കല്ലായി തീരത്തെ നോമ്പ് ഓര്‍മകള്‍

kkd-mamuഎ.എഫ്.ഷാഹിന

കല്ലായിപ്പുഴയുടെ ഓളപ്പരപ്പിനു മീതെ കൂട്ടിയട്ട മരങ്ങള്‍ക്കിടയില്‍ കിളര്‍ത്തു തുടങ്ങിയതാണ് മാമുക്കോയയുടെ ജീവിതം. ചലച്ചിത്ര-നാടക അഭിനയത്തിലേക്ക് തിരിയും മുമ്പേ ദാരിദ്ര്യത്തിന്റെ പൊള്ളുന്ന ജീവിതത്തില്‍ നിന്നാണ് നോമ്പിന്റെ ഇന്നലെകള്‍ ഓര്‍മയിലുള്ളത്. കലാകാരന്‍ എന്ന നിലയില്‍ നോമ്പ് ഓര്‍മകള്‍ക്കൊപ്പം ചില ഉപദേശങ്ങളും ചില കാഴ്ചപ്പാടുകള്‍ക്കൂടി മാമുക്കോയ പങ്കുവയ്ക്കുന്നുണ്ട്. പഴയ കാലത്ത് അടുത്തത്ത് വീടുകള്‍ ഉണ്ടാവാറില്ല. അതുകൊണ്ടുത്തന്നെ നോമ്പും പെരുന്നാളും ഉറപ്പിച്ചാല്‍ അത് മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കുന്നത് കുട്ടികളും ചെറുപ്പക്കാരുമാണ്. അക്കൂട്ടത്തില്‍ ഞാനും ഒരുപാട് തവണ ചേര്‍ന്നിട്ടുണ്ട്.

നോമ്പിന്റെ യഥാര്‍ഥ ആത്മീയത കാത്തു സൂക്ഷിക്കാന്‍ പഴയ കാലത്തുള്ള ആളുകള്‍ക്കാണ് കൂടുതല്‍ കഴിഞ്ഞിരുന്നത്. ദീനീ ബോധവും പടച്ചവനിലുള്ള ഭയവും ഇന്നാളുകള്‍ക്ക് കുറവാണെന്നാണ് എനിക്ക് തോന്നുന്നത്. സമൂഹത്തെയും സമുദായത്തെയും ബോധവത് ക്കരിക്കേണ്ടവര്‍ തന്നെ സ്വന്തം ആശയത്തിലുള്ള സംഘടനകളിലേക്ക് ആളുകളെ ക്ഷണിക്കുകയാണ് ചെയ്യുന്നത്. മതത്തിനു വേണ്ടിയല്ല, സംഘടനാ ശക്തി തെളിയിക്കാനാണ് ഇന്ന് പലരും പള്ളികളും പ്രഭാഷണ കേന്ദ്രങ്ങളും സജ്ജീകരിക്കുന്നത്.

സ്ത്രീധനം, പലിശ, മദ്യപാനം, കവര്‍ച്ച, മാനഭംഗം, ക്വട്ടേഷനടക്കമുള്ള തിന്മകള്‍ക്കെതിരെയാണ് പണ്ഡിതര്‍ രംഗത്തു വരേണ്ടത്. അതാകണം റംസാന്റെ സന്ദേശം. ഇന്നു പത്രമെടുത്താല്‍ തൊലിയുരിഞ്ഞുപോവുകയാണ്.   കുട്ടിക്കാലത്ത് നോമ്പിനെ ഒരു ആഘോഷമായിട്ടായിരുന്നു കണ്ടിരുന്നത്. നോമ്പ് കഴിഞ്ഞെത്തുന്ന പെരുന്നാളാണ് ലക്ഷ്യം. ജീവിതത്തില്‍ നല്ലൊരു കുപ്പായവും തുണിയും കിട്ടിയിരുന്നത് ചെറിയ പെരുന്നാളിന്നാണ്. ഇതു മടക്കി വച്ചു വലിയ പെരുന്നാളിന്നും ഉപയോഗിക്കും. നോമ്പെടത്തവനു മാത്രമേ പെരുന്നാള്‍ ആഘോഷിക്കാനാകൂ. അതുകൊണ്ട് തന്നെ കൂട്ടുകാര്‍ക്കിടയില്‍  മത്സരിച്ചു നോമ്പ് നോല്‍ക്കുമായിരുന്നു.

പട്ടിണിയുടെ കാലമാണെങ്കിലും നോമ്പിനു ഭക്ഷണം ഉണ്ടാകും എന്നതാണ് പ്രത്യേകത. തരിക്കഞ്ഞിയും ജീരകക്കഞ്ഞിയും ഒഴിച്ചുകൂടാനാവാത്തതാണ്. നോമ്പ് തുറക്കാന്‍ അയല്‍പക്കത്തേക്കും കുടുംബങ്ങളിലേക്കും പോകും. അതുവഴി സൗഹൃദങ്ങള്‍ പുതുക്കും. ഉമ്മാന്റെ വീട്ടില്‍ നോമ്പ് തുറക്കാന്‍ പോകുന്നത് വല്ലാത്തരൊ ഹരമാണ്. ഇന്ന് പൊതുവെ എല്ലാം അവനവനില്‍ ഒതുങ്ങുകയാണ് ചെയ്യുന്നത്. ചിലയിടങ്ങിളിലെങ്കിലും ഇഫ്താര്‍ വിരുന്നു കണ്ടുവരുന്നുണ്ട്. നോമ്പെടുത്തവരും ഇതര സമുദായത്തില്‍പ്പെട്ടവരെയും ക്ഷണിച്ചുകൊണ്ടുള്ള ഇഫ്താര്‍ സംഗമങ്ങളാണ് കണ്ടുവരുന്നത്. ഇതിനെ നമ്മള്‍ പ്രോത്സാഹിപ്പിക്കണം. നാം പരസ്പരം ഒന്നാണെന്നുള്ള ബോധം ആ സമയത്തെങ്കിലും നമുക്കുണ്ടാകുമെല്ലോ. നോമ്പിന്റെ സന്ദേശവും ചൈതന്യവും മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാന്‍ കഴിയുന്ന അവസരം കൂടിയാണത്. കൂടെയുള്ളവര്‍ വിട്ടുപോകുമ്പോഴുള്ള വേദന വലുതാണ്.

