ഒറ്റപ്രസവത്തില്‍ ഇരട്ടപെറ്റ് കാസര്‍ഗോഡ് കുള്ളന്‍പശു

ktm-pazhuപാലാ : ഒറ്റ പ്രസവത്തില്‍ രണ്ട് കിടാവുകള്‍ വളരെ അപൂര്‍വമായെ സംഭവിക്കാറുള്ളു. നാടന്‍പശുക്കളില്‍ പ്രത്യേകിച്ചും ഇത്തരമൊരു അപൂര്‍വതയാണ് ജൈവ കര്‍ഷകസമിതി സെക്രട്ടറി ജോസ് മൈലാടിയുടെ വീട്ടില്‍ സംഭവിച്ചത്. ഇദ്ദേഹം വളര്‍ത്തിയ കാസര്‍ഗോഡ് കുള്ളന്‍ ഇനത്തില്‍ പെട്ട പശുവാണ് ഇരട്ട പ്രസവിച്ച് നാടിന്റെ ശ്രദ്ധാ കേന്ദ്രമായി മാറിയിരിക്കുന്നത്.  ഇപ്പോള്‍ 45 ദിവസം പ്രായമുള്ള കിടാവുകളും  പശുവും പൂര്‍ണ്ണ ആരോഗ്യവാന്‍മാരാണ്. പുല്ല്, പോത, തുടങ്ങി ആഞ്ഞിലി, വാക, പ്ലാവ് എന്നിവയുടെ ഉണങ്ങിയ ഇലകള്‍വരെ ഭക്ഷണമാക്കുന്ന കാസര്‍ഗോഡ്കുള്ളന് തവിടോ,പിണ്ണാക്കോ കുടിക്കാന്‍ നല്‍കേണ്ടതില്ല. വെറും പച്ചവെള്ളവും ഇവ അകത്താക്കുമെന്ന്് ജോസ് മയിലാടി പറഞ്ഞു.

ഇതിനാല്‍ തന്നെ വളര്‍ത്തുന്നതിന് ചെലവ് തീരെ കുറവാണ്.രണ്ട്് ലിറ്ററോളമേ പാല് ലഭിക്കൂ എങ്കിലും കൊഴുപ്പും ഔഷധമൂല്യവും ഏറെയാണ്. ജൈവ കര്‍ഷകസമിതിയുടെ നേതൃത്വത്തില്‍ മൂന്ന് വര്‍ഷം മുന്‍പ് കാസര്‍ഗോഡുനിന്ന് കൊണ്ടുവന്ന 15 കാസര്‍ഗോഡ്കുള്ളന്‍ പശുക്കളില്‍ ഒന്നാണ് ഇപ്പോള്‍ ഇരട്ട പ്രസവിച്ചിരിക്കുന്നത്.  പശുവിന്റെ മൂന്നാം പ്രസവമാണിത്. ജൈവകര്‍ഷകസമിതിയുടെ ആവശ്യപ്രകാരം മൃഗാശുപത്രിയില്‍ മുന്‍കൂട്ടി സൂക്ഷിച്ചിരുന്ന കാസര്‍ഗോഡ് കുള്ളന്റെ ബീജം കുത്തിവയ്ക്കുകയായിരുന്നു.

കേരളാ കാറ്റില്‍ ബ്രീഡേഴ്‌സ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവി അംഗം കൂടിയായ ജോസ് മൈലാടി തന്റെ ഭൂമിയിലെ ജൈവകൃഷിക്ക് ഉപയോഗിക്കുന്നതിനും ഔഷധമൂല്യമുള്ള പാലിനും പുറമേ നാടന്‍ പശു ഇനങ്ങളുടെ വംശനാശം തടയുന്നതും ലഷ്യമിട്ടാണ് കാസര്‍ഗോഡ്കുള്ളനെ സ്വന്തമാക്കിയത്. മുന്‍പ് സങ്കരയിനം പശുക്കളെ വളര്‍ത്തിയിട്ടുണ്ടെങ്കിലും മൂന്നുവര്‍ഷം മുന്‍പാണ് നാടന്‍ പശുവളര്‍ത്തലിലേക്ക് തിരിഞ്ഞതെന്ന് ജോസ് മൈലാടി പറഞ്ഞു. ശുദ്ധമായ കാസര്‍ഗോഡ് കുള്ളന്‍ തന്നെ വേണമെന്നുള്ളതിനാല്‍  കാസര്‍ഗോട്ടെ വീടുകളില്‍ വളര്‍ത്തുന്നവരില്‍ നിന്നാണ് കാസര്‍ഗോഡ്കുള്ളന്‍ പശുക്കളെ വാങ്ങിയത്.എന്തായാലും ഇരട്ടപെറ്റ പശുവിനെയും കുട്ടികളെയും കാണാന്‍ നൂറുകണക്കിനാളുകളാണ് മൈലാടിയുടെ തൊഴുത്തിലെത്തിയത്.

Related posts