മലമ്പുഴ: സ്കൂള്‍ അധ്യാപികയുടെ കളഞ്ഞുപോയ പണമടങ്ങിയ ബാഗ് തിരിച്ചുനല്‍കി മലമ്പുഴയിലെ തൊഴിലാളികള്‍ സമൂഹത്തിന് മാതൃകയായി. കഴിഞ്ഞ ദിവസം മലമ്പുഴയിലാണ് സംഭവം. മലമ്പുഴ നിര്‍മ്മലമാതാ സ്കൂളിലെ അധ്യാപികയായ മായാദേവിയുടെ ബാഗാണ് നഷ്ടപ്പെട്ടത്. സ്കൂള്‍ വിട്ട് വീട്ടിലേയ്ക്ക് പോകുമ്പോള്‍ കനത്ത മഴയില്‍ സ്കൂട്ടറില്‍ നിന്നും ഇവരുടെ ബാഗ് വീണുപോകുകയായിരുന്നു. വീട്ടിലെത്തിയ ശേഷമാണ് ഇക്കാര്യമറിഞ്ഞത്.
എന്നാല്‍ ബാഗ് വീണുകിട്ടിയ മലമ്പുഴയിലെ ലോഡിംഗ് തൊഴിലാളികളായ മോഹന്‍ദാസ്, സുരേഷ്, രാജ്കുമാര് എന്നിവര്‍ സ്കൂളില്‍ അന്വേഷിച്ചെത്തി ബാഗ് നല്‍കുകയായിരുന്നു. ബാഗില്‍ ഇരുപതിനായിരം രൂപയും അയ്യായിരം രൂപ വിലമതിക്കുന്ന മൊബൈല്‍ഫോണും, മൂന്ന് എടിഎം കാര്‍ഡുകളും ഉണ്ടായിരുന്നു. തിരിച്ചറിയല്‍ കാര്‍ഡിലെ വിവരമറിഞ്ഞ് സ്കൂളിലെത്തി തൊഴിലാളികള്‍ ബാഗ് ഏല്‍പ്പിക്കുകയായിരുന്നു. തൊഴിലാളികളുടെ സത്യസന്ധതയറിഞ്ഞ സ്കൂള്‍ അധികൃതരും നാട്ടുകാരും അവരെ അഭിനന്ദിച്ചു.