ബാബു ചെറിയാന്‍
കോഴിക്കോട്: മദ്യം ഓണ്‍ലൈനിലൂടെ വീടുകളില്‍ എത്തിച്ചുനല്‍കുമെന്ന കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബിന്റെ പ്രഖ്യാപനം വരുത്താന്‍ പോകുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍. ബീവറേജസ് ഔട്ടലെറ്റുകള്‍ക്കു മുന്നില്‍ മണിക്കൂറുകളോളം ക്യുവില്‍ നില്‍ക്കേണ്ട അവസ്ഥ ഒഴിവാക്കപ്പെടുന്നതോടെ സംസ്ഥാനത്തെ കടുത്ത മദ്യവിപത്തിലേക്കു തള്ളിവിടുന്നതാണ് ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം. മദ്യ നിരോധത്തിനു പകരം, മദ്യവര്‍ജനമാണ് തങ്ങളുടെ നയമെന്ന സര്‍ക്കാര്‍ നിലപാട് പൊള്ളത്തരമാണെന്ന് തെളിഞ്ഞിരിക്കയാണ്.
മദ്യത്തിനെതിരായ ബോധവത്ക്കരണം ഒരുവശത്ത് നടക്കുമ്പോള്‍, മദ്യലഭ്യത നിയന്ത്രണമില്ലാതെ വര്‍ധിപ്പിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. മണിക്കൂറുകളോളം ക്യൂവില്‍ നിന്ന് മദ്യം വാങ്ങുന്നവരോട് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനുണ്ടായ അനുകമ്പയ്ക്കു പിന്നില്‍ ഇങ്ങനെ ചില ഒളി അജണ്ടകള്‍ ഉണ്ടായിരുന്നതായി പുതിയ മദ്യനയം തെളിയിച്ചിരിക്കയാണ്. മന്ത്രിയുടെ ‘അനുകമ്പയും’ കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്റെ പ്രഖ്യാപനവും ചേര്‍ത്തുവായിക്കുമ്പോള്‍, ഓണ്‍ലൈന്‍ മദ്യംനയം നേരത്തെ തീരുമാനിച്ചുറപ്പിച്ചതാണെന്ന് വ്യക്തമാകുന്നു.
അംഗങ്ങളില്‍ ആരും മദ്യപിക്കാന്‍ പാടില്ലെന്ന കര്‍ക്കശ നിയമം നിലനില്‍ക്കുന്ന കേഡര്‍ പാര്‍ട്ടിയാണ് സിപിഎമ്മും ഉപസംഘടനകളും. മദ്യപാനത്തിന്റെ പേരില്‍ നേതാക്കളെയടക്കം പുറത്താക്കിയ പാരമ്പര്യവും പാര്‍ട്ടിക്കുണ്ട്്. സ്വന്തം അണികളെ മദ്യത്തില്‍ നിന്ന് സംരക്ഷിക്കുകയും മറ്റുള്ളവരെ കടുത്ത മദ്യപാനത്തിലേക്ക്് തള്ളിവിടുകയും ചെയ്യുന്നതിലെ ഇരട്ടത്താപ്പ് നവമാധ്യമങ്ങളില്‍ ഇന്നലെതന്നെ ചര്‍ച്ചയായി.
ബോധവത്ക്കരണത്തിനൊപ്പം ലഭ്യതയും കുറച്ചുകൊണ്ടുവന്നില്ലെങ്കില്‍ ഏതു ഉദ്യമവും വിജയിക്കില്ലെന്ന് സര്‍ക്കാറിനറിയാം.സ്കൂള്‍ പരിസരങ്ങളില്‍ ലഹരി വില്‍പ്പന പാടില്ലെന്ന നിയമം കര്‍ശനമായി പാലിച്ചുവരുന്നുണ്ട്. പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളോ, മദ്യശാലകളോ സ്കൂള്‍ പരിസരങ്ങളില്‍ അനുവദനീയമല്ല. ലഹരിക്കെതിരായ ബോധവത്ക്കരണ പരിപാടികള്‍ എല്ലാ വര്‍ഷവും സ്കൂളുകളില്‍ നടന്നുവരുന്നുണ്ട്.
