പാലക്കാട്: ഒറ്റപ്പെടലും അവഗണനയും മൂലം മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ എല്ലാംമറന്ന് ഒത്തുകൂടി. ലീഗല്‍ സര്‍വീസ് അഥോറിറ്റിയും എം.എ പ്ലൈ ഫൗണ്ടേഷനും നടത്തിയ ഓണാഘോഷ പരിപാടിയിലാണ് എച്ച്ഐവി ബാധിതരായവരുടെ സംഘടനാ അംഗങ്ങള്‍ തങ്ങളുടെ വിഷമങ്ങള്‍ പങ്കുവച്ച് മനസുതുറന്നത്.മരുന്ന് ഉള്‍പ്പെടെ സര്‍ക്കാരിന്റെ പല ആനുകൂല്യങ്ങളും സമയോചിതമായി ലഭിക്കുന്നില്ലെന്നും പല നിയമപ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്കു സഹായം ലഭിക്കുന്നില്ലെന്നും ഇവര്‍ പരാതി ഉന്നയിച്ചു. ലീഗല്‍ സര്‍വീസ് അഥോറിറ്റിയുടെ സൗജന്യ നിയമസഹായം ലഭ്യമാക്കുമെന്നു ഡിഎല്‍എസ്എ സെക്രട്ടറി സബ്ജഡ്ജി രാജീവ് ജയരാജ് ചര്‍ച്ചയില്‍ പറഞ്ഞു.
നിയമബോധവത്കരണ ക്ലാസും ഓണാഘോഷവും ജില്ലാ ജഡ്ജി ഇ.സി. ഹരിഗോവിന്ദന് ഉദ്ഘാടനം ചെയ്തു. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ സംരക്ഷണം സമൂഹത്തിന്റെ കടമയാണെന്നു അദ്ദേഹം പറഞ്ഞു. പാലക്കാട് ജില്ലാ നെറ്റ് വര്‍ക്ക് ഓഫ് പോസിറ്റീവ് പീപ്പിള്‍ എച്ച്ഐവി ബാധിതരായ അംഗങ്ങള്‍ക്കു വേണ്ടിയാണ് ക്ലാസ് നടത്തിയത്. സബ് ജഡ്ജ് വി.എസ്. വിദ്യാധരന് അധ്യക്ഷത വഹിച്ചു. ലീഗല്‍ സര്‍വീസ് അഥോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ രാജീവ് ജയരാജ്, എംഎ പ്ലൈ ഫൗണ്ടേഷന് ഡയറക്ടര്‍ നിഖില്‍ കൊടിയത്തൂര്‍, അഡ്വ. അബ്ദുള്‍ ഖലീല്‍, സുമതി, രമേഷ് എന്നിവര്‍ പ്രസംഗിച്ചു. ഓണസദ്യയും കലാപരിപാടിയുമുണ്ടായിരുന്നു.