സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ടീം ഇന്ത്യക്ക് ജയം. പരന്പര നേരത്തെ നഷ്ടപ്പെട്ട ഇന്ത്യ, മൂന്നാം ഏകദിനത്തിൽ ഒന്പത് വിക്കറ്റിന്റെ തിളക്കമാര്ന്ന ആശ്വാസ ജയം നേടി ടീം ഇന്ത്യ. രോഹിത് ശര്മ (121 നോട്ടൗട്ട്) – വിരാട് കോഹ്ലി (74 നോട്ടൗട്ട്) സഖ്യത്തിന്റെ അഭേദ്യമായ 168 റണ്സ് കൂട്ടുകെട്ടിന്റെ മികവിലാണ് ഇന്ത്യൻ ജയം.
രോഹിത് 50-ാം സെഞ്ചുറി കുറിച്ചപ്പോള് കോഹ്ലി റണ്വേട്ടക്കാരുടെ പട്ടികയില് രണ്ടാമനായി. സെഞ്ചുറി നേടുകയും രണ്ടു ക്യാച്ച് സ്വന്തമാക്കുകയും ചെയ്ത രോഹിതാണ് കളിയിലെ താരം. നാല് വിക്കറ്റുമായി ഹര്ഷിത് റാണയും തിളങ്ങി. സ്കോര്: ഓസ്ട്രേലിയ 46.4 ഓവറില് 236. ഇന്ത്യ 38.3 ഓവറില് 237/1. രോഹിത്താണ് പരന്പരയുടെ താരം.
രോഹിത് @ 50
രാജ്യാന്തര ക്രിക്കറ്റിൽ രോഹിത് ശർമ 50 സെഞ്ചുറി (ഏകദിനം 33, ടെസ്റ്റ് 12, ട്വന്റി-20 അഞ്ച്) തികച്ചു. ഇന്ത്യക്കായി സെഞ്ചുറി നേടുന്ന പ്രായം കൂടിയ താരങ്ങളില് സച്ചിന് തെന്ണ്ടുല്ക്കറിനു (38 വയസ് 327 ദിവസം) പിന്നില് രണ്ടാമനുമായി രോഹിത് (38 വയസ് 178 ദിവസം).
ഓസീസ് മണ്ണില് ഏറ്റവും കൂടുതല് സെഞ്ചുറി നേടുന്ന വിദേശ താരമെന്ന നേട്ടവും രോഹിത് (ആറ് സെഞ്ചുറി) സ്വന്തമാക്കി. ഓസ്ട്രേലിയ്ക്കെതിരേ ഏറ്റവും കൂടുതല് സെഞ്ചുറി നേട്ടത്തില് രോഹിത് ശര്മ (ഒമ്പത്) സച്ചിനൊപ്പമെത്തി.
റൺ വേട്ടയിൽ കോഹ്ലി രണ്ടാമന്
റണ് വേട്ടക്കാരില് ശ്രീലങ്കയുടെ കുമാര് സംഗാക്കരയെ (14,234) മറികടന്ന് റണ് മെഷീന് വിരാട് കോഹ്ലി (14,255) രണ്ടാമനായി. സച്ചിന് തെണ്ടുല്ക്കര് (18,426) ആണ് മുന്നിലുള്ളത്. ചേസിംഗില് 50ലധികം റണ്സ് എഴുപത് പ്രാവശ്യം പിന്നിട്ട് കോഹ്ലി സച്ചിനെ (9) മറികടന്ന് ഒന്നാമനുമായി.
ഏകദിനത്തില് 12 പ്രാവശ്യം 150ലധികം റണ്സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയ രോ- കോ സഖ്യം സച്ചിന്- ഗാംഗുലി സഖ്യത്തിനൊപ്പമെത്തി. ഓസീസിനെതിരേ 27 ഇന്നിംഗ്സില് നിന്ന് 1454 റണ്സ് രോ- കോ സഖ്യം ഇതുവരെ നേടി.
2106 ദിവസങ്ങള്ക്കുശേഷമാണ് രോ- കോ സഖ്യം സെഞ്ചുറി കൂട്ടുകെട്ടുയര്ത്തുന്നത്. 2020 ജനുവരിയില് ഓസീസിനെതിരേയാണ് അവസാനം ഇരുവരും സെഞ്ചുറി കൂട്ടുകെട്ടുയര്ത്തിയത്.

