അഹമ്മദാബാദ്: പശുക്കളെ കൊന്നു തോലു വില്ക്കുകയാണെന്ന് ആരോപിച്ച് ദളിത് യുവാക്കളെ കെട്ടിയിട്ടു ക്രൂരമായി മര്‍ദിച്ചതില്‍ ഗുജറാത്തില്‍ പ്രതിഷേധം ശക്തമായി. സംഘര്‍ഷം കൂടുതല്‍ മേഖലകളിലേക്കു വ്യാപിക്കുകയാണ്. ജൂലൈ 11നു സൗരാഷ്ട്രയിലെ ഗിര്‍ സോംനാഥ് ജില്ലയില്‍ ഉനാ ടൗണില്‍ നടന്ന സംഭവത്തില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയ ജനക്കൂട്ടം ഹെഡ്‌കോണ്‍സ്റ്റബിളിനെ ഇന്നലെ കല്ലെറിഞ്ഞു കൊലപ്പെടുത്തി. ക്രൈംബ്രാഞ്ച് ഹെഡ്‌കോണ്‍സ്റ്റബിള്‍ പങ്കജ് ആണു മരിച്ചത്. ഇതിനിടെ പ്രതിഷേധസൂചകമായി ജീവനൊടുക്കാന്‍ ശ്രമിച്ച യുവാക്കളിലൊരാള്‍ മരിച്ചു.
ഗുജറാത്തിലെ ദളിത് പാന്തേഴ്‌സ് ആഹ്വാനം ചെയ്ത ബന്ദ് തുടങ്ങി. രണ്ടാംദിവസവും പ്രതിഷേധം ശക്തമായതോടെ വിവിധ ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകളും വ്യാപാരസ്ഥാപനങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്.
പശുക്കളുടെ ജഡം കൂടുതല്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പരിസരങ്ങളില്‍ നിക്ഷേപിക്കുമെന്ന് ദളിത് സംഘടനകള്‍ മുന്നറിയിപ്പു നല്കി. സുരേന്ദ്രനഗറിലെ കളക്ടറുടെ ഓഫീസിലേക്ക് ലോഡ് കണക്കിനു ചത്ത പശുക്കളെ ഇന്നലെഎത്തിച്ചിരുന്നു. ദുര്‍ഗന്ധം സഹിക്കവയ്യാതെ കളക്ടറേറ്റിലെ ജീവനക്കാര്‍ ഇറങ്ങിയോടി. അഞ്ചു ലോറികളിലായി ചത്തുപശുക്കളെ എത്തിച്ചു പ്രതിഷേധക്കാര്‍ മുങ്ങുകയായിരുന്നു. രാജ്‌കോട്ട്- ജംനഗര്‍ ദേശീയപാത ഉപരോധിച്ചതിനെത്തുടര്‍ന്ന് ഇന്നലെ അഞ്ചുകിലോമീറ്ററോളം ദൂരം ഗതാഗതം തടസപ്പെട്ടു. രാജ്‌കോട്ടില്‍ അഹമ്മദാബാദ്-വെരാവല്‍ ട്രെയിനുനേര്‍ക്ക് കല്ലേറുണ്ടായി.
ഇതിനിടെ, ജുനഗഡിലെ അഹമ്മദ് നഗര്‍ സൊസൈറ്റിയില്‍ ദിനേശ് പാര്‍മര്‍(21), ദിനേശ് വേഗ്ര(23), രസിക് വിന്‍ജുര(40) എന്നീ ദളിത് യുവാക്കള്‍ വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചതു സ്ഥിതി കൂടുതല്‍ വഷളാക്കി. തിങ്കളാഴ്ച ധോരാജിയിലും ജംകന്‍ദോര്‍ണയിലും ഏഴുപേര്‍ വിഷം കഴിച്ചിരുന്നു. ഇവരുടെ നില ഗുരുതരമല്ല.
ദളിതര്‍ക്കെതിരേയുള്ള അക്രമത്തില്‍ പ്രതിഷേധിച്ച് കൂടുതല്‍പേര്‍ തെരുവിലിറങ്ങുന്നത് സര്‍ക്കാരിനു വെല്ലുവിളിയായി. അഹമ്മദാബാദ് ജില്ലാ കളക്ടറുടെ ഓഫീസിനുമുമ്പില്‍ ധര്‍ണ നടത്തിയ അല്‍പേഷ് ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള ഒബിഎസി എക്താ മഞ്ചിലെ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ദളിതര്‍ക്കു സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടു ജില്ലാ ഭരണകൂടങ്ങളില്‍ നിവേദനം സമര്‍പ്പിച്ചശേഷമാണ് ഇവര്‍ കൂട്ടമായി തെരുവിലിറങ്ങിയത്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി രാജ്‌കോട്ട്, പോര്‍ബന്തര്‍, ജുനഗഡ് എന്നീ ജില്ലകളിലേക്കുള്ള സര്‍ക്കാര്‍ ബസുകളുടെ സര്‍വീസ് നിര്‍ത്തിവച്ചു.
പശുവിനെ കൊലപ്പെടുത്തി തുകല്‍ വില്പനയ്ക്കു കൊണ്ടുപോകുന്നുവെന്നാരോപിച്ചാണ് ഗ്രാമത്തിലെ മൂന്നുപേര്‍ ചേര്‍ന്ന് അഞ്ചുപേരെ കെട്ടിയിട്ടു മര്‍ദിച്ചത്. ചത്ത പശുവിന്റെ തുകലാണു നീക്കം ചെയ്യുന്നതെന്നും തുകല്‍വില്പനക്കാരാണെന്നും ഇവര്‍ പറഞ്ഞെങ്കിലും ഗോരക്ഷക പ്രവര്‍ത്തകര്‍ ഇവരെ നഗ്നരാക്കി കാറിനോടു ചേര്‍ത്തുകെട്ടി ഇരുമ്പടിക്കു മര്‍ദിക്കുകയായിരുന്നു. ഇവരുടെ മൊബൈല്‍ ഫോണുകളും പിടിച്ചുവാങ്ങി. അഹമ്മദാബാദില്‍നിന്നു 400 കിലോമീറ്റര്‍ അകലെ ഉനായില്‍ നടന്ന ഈ സംഭവം അക്രമികള്‍തന്നെയാണു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ 16 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയതിനു നാലു പോലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ എന്നിവര്‍ ഗുജറാത്തിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.