തൃശൂര്‍: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്ന മണിയുടെ മൂന്നു സഹായികളെയും വിട്ടയച്ചു. ബന്ധുകൂടിയായ വിപിന്‍, തമിഴ്‌നാട് സ്വദേശി മുരുകന്‍, അരുണ്‍ എന്നിവരെയാണ് അന്വേഷണസംഘം വിട്ടയച്ചത്. കാര്യമായ തെളിവുകള്‍ കിട്ടാത്ത സാഹചര്യത്തിലാണ് ഇവരെ വിട്ടയച്ചത്. മണിയുടെ മരണത്തിനു ശേഷം ഇവര്‍ പോലീസ് കസ്റ്റഡിയിലായിരുന്നു.
മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഔട്ട്ഹൗസായ പാഡിയിലെ ജീവനക്കാരായ ഇവരെ സംശയമുണ്ടെന്നും മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ ചാനല്‍ ചര്‍ച്ചകളിലും പിന്നീട് മാധ്യമങ്ങളോടും പറഞ്ഞിരുന്നു. തുടര്‍ന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. എന്നാല്‍ ഇത്രദിവസം തുടര്‍ച്ചയായി ഇവരെ ചോദ്യം ചെയ്തിട്ടും കാര്യമായ തെളിവുകളൊന്നും അന്വേഷണസംഘത്തിന് ലഭിച്ചില്ല. അതേസമയം മണിയുടെ സഹായികളെക്കുറിച്ചുള്ള സംശയങ്ങളില്‍ മണിയുടെ സഹോദരനടക്കമുള്ള ബന്ധുക്കള്‍ ഉറച്ചുനില്‍ക്കുകയാണ്.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഗുരുതരമായ രോഗവും വിഷവും മരണകാരണമായെന്നാണ് പറഞ്ഞിട്ടുള്ളത്. മണിയുടേത് ആത്മഹത്യയോ കൊലപാതകമോ സ്വാഭാവിക മരണമോ എന്നത് സ്ഥിരീകരിക്കാന്‍ അന്വേഷണസംഘത്തിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. അന്വേഷണം അന്തിമഘട്ടത്തിലാണെന്നും വൈകാതെ ഇതുസംബന്ധിച്ച് അന്തിമതീരുമാനത്തിലെത്തുമെന്നും പോലീസ് പറയുന്നു.
കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചെങ്കിലും ഇവരെ നിരീക്ഷിക്കുന്നത് തുടരും. മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ കീടനാശിനിയുടെ അളവ് എത്രമാത്രമുണ്ടെന്നതിന്റെ വിശദാംശങ്ങള്‍ ലഭിച്ചാലേ ഇനി അന്വേഷണം മുന്നോട്ടുപോവുകയുള്ളു. അതേസമയം പല സംഘങ്ങളായി തുടരുന്ന അന്വേഷണം പലതലത്തിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
അന്വേഷണത്തിനു മെഡിക്കല്‍ സംഘവും
തൃശൂര്‍: കലാഭവന്‍ മണിയുടെ ദുരൂഹമരണം സംബന്ധിച്ചുള്ള അന്വേഷണം വിപുലമാക്കുന്നതിന്റെ ഭാഗമായി വിദഗ്ധ ഡോക്ടര്‍മാരും ഫോറന്‍സിക് വിദഗ്ധരും രാസപരിശോധനയില്‍ സ്‌പെഷ്യലൈസ് ചെയ്തിട്ടുള്ളവരുമായ പ്രത്യേക മെഡിക്കല്‍ സംഘത്തെ ഉള്‍പ്പെടുത്തി ടീം വിപുലമാക്കും. പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മരണകാരണം സംബന്ധിച്ച ആശയക്കുഴപ്പം നീക്കുന്നതിനുള്ള ശാസ്ത്രീയമായ വിദഗ്ധ പരിശോധനകള്‍ ഇനിയും ആവശ്യമായതിനാലാണ് പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ സഹായം പോലീസ് തേടുന്നത്. ആന്തരികാവയവങ്ങളിലെ വിഷപദാര്‍ഥങ്ങളുടെ അളവ് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കാക്കനാട് കെമിക്കല്‍ ലാബിനോട് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുലഭിച്ചാലേ അന്വേഷണത്തിന് വ്യക്തത കൈവരുകയുള്ളു.
മണിയുടെ ശരീരത്തില്‍ കീടനാശിനിയായ ക്ലോര്‍ പൈറിഫോസും മെഥനോളും ഉണ്ടെന്ന റിപ്പോര്‍ട്ട് കാക്കനാട്ടെ ലാബില്‍ നിന്നും നേരത്തെ ലഭിച്ചിരുന്നു. അതേസമയം മെഥനോള്‍ മാത്രമേ മണിയുടെ ശരീരത്തിലുണ്ടായിരുന്നുള്ളുവെന്നും കീടനാശിനിയുണ്ടായിരുന്നില്ലെന്നും മണിയെ അവസാനമായി ചികിത്സിച്ച കൊച്ചിയിലെ അമൃത ആശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ മൊഴി നല്‍കിയിട്ടുണ്ട്. അവരുടെ ലാബ് റിപ്പോര്‍ട്ടിലും കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഇത് അന്വേഷണസംഘത്തിന് ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. ഇതെല്ലാം പരിഹരിക്കാനാണ് പ്രത്യേക മെഡിക്കല്‍ സംഘം രൂപീകരിക്കാന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ നിര്‍ദേശിച്ചത്. ഇതിനായി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അന്വേഷണസംഘം രേഖാമൂലം അപേക്ഷ നല്‍കും. ആന്തരികാവയവങ്ങളുടെയും മറ്റു് സാമ്പിളുകള്‍ ഹൈദ്രാബാദിലെ കേന്ദ്ര ഫൊറന്‍സിക് ലാബിലും പരിശോധിക്കും. കീടനാശിനിയും മെഥനോളും എങ്ങിനെ മണിയുടെ ശരീരത്തിലെത്തിയെന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.