ഒറ്റയാള്‍ പോരാട്ടം ഫലം കണ്ടു; സ്മിതയ്ക്ക് ഇനി ഹെഡ് നഴ്‌സിന്റെ ശമ്പളം ലഭിക്കും; മുന്‍വര്‍ഷങ്ങളിലെ അധിക ശമ്പളം ലഭിക്കാന്‍ കടമ്പകളേറെ

bis-rupeesഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി ഓഫീസ് ജീവനക്കാരുടെ നിഷേധാത്മകമായ നടപടി മൂലം മൂന്നു വര്‍ഷക്കാലമായി തടഞ്ഞുവച്ചിരുന്ന ഹെഡ്‌നഴ്‌ സിന്റെ ശമ്പളം ഒറ്റയാള്‍ സമരത്തെ തുടര്‍ന്നു ആശുപത്രി അധികൃതര്‍ നല്‍കി തുടങ്ങി. ഗുരുവായൂര്‍ സ്വദേശിനിയും കോട്ടയം മെഡിക്കല്‍ കോളജിലെ 11-ാം വാര്‍ഡിലെ ഹെഡ്‌നഴ്‌സുമായ സ്മിതയ്ക്കാണ് ഈ മാസം മുതല്‍ ഹെഡ്‌നഴ്‌സിന്റെ ശമ്പളം ലഭിച്ചു തുടങ്ങിയത്.

നഴ്‌സായ സ്മിതയ്ക്ക 2013ലാണ് ഹെഡ്‌നഴ്‌സായി സ്ഥാനകയറ്റം ലഭിച്ചത്. സ്മിതയോടൊപ്പം സ്ഥാനകയറ്റം ലഭിച്ച മറ്റുള്ളവര്‍ക്ക് ശമ്പളവും മറ്റു ആനുകൂല്യങ്ങളും വര്‍ധിച്ചിരുന്നു. എന്നാല്‍ സ്മിതയ്ക്കുമാത്രം പഴയ നഴ്‌സിന്റെ ശമ്പളം മാത്രമാണ് ലഭിച്ചിരുന്നത്. ഇതിനെതിരെ സ്മിത നിരവധി തവണ ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ മേല്‍നടപടികളൊന്നു ഉണ്ടായില്ല. സ്മിത ആശുപത്രിയിലേക്കു 17876 രൂപ അടയ്ക്കണമെന്ന് ഓഫീസ് അധികൃതര്‍ രേഖാമൂലം ആവശ്യപ്പെടുകയാണുണ്ടായത്.

ഇതിനെതിരെ സൂപ്രണ്ടിനു സ്മിത പരാതി നല്‍കിയിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല. തുടര്‍ന്നു പുതിയ സൂപ്രണ്ട് ചാര്‍ജെടുത്തതിനു ശേഷം കഴിഞ്ഞ സ്വാതന്ത്രദിനത്തില്‍ ‘മൂന്നു വര്‍ഷമായിട്ടും ശമ്പളത്തിലെ അപാകത പരിഹരിച്ചു തരാത്ത ഓഫീസ് ജീവനക്കാരോട് പ്രതിഷേധം രേഖപ്പെടുത്തുന്നു’വെന്നു കുറിപ്പെഴുതി ഡ്യൂട്ടി വസ്ത്രത്തില്‍ ഒട്ടിച്ചു ഒറ്റയാള്‍ സമരം നടത്തിയിരുന്നു. സമരത്തെ കുറിച്ചു രാഷ്്ട്രദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്തയെ തുടര്‍ന്നു ആശുപത്രി സൂപ്രണ്ട് ടി.കെ. ജയകുമാര്‍ വിഷയത്തില്‍ ഇടപെടുകയും അടുത്ത ദിവസം തന്നെ സ്മിതയുടെ ശമ്പളത്തിന്റെ കാര്യത്തില്‍ ജീവനക്കാരെ കൊണ്ടു നടപടി സ്വീകരിപ്പിക്കുകയും ചെയ്തു.

തുടര്‍ന്നു ഈ മാസത്തില്‍ ഹെഡ്‌നഴ്‌സിന്റെ ശമ്പളം സ്മിതയ്ക്കു മൂന്നുവര്‍ഷത്തിനു ശേഷം ആദ്യമായി ലഭിച്ചു. നിലവില്‍ 2016 ഓഗസ്റ്റ് മാസത്തെ ശമ്പളം മാത്രമാണ് സ്മിതയ്ക്കു ലഭിച്ചത്്. മുന്‍ വര്‍ഷങ്ങളിലുള്ള ശമ്പളം ലഭിക്കുന്നതിനുള്ള നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നു സ്മിത രാഷ്്ട്രദീപികയോട് പറഞ്ഞു. സ്മിതയ്ക്കു നിയമപോരാട്ടം വഴിമാത്രമേ ഇനി മുന്‍വര്‍ഷത്തെ  ശമ്പളം ലഭിക്കുകയുള്ളൂ എന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. വിധവയും നിത്യരോഗിയുമായ സ്മിതയ്ക്കു പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മകന്‍ മാത്രമാണ് ഏക ആശ്രയം.

Related posts