ഓസ്‌ട്രേലിയന്‍ വിസ തട്ടിപ്പ്; പ്രതിക്കെതിരെ ഒരു കേസുകൂടി രജിസ്റ്റര്‍ ചെയ്തു

kkd-thattippuകോഴിക്കോട്: ഓസ്‌ട്രേലിയന്‍ തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിച്ചെടുത്ത കേസില്‍ അറസ്റ്റിലായ യുവാവിനെതിരെ ഒരു കേസു കൂടി രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച നടക്കാവ് പോലീസ് തൊടുപുഴയില്‍ നിന്നും അറസ്റ്റ് ചെയ്ത പലക്കാട് കരിമ്പ സ്വദേശി കട്ടപ്പാറ വീട്ടില്‍ ബിജു ഫ്രാന്‍സിസിനെതിരെയാണ് തൊടുപുഴ സ്വദേശി ജോസഫിന്റെ പരാതിയില്‍ കേസെടുത്തത്.

ന്യൂമാന്‍ കോളജ് പരിസരത്ത് ഒളിവില്‍ കഴിയവെയായിരുന്നു ബിജു പിടിയിലായത്. കോഴിക്കോട് കൊട്ടാരംറോഡ് സ്വദേശി കുഴിമറ്റത്തില്‍ നവീന്‍ ഫിലിപ്പിന്റെ പരാതിയിലായിരുന്നു  അറസ്റ്റ്. 2014ല്‍ ഒരു സുഹൃത്ത് മുഖേന പരിചയപ്പെട്ട ബിജു, നവീനിനേയും, സുഹൃത്ത് ചാള്‍സിനേയും സമീപിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു. ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് കഴിഞ്ഞവര്‍ക്ക് ഓസ്‌ട്രേലിയയിലെ സിഡ്‌നിയലുള്ള സ്റ്റാര്‍ ഹോട്ടലില്‍ ജോലി ലഭിക്കുമെന്നറിയിച്ചു. പ്രതിമാസം രണ്ടര ലക്ഷം രൂപ ശമ്പളമുണ്ടെന്നും ഏതാനും വിസ ശരിയാക്കാമെന്നും പറഞ്ഞു.

വിസയ്ക്കായി അഞ്ചു ലക്ഷം രൂപ നല്‍കിയാല്‍ മതിയെന്നും പറഞ്ഞു. തുടര്‍ന്ന് നവീനിന്റെ എസ്ബിഐ അക്കൗണ്ട് മുഖേന ബിജുവിന്റെ അക്കൗണ്ടിലേക്ക് തുക മാറ്റി. പണം നല്‍കിയ ഉറപ്പിലേയ്ക്ക് ജോബ് ലെറ്ററും,  ചെക്കും നവീനിനെ ഏല്‍പ്പിച്ചു. ഒരാഴ്ചക്കകം ബിജു സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചു.

നാലു മാസം കഴിഞ്ഞിട്ടും വിസ ലഭിക്കാത്തതിനാല്‍ നവീന്‍ ബിജുവിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍, കുറച്ചു സമയം കൂടി കഴിയുമെന്നായിരുന്നു മറുപടി. ഇങ്ങനെ പലതവണ അവധി മാറ്റി. ഒന്നര വര്‍ഷത്തിനു ശേഷം നവീന്‍  പാലക്കാട്ടെ വിലാസത്തില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ബിജു നല്‍കിയ ചെക്ക് ബാങ്കില്‍ അയച്ചപ്പോള്‍ പണമില്ലാതെ മടങ്ങി. ബിജു നിരവധി പേരെ ഈ വിധം കബളിപ്പിച്ചെന്നു മനസിലാക്കിയ നവീന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ നടക്കാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പോലീസിന്റെ അന്വേഷണത്തില്‍ പ്രതി പലയിടങ്ങളിലും മാറി മാറി താമസിക്കുന്നതായും, സിംകാര്‍ഡ് ഇടക്കിടെ മാറ്റുന്നതായും കണ്ടെത്തി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതി തൊടുപുഴയില്‍ ഉണ്ടെന്നറിഞ്ഞു. തുടര്‍ന്ന് തൊടുപുഴ ഷാഡോ പോലീസിന്റെ സഹായത്തോടെ ബിജുവിനെ നടക്കാവ് പോലീസ് വീട് വളഞ്ഞു പിടികൂടുകയായിരുന്നു. തൊടുപുഴയിലെ താമസത്തിനിടയില്‍ നാല് പേരില്‍ നിന്ന് വിസയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയ ഇയാള്‍ കോഴിക്കോട്,വടകര, തൃശൂര്‍ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കിട്ടുന്ന പണം കൊണ്ട് വിനോദയാത്ര നടത്തി ആര്‍ഭാടജീവിതം നയിക്കുകയാണ്  രീതി.

Related posts