കണ്ണൂര്‍: കണ്ണൂരിലെ സമാധാന ശ്രമങ്ങള്‍ക്കുള്ള സര്‍ക്കാര്‍ നടപടികളുമായി സിപിഎം സഹകരിക്കുമെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. ഫേസ്ബുക്ക് പോസ്റ്റിലാ ണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.എന്നാല്‍ കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വെറും ക്രമസമാധാന പ്രശ്‌നമായി കാണുന്ന പോലീസ് നിലപാട് സിപിഎം തള്ളി. കണ്ണൂരിലെ അക്രമ സംഭവങ്ങള്‍ക്ക് കാരണം ആര്‍എസ്എസുകാരാണ്. അവരുടെ കേരള അജണ്ടയുടെ ഭാഗമായാണ് അക്രമങ്ങള്‍ നടത്തുന്നത്.
ജില്ലയില്‍ പലയിടത്തും സംഘപരിവാറിന്റെ ഭാഗമായി നടത്തുന്ന പരിപാടികളില്‍ മതസ്പര്‍ദ്ദ ഉളവാക്കുന്ന നിലയിലുള്ള പരാമര്‍ശങ്ങള്‍ വരുന്നുണ്ട്. ഇങ്ങനെ മതസ്പര്‍ദ്ദ ഉണ്ടാക്കുന്ന നിലയിലുള്ള പ്രസംഗം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണം. ക്ഷേത്രങ്ങളിലും സര്‍ക്കാര്‍ സ്ഥലങ്ങളിലും ആര്‍എസ്എസ് ശാഖകള്‍ നടക്കുന്നുണ്ട്. ഇത് അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.
സമാധാന പാലനത്തിന്റെ പേരില്‍ പോലീസ് സ്വീകരിക്കുന്ന നടപടികള്‍ക്കെതിരേ പ്രതികരിക്കരുതെന്ന നിര്‍ദ്ദേശം സ്വീകാര്യമല്ല. പോലീസ് ഉദ്യോഗസ്ഥരില്‍ എല്ലാവരും നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്നവരല്ല. അവരില്‍ തെറ്റായ നടപടികള്‍ സ്വീകരിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതികരിക്കേണ്ടത് ആവശ്യമാണ്. രാഷ്ര്ടീയ പാര്‍ട്ടി എന്ന നിലക്ക് ഏത് ഉദ്യോഗസ്ഥന്റെയും തെറ്റും നിയമവിരുദ്ധവുമായ നടപടികളെ എതിര്‍ക്കുക എന്നത് ജനാധിപത്യപരമായ അവകാശമാണെന്നും പി.ജയരാജന്റെ പോസ്റ്റില്‍ പറയുന്നു.