കൊല്ലങ്കോട്: ഊട്ടറയില്‍ ഓട്ടോയില്‍ മുപ്പതു ചാക്ക് റേഷനരി കടത്തിയവരെ കൊല്ലങ്കോട് പോലീസ് പിടികൂടി കേസെടുത്തു. ഊട്ടറ മരുതമ്പാടം ശശി (52), പീരുമുഹമ്മദ് പല്ലാവൂര്‍ (49) എന്നിവരാണ് പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ അഞ്ചിന് ഊട്ടറയില്നിന്നാണ് തമിഴ്നാട് റേഷനരിയും അളവു തൂക്ക യന്ത്രവും ഉള്‍പ്പെടെ ഇവരെ പിടികൂടിയത്.മുപ്പതു ചാക്കുകളിലായി 1200 കിലോഗ്രാം അരിയാണുണ്ടായിരുന്നത്. ഓട്ടോയും കസ്റ്റഡിയിലെടുത്തു.
ഇന്നലെ പുലര്‍ച്ചെ പൊള്ളാച്ചി ഭാഗത്തുനിന്നും വന്ന ട്രെയിനിലാണ് അരി കൊണ്ടുവന്നത്. യാത്രക്കാരെന്ന മട്ടില്‍ സ്ത്രീകള്‍ അരി ചാക്കുകളിലാക്കി ട്രെയിനില്‍ ഊട്ടറയിലെത്തിച്ച് തിരിച്ചുപോകുകയായിരുന്നു.ഊട്ടറ റെയില്‍വേ സ്റ്റേഷനുസമീപത്തു കള്ളക്കടത്ത് അരി സൂക്ഷിക്കാനായി സ്വകാര്യവ്യക്തികളുടെ മുറികള്‍ വാടകയ്ക്ക് നല്‍കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.ട്രെയിന്റെ അവസാനത്തെ കമ്പാര്‍ട്ടുമെന്റിലാണ് അരികൊണ്ടുവരുന്നത്. സ്റ്റേഷനില്‍നിന്നും 300 മീറ്റര്‍ അകലെ അരി ഇറക്കിവച്ച ഓട്ടോയില്‍ കടത്തുകയാണ് പതിവ്.
കൊടുവായൂര്‍ ഭാഗത്തെ സ്വകാര്യമില്ലില്‍ അരി പോളിഷ് ചെയ്ത് ബാഗുകളിലാക്കി വ്യാജ ബ്രാന്‍ഡ് ഉപയോഗിച്ച് മുപ്പതുമുതല്‍ 35 രൂപയ്ക്കുവരെ വില്ക്കാറുണ്ടത്രേ. അഡീഷണല്‍ എസ്ഐ ശ്രീധരന്, സിപിഒമാരായ ജിജോ, പ്രദീപ്, സുദര്ശന് എന്നിവരാണ് റേഷനരി പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. ട്രെയിനില്‍ പതിവായി അരിയെത്താറുള്ളതിനാല് രാത്രി പട്രോളിംഗ് കര്‍ശനമാക്കുമെന്ന് എസ്ഐ സഞ്ജയ് കുമാര്‍ പറഞ്ഞു.