മട്ടന്നൂര്‍: കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനായി കൃഷി ഭവനിലെത്തിച്ച മാവിന്‍ തൈകള്‍ നശിക്കുന്നു. ഇരിട്ടി നഗരസഭയിലെ ചാവശേരി ഇരുപത്തിയൊന്നാം മൈലില്‍ പ്രവര്‍ത്തിക്കുന്ന കീഴൂര്‍-ചാവശേരി കൃഷി ഭവനിലാണ് ലക്ഷങ്ങളുടെ തൈകള്‍ നശിക്കുന്നത്. കാലവര്‍ഷത്തില്‍ കര്‍ഷകര്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്നതിനാണ് കഴിഞ്ഞ മാസം മാവിന്‍ തൈകള്‍ കൃഷിഭവനിലെത്തിച്ചത്. മൂന്ന് ലക്ഷത്തോളം രൂപ ചെലവിട്ട് വയനാട്ടില്‍ നിന്നാണ് 3000 മാവിന്‍ തൈകള്‍ വിതരണത്തിനായി എത്തിച്ചത്.
ഒരു റേഷന്‍ കാര്‍ഡിന് ഒരു തൈ വിതരണം ചെയാനായിരുന്നു കൃഷി ഓഫീസര്‍ക്ക് നിര്‍ദേശമുണ്ടായിരുന്നത്. ആയിരത്തിലധികം കര്‍ഷകര്‍ അപേക്ഷയോടൊപ്പം റേഷന്‍ കാര്‍ഡിന്റെ കോപ്പി നല്‍കി തൈ വാങ്ങിയിരുന്നു. എന്നാല്‍ കൂടുതല്‍ അപേക്ഷകര്‍ ഇല്ലാതെ വന്നതോടെ 1500 ഓളം തൈകള്‍ ഉണങ്ങി നശിക്കുന്ന അവസ്ഥയിലാണ്.
കൃഷിഭവന്റെ കോമ്പൗണ്ടില്‍ കൂട്ടിയിട്ട തൈകളാണ് മഴയും വെയിലുമേറ്റ് നശിക്കുന്നത്. സൗജന്യമായി തൈ വിതരണം ചെയ്യുന്ന വിവരം കര്‍ഷകരില്‍ എത്തിക്കാത്തതാണ് മാവിന്‍ തൈകള്‍ കെട്ടിക്കിടക്കാന്‍ കാരണമായതെന്നും അധികൃതരുടെ അനാസ്ഥയാണ് ഇതിന് പിന്നിലെന്നും നാട്ടുകാര്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് രണ്ട് തൈകള്‍ വീതം വിതരണം ചെയ്താല്‍ തന്നെ കെട്ടിക്കിടക്കുന്ന തീര്‍ക്കാന്‍ കഴിയാവുന്നതായിരുന്നു. അധികൃതരുടെ ഈ നടപടിയില്‍ കര്‍ഷകരില്‍ തന്നെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.