പരവൂർ: ട്രെയിനുകളിലെ എസി കോച്ചുകളിൽ പതിവായി യാത്രക്കാർക്ക് നൽകി വന്നിരുന്ന വെളുത്ത പുതപ്പുകൾക്ക് വിട. പകരം രാജസ്ഥാനിലെ സംഗനേരി പ്രിന്റുകൾ ഉള്ള കളർ പുതപ്പുകൾ റെയിൽവേ അവതരിപ്പിക്കുന്നു.പരമ്പരാഗത വസ്ത്രങ്ങളെയും കൈത്തറി മേഖലയെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തിളക്കമുള്ളതും വർണാഭവുമായ പുതപ്പുകൾ കവറുകളിലാക്കി യാത്രക്കാർക്ക് നൽകിത്തുടങ്ങിയത്.
നിലവിൽ നൽകി വന്നിരുന്ന വെള്ള ഷീറ്റുകളും പുതപ്പുകളും സംബന്ധിച്ച് യാത്രക്കാർക്കിടയിൽ വ്യാപക പരാതിയുണ്ടായിരുന്നു. ശുചിത്വമില്ലായ്മ തന്നെയായിരുന്നു പ്രധാന കാരണം. ഇവ കൃത്യമായി ശുചിയാക്കാതെയാണ് ഒരു യാത്ര കഴിഞ്ഞ് അടുത്ത യാത്രക്കാർക്കും നൽകി വന്നിരുന്നത്.
ഇപ്പോൾ ഏർപ്പെടുത്തിയിട്ടുള്ള കളർഫുൾ പുതപ്പുകൾ കവറുകളിലാക്കിയാണ് നൽകുന്നത്. ഉപയോഗം കഴിഞ്ഞാൽ കവറുകൾ മാറ്റിയാൽ മതി. ശുചിത പ്രശ്നം പരിഹരിക്കാൻ എളുപ്പ മാർഗമായും റെയിൽവ ഈ മാറ്റത്തെ വിലയിരുത്തുന്നു.ജയ്പുർ-അസർവ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലാണ് ഇത് പൈലറ്റ് പദ്ധതിയായി നടപ്പിലാക്കിയിട്ടുള്ളത്. വിജയിച്ചാൽ രാജ്യവ്യാപകമായി ഏർപ്പെടുത്താനാണ് റെയിൽവേ മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്.
ഈടുനിൽക്കുന്നതും പ്രിന്റുകളുടെ ഗുണമേന്മയും കണക്കിലെടുത്താണ് ഇവ കവചിത പുതപ്പുകളായി നൽകാൻ റെയിൽവേ തീരുമാനിച്ചത്. പുതിയ പുതപ്പ് ഉപയോഗിച്ച ശേഷം യാത്രക്കാരുടെ അനുഭവം റെയിൽവേ ഫീഡ്ബാക്കായി ശേഖരിക്കുന്നുമുണ്ട്.
ജയ്പുരിനടുത്തുള്ള സംഗനേരി എന്ന ചെറിയ പട്ടണത്തിലാണ് പ്രശസ്തമായ സംഗനേരി പ്രിന്റ്ഡ് പുതപ്പുകൾ നിർമിക്കുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഹാന്റ് ബ്ലോക്ക് സാങ്കേതികവിദ്യയിലാണ്.പ്രായോഗിക താത്പര്യങ്ങൾക്ക് അപ്പുറം രാജ്യത്തിന്റ സംസ്കാര വൈവിധ്യത്തെ കൂടി പിന്തുണയ്ക്കുക എന്നതിന് കൂടി റെയിൽവേ ഇതുവഴി ലയുമിടുന്നു.
റെയിൽവേയ്ക്ക് പ്രതിവർഷം ഇത്തരത്തിലുള്ള ദശലക്ഷക്കണക്കിന് പുതപ്പുകളാണ് വേണ്ടി വരുന്നത്. ഇത് പൂർത്തീകരിക്കുന്നതിന് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മികച്ച പ്രിന്റഡ്. പുതപ്പുകൾ കൂടി ആവശ്യാനുസരണം ലഭ്യമാക്കുന്നതിന് റെയിൽവേ നടപടികൾ ആരംഭിച്ച് കഴിഞ്ഞു.
വിവിധ കരകൗശല – കൈത്തറി ക്ലസ്റ്ററുകൾക്ക് ബൾക്ക് ഓർഡറും അധികൃതർ നൽകിയിട്ടുണ്ട്. ആകർഷകവും വ്യത്യസ്ഥ നിറങ്ങളിലുമുള്ള പുതപ്പുകൾ എത്തിക്കണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയാണ് ഓർഡറുകൾ നൽകിയിട്ടുള്ളത്.കേരളത്തിലെ കൈത്തറി വസ്ത്രമേഖയിലെ സർക്കാർ സംരഭങ്ങളായ ഹാന്റ്റെക്സിനും ഹാന്റ് വീസിനും വലിയ വിപണി സാധ്യത നൽകുന്നതാണ് റെയിൽവേയുടെ ഈ പരിഷ്കരണം.
- എസ്.ആർ. സുധീർ കുമാർ