തൃശൂര്‍: ഓണാഘോഷവും കച്ചവടവും കേമമായപ്പോള്‍ നഗരം മാലിന്യക്കുപ്പയായി. ഇനി പുലിക്കളിയും കഴിഞ്ഞ് തിങ്കളാഴ്ചവരെ നഗരത്തിലെ പ്രധാന തെരുവുകളെല്ലാം മാലിന്യത്തെരുവുകളാകും.തൃശൂര്‍ നഗരത്തിലെ പ്രധാന മാര്‍ക്കറ്റായ ശക്തന് തമ്പുരാന് നഗറില്‍ ഫുട്പാത്തും വിശാലമായ റോഡിന്റെ പകുതിയും മാലിന്യക്കൂന കൈയേറി.വാഹനങ്ങള്‍ക്കു കടന്നുപോകാന്‍ പോലും കഴിയാത്ത വിധത്തില്‍ മാലിന്യങ്ങള്‍ റോഡ് കൈയടക്കിയിരിക്കുകയാണ്.
അഴുകിയും പുഴുവരിച്ചും ഈ പ്രദേശം ദുര്‍ഗന്ധം നിറഞ്ഞിരിക്കുകയാണ്. നഗരത്തിലെ മറ്റു പ്രധാന കേന്ദ്രങ്ങളിലും മാലിന്യക്കുന്നുകള്‍ നിറഞ്ഞു.ഓണത്തിനു മുന്നോടിയായി കഴിഞ്ഞ ശനിയാഴ്ചയാണ് നഗരസഭാധികാരികള്‍ ശക്തന് മാര്‍ക്കറ്റ് അടക്കമുള്ള സ്ഥലങ്ങളിലെ മാലിന്യം നീക്കം ചെയ്തത്. ഞായറാഴ്ച മുതല്‍ ഒരിടത്തും മാലിന്യം നീക്കം ചെയ്തിട്ടില്ല.
മിക്ക ശുചീകരണ തൊഴിലാളികളും ഓണാവധിയിലാണ്. പുലിക്കളി കഴിഞ്ഞ് ഞായറാഴ്ചയോ തിങ്കളാഴ്ചയോ മാത്രമേ അവരുടെ സേവനം ലഭിക്കൂവെന്ന അവസ്ഥയാണ്.തൃശൂര്‍ പൂരംപോലെ വിശ്വപ്രശസ്തമായ പുലിക്കളി കാണാന്‍ എത്തുന്ന വിദേശികള്‍ അടക്കമുള്ള അനേകം ആസ്വാദകര്‍ തൃശൂര്‍ നഗരത്തിലെ മാലിന്യക്കുന്നുകള്‍ കണ്ട് മൂക്കുപൊത്തി ഓടേണ്ടിവരും.