തൃശൂര്‍: ഓണത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് മലയാളികള്‍. പൊന്നോണത്തിന് മണിക്കൂറുകള്‍ ശേഷിക്കേ ഓണക്കോടി എടുക്കാനും മറ്റു സാധനങ്ങള്‍ വാങ്ങാനുമെത്തുന്നവരുടെ തിരക്കാണ് നഗരത്തില്‍. ഉത്രാടം നാളെയാണെങ്കിലും ഉത്രാടപ്പാച്ചില്‍ ഇന്നേ തുടങ്ങിയെന്ന് തോന്നിപ്പോകും ഈ തിരക്കുകണ്ടാല്‍. ഓണത്തിന് മുമ്പുള്ള അവസാന ഞായറാഴ്ചയായ ഇന്നലെ നഗരത്തിലെ മിക്ക വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിച്ചിരുന്നു. അവധി ദിവസമായിട്ടും തുണിക്കടകളിലും മറ്റും കാലുകുത്താനിടമില്ലാത്ത സ്ഥിതിയായിരുന്നു ഇന്നലെയും.
വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം തിരക്ക് കണ്ടത് മൊബൈല്‍ ഷോപ്പുകളിലാണ്. കിടിലന്‍ ഓണം ഓഫറുകളുമായി മൊബൈല്‍ കമ്പനികളും ഉറപ്പായ സമ്മാനങ്ങളുമായി വ്യാപാര സ്ഥാപനങ്ങളും രംഗത്തെത്തിയതോടെ ഓണത്തിന് പുത്തന്‍ ഫോണൊരെണ്ണം വാങ്ങിക്കളയാം എന്നുകരുതി ഇറങ്ങിയവര്‍ ധാരാളമാണ്. ഗൃഹോപകരണ വില്പനശാലകളും ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ തകര്‍പ്പന്‍ ഓഫറുകളുമായി രംഗത്തുണ്ട്. ഓണത്തിരക്കിനെ ലക്ഷ്യമിട്ട് പ്രത്യേക സ്റ്റാളുകളും ഓണം സ്പെഷ്യല്‍ പച്ചക്കറി ചന്തയുമെല്ലാം വിവിധയിടങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. കെടിഡിസിയുടെയും ഡിടിപിസിയുടെയും പാസയമേളകളും സജീവമാണ്.
22 ഇനം പായസങ്ങളുമായി ജില്ലയുടെ വിവിധയിടങ്ങളിലാണ് ഡിടിപിസി പായസമേള നടക്കുന്നത്. കെടിഡിസിയുടെ പാസയമേളയ്ക്ക് ഇന്നലെ പാലസ് റോഡിലെ യാത്രിനിവാസില്‍ തുടക്കമായി. പച്ചക്കറി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് വലിയ വിലക്കയറ്റം ഉണ്ടായിട്ടില്ലെന്നതിനാല്‍ വീട്ടില്‍ ഓണസദ്യയൊരുക്കുന്നുവര്ക്ക് ഇത്തവണ ആശ്വസിക്കാം. കഴിഞ്ഞതവണത്തെ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏത്തക്കായ പോലുള്ള ചുരുക്കം ഇനങ്ങള്‍ക്കു മാത്രമാണ് നേരിയ തോതിലെങ്കിലും വിലവര്ധിച്ചിരിക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. ഉത്രാടത്തലേന്നായ ഇന്നും ഉത്രാട ദിവസമായ നാളെയും നഗരം കൂടുതല്‍ തിരക്കിലമരുമെന്ന് ഉറപ്പാണ്. ഗാതഗതത്തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് സേനയെ കൂടുതലായി വിന്യസിച്ചിട്ടുണ്ട്.
ജില്ലാതല ഓണാഘോഷത്തിന് നാളെ തേക്കിന്‍കാട് മൈതാനിയില്‍ തുടക്കമാകും. തേക്കിന്‍കാട്ടിലും, റീജണല്‍ തിയേറ്ററിലുമായി ദിവസവും വൈകീട്ട് ആറു മുതല്‍ രാത്രി ഒമ്പതു വരെ വൈവിധ്യങ്ങളായ കലാപരിപാടികള്‍ അരങ്ങിലെത്തുന്നത്. ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന് കൗണ് സില് തൃശൂര്‍ കോര്‍പറേഷനും സംയുക്തമായി ജില്ലിയുടെ വിവിധ ഭാഗങ്ങളില്‍ ഓണപരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
ജില്ലാതല ഓണാഘോഷത്തിന്റെ ഉദ്ഘാടനം നാളെ വൈകീട്ട് അഞ്ചിന് തേക്കിന്‍കാട് മൈതാനത്തെ പ്രതേ്യക വേദിയില്‍ മന്ത്രി എ.സി. മൊയ്തീന് നിര്‍വഹിക്കും. തേക്കിന്‍കാട് മൈതാനം, റീജണല്‍ തിയറ്റര്‍, തുമ്പൂര്‍മുഴി, പീച്ചിഡാം ഗാര്ഡന്, വാഴാനി ഡാം ഗാര്ഡന്, സ്നേഹതീരം പാര്‍ക്ക്, കുന്നംകുളം ജവഹര്‍ സ്റ്റേഡിയം, കണ്ടശ്ശാംകടവ്, ഏനമാവ് കാളിയേക്കല്‍ തീരം, കോട്ടപ്പുറം മുസിരിസ്സ് എന്നിവിടങ്ങളിലാണ് ഇത്തവണത്തെ ഓണാഘോഷപരിപാടികള്‍.