ആ നിലയ്ക്ക്, സ്കൂള്‍ പരിസരങ്ങളിലെ ലഹരി നിരോധവും, സര്‍ക്കാരിന്റെ പുതിയ മദ്യനയവും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കുട്ടികളുടെ കൈയെത്തും ദൂരത്ത് ലഹരി ലഭിക്കരുതെന്ന കാഴ്ചപ്പാടാണ് സ്കൂള്‍ പരിസരങ്ങളിലെ നിരോധനത്തിനു കാരണം.ബോധവത്ക്കരണത്തിനൊപ്പം മദ്യലഭ്യത കുറച്ചുകൊണ്ടുവരേണ്ടതിനു പകരം, ഓണ്‍ലൈനിലൂടെ യഥേഷ്ടം മദ്യം ഒഴുക്കാനുള്ള നീക്കം കേരളത്തെ പഴയ ചാരായ കാലഘട്ടത്തിലേക്ക് തിരികെ എത്തിക്കുന്നതാണെന്ന് മദ്യനിരോധന പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
അര നൂറ്റാണ്ട മുന്‍പ് മദ്യത്തിന്റെ നികുതി 25 ശതമാനം ആയിരുന്നെങ്കില്‍ ഇപ്പോഴത് 135 ശതമാനമാണ്. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ മദ്യവില്‍പ്പനയിലൂടെ സര്‍ക്കാരിന് ലഭിച്ചത് 10208.70 കോടി രൂപയും. കുടുംബങ്ങള്‍ അനാഥമായാലും, അക്രമങ്ങള്‍ പെരുകിയാലും, സാമൂഹികവിരുദ്ധര്‍ അഴിഞ്ഞാടിയാലും കുഴപ്പമില്ല, നികുതി വരുമാനം വര്‍ധിപ്പിക്കണം എന്നതാണിപ്പോള്‍ സര്‍ക്കാരിന്റെ ലക്ഷ്യം.അതേസമയം, മദ്യപാനം മൂലമുണ്ടാകുന്ന ചികിത്സചെലവ് ഇതിന്റെ പലമടങ്ങുകള്‍ വരുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ലിവര്‍ സിറോസീസ് തുടങ്ങി വിവിധ രോഗങ്ങള്‍ മുലം മരിക്കുന്നവരുടെ എണ്ണം വര്‍ഷം തോറും കൂടുന്നു.
ബംഗളൂരുവില്‍ ഓണ്‍ലൈന്‍ മദ്യവ്യാപാരം നിലവിലുണ്ട്. ‘ മധുലോക ലിക്വര്‍ ബോട്ടീഗ്’ എന്ന സ്വകാര്യ കമ്പനിയാണ് കടത്തുകൂലി വാങ്ങാതെ മദ്യം എത്തിച്ചുനല്‍കുന്നത്. അരിയടക്കം നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്കു നല്‍കാനായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ 1965 ഒക്ടോബര്‍ ഏഴിന്‌കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ച സംവിധാനമാണ് കണ്‍സ്യൂമര്‍ഫെഡ്.
കെടുകാര്യസ്ഥത മൂലം നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്ന കണ്‌സ്യൂമര്‍ഫെഡ്, 2001-02 വര്‍ഷത്തില്‍ മദ്യബിസിനസിലേക്കു തിരിഞ്ഞു.2006 മാര്‍ച്ച് വരെ 23.97 കോടി രൂപയുടെ നഷ്ടത്തിലായിരുന്ന പ്രസ്ഥാനം, 2014-15 ല്‍ മദ്യബിസിനസിലൂടെ നേടിയ വരുമാനം 1067.64 കോടി രൂപയാണ്.സംസ്ഥാനത്തെ 36 കണ്‍സ്യൂമര്‍ഫെഡ് മദ്യഷാപ്പുകളിലൂടെ ഓണ്‍ലൈനില്‍ മദ്യം വില്‍ക്കുകവഴി പതിന്മടങ്ങ് ലാഭമുണ്ടാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.