍ നായര്‍, ചന്ദ്രമോഹന് കുമ്പളങ്ങാട് എസ്.രാജു, മോഹനന് പോട്ടോര്‍, എന്‍.ടി.മോഹനന്, പി.എസ്.ശാരഗദന്, എം.കെ.അശോകന്, കെ.സി.സുമേഷ്, ടി.ആര്.സതീശന്, ഉല്ലാസ് ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഓട്ടുപാറ സെന്ററില്‍നിന്നും ആരംഭിച്ച മാര്‍ച്ച് വടക്കാഞ്ചേരി റെയില്‍വേ മേല്‍പ്പാലത്തിനടിയില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രതിഷേധ ധര്‍ണ നടത്തി. കുന്നംകുളം ഡിവൈഎസ്പി പി.വിശ്വംഭരന്റെയും, വടക്കാഞ്ചേരി സിഐ ടി.എസ്.സിനോജിന്റെയും നേതൃത്വത്തില്‍ വന്‍ പോലീസ് സംഘമാണ് സംഭവസ്ഥലത്ത് നിലയുറപ്പിച്ചിരുന്നത്.മന്ത്രിയുടെ വീടിനു സംരക്ഷണമൊരുക്കി പാര്‍ട്ടി പ്രവര്ത്തകര്മന്ത്രി എ.സി.മൊയ്തീന്റെ വീടിനു സംരക്ഷണം നല്കി സിപിഎം തെക്കുംകര ലോക്കല്‍ കമ്മിറ്റി പ്രവര്‍ത്തകര്‍.
കൂട്ടമാനഭംഗകേസിലെ പ്രതികളെ മന്ത്രി എ.സി.മൊയ്തീന് സംരക്ഷിക്കുന്നുവെന്നാരോപിച്ച് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എ.സി.മൊയ്തീന്റെ വസതിയിലേക്ക് ബഹുജനമാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.സമരത്തെ ചെറുത്തുതോല്പിക്കാന് ഇന്നലെ രാവിലെ മുതല്‍ പനങ്ങാട്ടുകരയിലുള്ള മന്ത്രിയുടെ വീടിനു ചുറ്റും സിപിഎം പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചിരുന്നു. എന്നാല്‍ ബിജെപിയുടെ മാര്‍ച്ച് പോലീസ് വടക്കാഞ്ചേരി മേല്പ്പാലപരിസരത്ത് തടഞ്ഞതിനെ തുടര്‍ന്ന് വലിയ സംഘര്‍ഷം ഒഴിവായി.