മണ്ണാര്‍ക്കാട്: ഓപ്പറേഷന് അനന്തപദ്ധതിയുടെ ഭാഗമായി മണ്ണാര്‍ക്കാട് നഗരത്തില്‍ ആരംഭിച്ച അനധികൃത കെട്ടിടം ഒഴിപ്പിക്കല്‍ വ്യാ പാരികള്ക്കും ജനങ്ങള്‍ക്കും തലവേദനയാകുന്നു. പൊളിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും തുടര്‍പ്രവര്‍ ത്തനങ്ങള് ഒന്നും നടത്താത്തതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. കോടതിപടിമുതല് നെല്ലിപ്പുഴവരെയുള്ള ഭാഗങ്ങളില്‍ കെട്ടിടങ്ങള്‍ പൊളിച്ചശേഷം തുടര്‍പ്രവര്‍ത്തനങ്ങള്‍ ഒന്നുംതന്നെ ഇതുവരെയായി നടത്തിയിട്ടില്ല. പൊളിച്ചശേഷം കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കുകയാണ് ചെയ്തത്. പൊളിച്ചകെട്ടിടങ്ങളുടെ ഭാഗത്ത് ചാലുകള്‍ നിര്‍മിക്കുകയും ബാക്കിഭാഗം ടാറിംഗ് ചെയ്യുകയുമാണ് വേണ്ടത്.
പണികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് അടിയന്തിരമായി തുടര്‍പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമെന്നാണ് പൊളിപ്പിക്കല്‍ നടപടിക്ക് മുന്‍കൈ എടുത്ത ഒറ്റപ്പാലം സബ് കളക്ടര്‍ നൂഹ് ബാവയും സംഘവും പറഞ്ഞത്. എന്നാല്‍ അത് കേവലം പാഴ്വാക്കായി മാറുകയാണുണ്ടായത്. ഇപ്പോള്‍ വ്യാപാരികളാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്. മഴക്കാലം വന്നെത്തിയാല്‍ മഴവെള്ളചാലുകള്‍ ഇല്ലാത്തതുമൂലം മഴവെള്ളമൊന്നാകെ റോഡിലേക്കും കടകള്‍ക്കുള്ളിലേക്കും കയറാനുള്ള സാധ്യത ഏറെയാണ്. ഇതെല്ലാം കണക്കിലെടുത്താണ് അധികൃതര്‍ നേരത്തെതന്നെ റോഡുവികസനപ്രവര്ത്തനങ്ങള് നടത്തണമെന്ന് ആവശ്യം ശക്തമാക്കുന്നത്.
റോഡുപണിക്ക് മുമ്പായി നഗരത്തിലൂടെ കടന്നുപോകുന്ന വാട്ടര്‍ അതോറിറ്റിയുടെ പ്രധാന കുടിവെള്ള പൈപ്പുകള്‍ മാറ്റി സ്ഥാപിക്കണം. അല്ലാത്തപക്ഷം റോഡുകള്‍ പെട്ടെന്ന് തകരും. ഇതിന്റെ പണിയും ആരംഭിച്ചിട്ടില്ല. 7.5 കോടി രൂപയാണ് ദേശീയപാതവിഭാഗം മണ്ണാര്‍ക്കാട് റോഡ് വികസനത്തിനായി അനുവദിച്ചിട്ടുള്ളത്. ഇതിന്റെ പ്രാരംഭ നടപടികള്‍പോലും ആരംഭിച്ചിട്ടില്ല. റോഡ് വികസനം ത്വരിതഗതിയിലാക്കണം എന്നാവശ്യപ്പെട്ട് വ്യാപാരിവ്യവസായി ഏകോപനസമിതി മണ്ണാര്‍ക്കാട് യൂണിറ്റ് സമരത്തിനൊരുങ്ങുകയാണെന്ന് പ്രസിഡന്റ് ബാസിത് മുസ്ലിം,രമേശ്, ബൈജു രാജേന്ദ്രന് എന്നിവര്‍ പറഞ്ഞു.