കൊച്ചി: ബോണസ് സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് കൊച്ചി തുറമുഖത്തെ കണെ്ടയ്‌നര്‍-ട്രെയിലര്‍ തൊഴിലാളികള്‍ മൂന്നു മുതല്‍ പണിമുടക്കും. നാളെ പൊതുപണിമുടക്കായതിനാല്‍ ഫലത്തില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ കണ്ടെയ്‌നര്‍ ലോറികള്‍ ഓടില്ല. കണ്ടെയ്‌നര്‍ ഉടമകളുമായി തൊഴിലാളി സംഘടനകള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് പണിമുടക്ക്.
തൊഴിലാളികള്‍ക്ക് അര്‍ഹമായ ബോണസ് നല്‍കണമെന്നാവശ്യപ്പെട്ട് നാലുവട്ടം ചര്‍ച്ച നടത്തിയെങ്കിലും ട്രക്ക് ഉടമകള്‍ ബോണസ് വര്‍ധിപ്പിക്കാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടു പോകുന്നതെന്നും ട്രേഡ് യൂണിയന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പി.എസ്. ആഷിക് പറഞ്ഞു. തൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ പാര്‍ക്കിംഗ് സൗകര്യത്തിന്റെ അഭാവവും സമരാനുകൂലികളുടെ ആവശ്യങ്ങളില്‍പ്പെടുന്നു. ഏകദേശം നാലായിരത്തോളം കണ്ടെയ്‌നറുകള്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കണ്ടെയ്‌നര്‍-ട്രെയിലര്‍ ലോറി തൊഴിലാളി പണിമുടക്ക് മേഖലയിലെ ചരക്കുനീക്കത്തെ സാരമായി ബാധിക്കും.
കപ്പലുകളില്‍ പോര്‍ട്ടിലേക്കെത്തുന്ന കണ്ടെയ്‌നറുകള്‍ മാറ്റാനാകാതെ കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ടാകും. കൂടാതെ കപ്പലുകളില്‍ കയറ്റി അയക്കേണ്ട കണ്ടെയ്‌നറുകള്‍ എത്തിക്കാന്‍ സാധിക്കാതെ വന്നാല്‍ കപ്പലുകളുടെ മടക്കയാത്രയെ ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങും. കണ്ടെയ്‌നര്‍ ഉടമകളുമായി ഇന്ന് ചര്‍ച്ചകള്‍ ഉണ്ടാകാന്‍ സാധ്യതയില്ല എന്നാണ് വിവരം.