ഓട്ടോറിക്ഷാക്കാരുടെ ഇടയില്‍ മിന്നും താരമായി ജിമ്മി

alp-autoawardഅമ്പലപ്പുഴ: ഓട്ടോറിക്ഷക്കാരായ സഹപ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും അഭിമാനമായി ജിമ്മിയുടെ മെഡല്‍ നേട്ടം. പുന്നപ്ര വാടയ്ക്കല്‍ സഹകരണ ആശുപത്രിക്കു മുമ്പിലെ ഓട്ടോതൊഴിലാളിയായ വാടയ്ക്കല്‍ തൈപ്പറമ്പില്‍ ജിമ്മി (42)യാണ് കഴിഞ്ഞദിവസം കോട്ടയത്ത് നടന്ന സംസ്ഥാന പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടി ഒന്നാമതെത്തിയത്. 66 കിലോ മാസ്റ്റേഴ്‌സ് ഇനത്തിലാണ് അമ്പതോളം മത്സരാര്‍ഥികളെ പിന്തള്ളി അഭിമാനകരമായ നേട്ടം കൈവരിച്ചത്.

ഇതേവിഭാഗത്തില്‍ ആലപ്പുഴയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലും പവര്‍ ലിഫ്റ്റിംഗില്‍ വെള്ളിമെഡല്‍ കരസ്ഥമാക്കിയിരുന്നു. ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജില്‍ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് ജിമ്മി ഈ രംഗത്തേയ്ക്ക് ചുവടു വയ്ക്കുന്നത്. ഇതിനുള്ളില്‍ ശരീരസൗന്ദര്യ മത്സരത്തില്‍ നിരവധി മെഡലുകളും പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ആലപ്പുഴ എആര്‍ ക്യാമ്പ് എസ്‌ഐ ആയ വികാസ് ആണ് ഗുരു.

ജീവിത പ്രാരാബ്ധങ്ങളുടെ നടുവിലും പറവൂര്‍ പവര്‍ പായ്ക്ക് മള്‍ട്ടി ജിമ്മിലെ കഠിന പ്രയത്‌നമാണ് തന്നെ മത്സരത്തില്‍ ഒന്നാമതെത്തിച്ചതെന്ന് ജിമ്മി പറഞ്ഞു. വാടയ്ക്കല്‍ ദൈവജനനി മാതാ പള്ളിയിലെ മതാധ്യാപകന്‍ കൂടിയായ ജിമ്മി കടലില്‍ മത്സ്യബന്ധനത്തിനും പോകാറുണ്ട്. സഹപ്രവര്‍ത്തകരുടേയും നാട്ടുകാരുടേയും പ്രോത്സാഹനമാണ് തന്നെ ഈ രംഗത്ത് പിടിച്ചുനിര്‍ത്തുന്നതെന്ന് ജിമ്മി പറഞ്ഞു

Related posts