നോമ്പ്കാലത്ത് പലപ്പോഴും മറഞ്ഞു പോയ പലരും മനസിലേക്ക് കടന്നു വരും. ഒരു നോമ്പ് കാലത്താണ് അനശ്വര കലാകാരനായ ജോണ്‍അബ്രഹാം വിട്ടു പിരിഞ്ഞത്. ജോണും കൂട്ടുകാരും ഒരു ലോഡ്ജ് മുറിയില്‍ ഇരുന്നുകൊണ്ടു എന്നോട് വിളിച്ചു പറഞ്ഞു നോമ്പിന്റെ പലഹാരങ്ങള്‍ വീട്ടില്‍ നിന്നു കൊണ്ടു വരാന്‍. ഞാന്‍ ഭാര്യയുണ്ടാക്കിയ പലഹാരങ്ങള്‍ പ്രത്യേകമായി പൊതിഞ്ഞ് വൈകുന്നേരം ജോണും കൂട്ടുകാരുമിരക്കുന്ന ലോഡ്ജിലേക്ക് പോയി. അവിടെ എത്തിയപ്പോഴാണ് ആള്‍ക്കൂട്ടത്തെ കണ്ടത്. അന്വേഷിച്ചപ്പോഴാണ് ജോണ്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു കാല്‍തെന്നി വീണു മരിച്ചതായി അറിയുന്നത്. അതു വല്ലാത്തൊരു വേദനയായിരുന്നു. ഞാന്‍ കൊണ്ടു പോയ പലഹാരങ്ങള്‍ തിരിച്ചു വരുമ്പോള്‍ കല്ലായി പുഴയിലേക്ക് എറിയുകയായികരുന്നു.

സിനിമയില്‍ എന്നും നന്മകള്‍ പറഞ്ഞു തന്ന ബഹദൂര്‍ക്കയും എന്നെ സിനിമക്ക് പരിചയപ്പെടുത്തിയ വൈക്കം മുഹമ്മദ് ബഷീറും പരിചയക്കാരായ കുഞ്ഞാണ്ടിയും പപ്പുവേട്ടനും അങ്ങനെ ഒരുപാട് പേര്‍ ഇന്നില്ല. ചെറുപ്പകാലത്തെ പഴയ സുഹൃത്തുക്കളെയും പലരെയും കാണല്‍ കുറവാണ്. പലരും വിദേശത്താണ്. മറ്റുള്ളവര്‍ വ്യത്യസ്ഥ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. ഗള്‍ഫില്‍ പോകുമ്പോള്‍ പല പരിചയക്കാരെയും കാണാനായി. പരിശുദ്ധ ഖുര്‍ആന്റെ പരിശുദ്ധിയും അര്‍ഥവും പാലിച്ചു ജീവിക്കാന്‍ നമുക്ക് കഴിയണം. ഇന്നത്തെ പല പണ്ഡിതര്‍ക്ക് ഇഖ്‌റഅ് എന്ന പദത്തിന്റെ പൊരുള്‍ അറിയില്ല. ഇതറിഞ്ഞ് പ്രവര്‍ത്തിച്ചാല്‍ നേരത്തെ പറഞ്ഞ ആക്രമണങ്ങളില്‍ നിന്നും പൈശാചികതയില്‍ നിന്നും ഒരു വിഭാഗത്തെ മാറ്റിയെടുക്കാന്‍ കഴിയും.

മതചിട്ടകള്‍ കണിശമായി ഉള്‍ക്കൊണ്ടു ജീവിക്കുന്നവര്‍ കൂടുതല്‍ നമ്മുടെ നാട്ടിലാണ് ഉള്ളതെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. ഓരോ കര്‍മങ്ങളും ചെയ്യുന്നവര്‍ ഭയഭക്തിയോടെ അതിനെ കാണുന്നു. മക്കയില്‍ എത്തിയ സമയത്ത് കഅ്ബ പ്രദക്ഷിണം ചെയ്യുന്നതിനിടയില്‍ പോലും മൊബൈലില്‍ സംസാരിക്കുന്നവരെ കാണാനായി. ആ സമയത്ത് പോലും ലാഘവത്തോടെ ഉംറ നിര്‍വഹിച്ചിട്ടു എന്താണ് കാര്യം.? അവിടെ മൊബൈല്‍ നിരോധിക്കണമെന്നാണ് തന്റെ അഭിപ്രായം. മറ്റുള്ളവര്‍ക്ക് ശല്യമാകുന്ന രീതിയിലാണ് ചിലരുടെ പ്രവൃത്തികള്‍. ഈ പുണ്യ റംസാനെങ്കിലും ഇത്തരത്തിലുള്ള പ്രവൃത്തിയില്‍നിന്ന് മനുഷ്യനെ പിന്തിരിപ്പിക്കാന്‍ മതപണ്ഡിതര്‍ ശ്രമിക്കണം.

Related posts