മുളങ്കുന്നത്തുകാവ്: ഗവ.മെഡിക്കല്‍ കോളജ് ക്യാമ്പസില്‍ മുറിച്ചുമാറ്റിയ മരങ്ങള്‍ വെറുതെ കിടന്നു നശിക്കുന്നു. ലക്ഷണങ്ങള്‍ വിലവരുന്ന മരങ്ങളാണ് നശിക്കുന്നത്. കോളജ് ഗ്രൗണ്ടിന് വേണ്ടി കണ്ടെത്തിയ സ്ഥലത്തു നിന്നും വേരോടെ പിഴുത മരങ്ങളാണ് അനാഥമായി കിടക്കുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള വന്‍ മരങ്ങളാണ് മുറിച്ചുമാറ്റിയത്. ഇത്തരത്തില്‍ ചെറുതും വലുതുമായ 45ഓളം മരങ്ങളാണ് മുറിച്ചത്. ഇവ ടെണ്ടര്‍ നടപടികള്‍ക്കോ ലേലത്തിനോ നല്‍കിയിട്ടില്ല.
മരങ്ങള്‍ കളിസ്ഥലത്തു തന്നെ കിടക്കുകയാണ്. ടെണ്ടര്‍ വിളിച്ചോ ലേലത്തിനോ മരങ്ങള്‍ കൊടുത്താല്‍ സര്‍ക്കാരിന് നല്ല വരുമാനം ലഭിക്കും. ജെസിബി ഉപയോഗിച്ച് കടപുഴക്കിയിട്ട മരങ്ങളുടെ കൊമ്പുകള്‍ വിറകിന് എന്ന വ്യാജേന പലരും മിനി വാനിലും പെട്ടി ഓട്ടോറിക്ഷയിലും കയറ്റി കൊണ്ടുപോകുന്നുണ്ട്. മെഷിന് കട്ടര്‍ ഉപയോഗിച്ച് വരെ ചിലര്‍ മരം മുറിച്ച് കടത്തുന്നുണ്ട്. അവധി ദിവസങ്ങളിലാണ് ഇത് കൂടുതലായിട്ടുള്ളത്.