ചിറ്റൂര്‍: മൂലത്തറ ഇടതുകനാലിന്റെ ഇരുവശത്തെയും ബണ്ടുകളില്‍ വളര്‍ന്നുപന്തലിച്ച പാഴ്ചെടികള്‍ വെട്ടിമാറ്റി ജലഗതാഗതം സുഗമമാക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. കനാല്‍ബണ്ടില്‍ ചെടിത്തൂപ്പുകള്‍ വളരുന്നതിനാല്‍ പലഭാഗത്തും സ്ലാബ് ഇളകിവീണ് ബണ്ട് തകര്‍ന്നിരിക്കുകയാണ്.കന്നിമാരി, പാട്ടികുളം, ഏന്തല്‍പ്പാലം, അയ്യപ്പന്‍കാവ്, പാറമേട്, ചുള്ളിപ്പെരുക്കമേട്, തത്തമംഗലം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് കനാല്‍ബണ്ടില്‍ പാഴ്ചെടികള്‍ നിറഞ്ഞിരിക്കുന്നത്. സ്ലാബ് തകര്‍ന്ന ഭാഗത്ത് ജലസേചന അധികൃതര്‍ മണല്‍ചാക്ക് നിരത്തി താത്കാലിക നടപടി സ്വീകരിച്ചു മടങ്ങുകയാണ് ചെയ്യുന്നതത്രേ.
എന്നാല്‍ പിന്നീട് കനാലില്‍ കൂടുതല്‍ വെള്ളം വിട്ടാല്‍ മണല്‍ചാക്ക് ഒഴുകിപോയി ബണ്ടില്‍ വന്‍ഗര്‍ത്തം രൂപപ്പെടുകയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ തകര്‍ച്ചയുണ്ടാകുന്ന സ്ഥലത്ത് കോണ്‍ക്രീറ്റ് ബണ്ട് നിര്‍മിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ അധികൃതര്‍ മുടന്തന്‍ന്യായം പറഞ്ഞ് രക്ഷപ്പെടുകയാണെന്നും കര്‍ഷകര്‍ കുറ്റപ്പെടുത്തി.
1975-ലാണ് മൂലത്തറ അണക്കെട്ടില്‍നിന്നും കമ്പാലത്തറ ഏരിയിലേക്കും അവിടെനിന്നും തത്തമംഗലം, പല്ലശന എന്നിവിടങ്ങളിലേക്കും ഇടതുകനാല്‍ നിര്‍മിച്ചത്. കനാല്‍ നിര്‍മാണത്തിനുശേഷം നാല്പതുവര്ഷം കഴിഞ്ഞെങ്കിലും സംരക്ഷണ ജോലികള്‍ കൃത്യമായി നടത്താതെ കനാല്‍ ഭാഗികമായി തകര്‍ച്ചയിലാണ്. വലതുകനാല്‍ വേലന്താവളംവരെ നീട്ടണമെന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ മുറവിളികൂട്ടാറുണ്ടെങ്കിലും ജലഗതാഗതം നടത്തിവരുന്ന ഇടതുകനാലിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ ആവശ്യം ഉന്നയിക്കാറില്ലെന്നും കര്‍ഷകര്‍ പറഞ്ഞു.