ഒരുമുഴം മുമ്പേ…! രാജ്യം വിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യം സമര്‍പ്പിച്ച ഹര്‍ജി; മല്യ രാജ്യം വിട്ടെന്ന് കേന്ദ്ര സര്‍ക്കാര്‍

vijayiന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകളില്‍ നിന്നും 9,000 കോടി രൂപ വായ്പ എടുത്തതിനു ശേഷം തിരിച്ചടയ്ക്കാതിരുന്ന മദ്യവ്യവസായി വിജയ് മല്യ രാജ്യം വിട്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. മല്യ രാജ്യം വിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. രാജ്യം വിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകള്‍ മാര്‍ച്ച് രണ്ടിനു കോടതിയെ സമീപിച്ചതിനു പിന്നാലെ മല്യ രാജ്യം വിടുകയായിരുന്നു. മല്യ ലണ്ടനിലേക്ക് കടന്നുവെന്നാണ് റിപ്പോര്‍ട്ട് എന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

ഹര്‍ജി പരിഗണിച്ച ജസ്റ്റീസുമാരായ കുര്യന്‍ ജോസഫ്, റോഹിന്‍ടണ്‍ ഫാലി നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ച് മല്യക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടു. ഭൂരിഭാഗം സ്വത്തുകളും രാജ്യത്തിനു പുറത്തുള്ള മല്യക്ക് ഇത്രഭീമമായ തുക എന്തിനു വായ്പയായി നല്‍കിയെന്ന് കോടതി ബാങ്കുകളോട് ചോദിച്ചു.

രാജ്യത്തിനു പുറത്തു കടന്ന മല്യക്ക് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ വഴിയോ സ്ഥാപനങ്ങള്‍ വഴിയോ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വഴിയോ നേരിട്ട് നോട്ടീസ് എത്തിക്കാനും കോടതി ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കകം മല്യ നോട്ടീസിനു മറുപടി നല്‍കണമെന്നും ഹര്‍ജി 30ന് വീണ്ടും പരിഗണിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.

Related posts