ചിറ്റൂര്‍: കമ്പാലത്തറ- വെങ്കലക്കയം നാലുകിലോമീറ്റര്‍ റോഡ് തകര്‍ന്നുണ്ടായ ഗര്‍ത്തത്തില്‍ വെള്ളം കെട്ടിനില്ക്കുന്നതു ഇതുവഴിയുള്ള യാത്ര ദുഷ്കരമാക്കുന്നു. ഇരുചക്രവാഹനങ്ങള്‍ ഗര്‍ത്തത്തില്‍ ഇറങ്ങി നിയന്ത്രണംവിട്ടു മറിഞ്ഞ് യാത്രക്കാരുടെ വസ്ത്രങ്ങളില്‍ ചെളിവെള്ളംവീണ് മലിനമാകുന്നതു പതിവാണ്.
ഇക്കഴിഞ്ഞദിവസം വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ ബൈക്കില്‍ പോകുന്ന ദമ്പതികള്‍ ഗര്‍ത്തത്തില്‍ കെട്ടിനില്ക്കുന്ന വെള്ളത്തിലേക്കു വീണിരുന്നു.
ചെളിവെള്ളത്തില്‍ വസ്ത്രങ്ങള്‍ മലിനമായതോടെ ഇരുവരും വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാകാതെ വീട്ടിലേക്കു തിരിച്ചുപോയി.രാത്രിസമയങ്ങളില്‍ സഞ്ചരിക്കുന്ന വാഹനങ്ങളാണ് കൂടുതലും അപകടത്തില്‍പെടുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിലധികമായി റോഡ് പുനര്‍നിര്‍മാണം നടത്തിയില്ലെന്ന യാത്രക്കാരുടെ പരാതിയും നിലനില്ക്കുന്നു. ആയിരത്തോളം കുടുംബങ്ങള്‍ താമസിക്കുന്ന പൊതുവഴിയാണ് തകര്‍ന്ന് അലങ്കോലമായി കിടക്കുന്നത്. മുമ്പ് ബസ് സര്‍വീസ് നടത്തിയിരുന്ന ഈ റോഡ് നിലവില്‍ സഞ്ചരിക്കാന്‍പോലും കഴിയാത്തവിധം തകര്‍ന്നുകിടക്കുകയാണ്.