പാലക്കാട്: നഗരത്തിലെ സ്വര്ണകടകളില് നിന്നും കസ്റ്റമര്‍ എന്ന വ്യാജേന മോഷ്ടാക്കള്‍ കടന്നുചെന്ന് ഷോപ്പുടമകളുടെ കണ്ണുവെട്ടിച്ച് സ്വര്‍ണാഭരണം മോഷണം ചെയ്തുകൊണ്ടുപോകുന്ന സാഹചര്യത്തില്‍ അത്തരം കവര്‍ച്ചകള്‍ നിയന്ത്രിക്കുവാന്‍ പോലീസ് നടപടി തുടങ്ങി. ഇത്തരം കവര്‍ച്ചകള്‍ എളുപ്പം കണ്ടുപിടിക്കുന്നതിനായി പാലക്കാട് ഡിവൈഎസ്പി എം.കെ. സുള്‍ഫീക്കറിന്റെയും ടൗണ്‍ സൗത്ത് സിഐ സി.ആര്. പ്രമോദിന്റെയും പ്രത്യേക നിര്‍ദേശപ്രകാരമാണ് നഗരത്തിലെ ചെറുതുംവലുതുമായ എല്ലാ ജ്വല്ലറികളിലും നിര്‍ബന്ധമായും സിസിടിവി ക്യാമറകള്‍ അടിയന്തിരമായി സ്ഥാപിക്കുന്നതിന് തീരുമാനമായത്.
മാത്രമല്ല, ഷോപ്പ് ഉടമകള്‍ക്ക് കടയ്ക്ക് അകത്ത് എന്നപോലെ തന്നെ പുറത്തെറോഡും ദൃശ്യമാകത്തക്കവിധം ക്യാമറകള്‍ സെറ്റ് ചെയ്യുന്നതിനും അപ്രകാരം സിസിടിവി ക്യാമറകള്‍ സെറ്റ് ചെയ്ത കടകളില്‍ നിങ്ങള്‍ സിസിടിവി ക്യാമറയുടെ നിരീക്ഷണത്തിലാണെന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കുന്നതിനും നിര്‍ദേശിച്ചുകൊണ്ട് ക്രിമിനല്‍ നടപടിപ്രകാരം 149-ാംവകുപ്പ്പ്രകാരം നോട്ടീസും നല്കി. നോട്ടീസിലെ ഉള്ളടക്കത്തെപ്പറ്റി ട്രാഫിക്പോലീസ് എസ്ഐ സി.രാജപ്പന് ബോധവത്കരണവും നടത്തി.
പരിപാടിയില്‍ അഡീഷണല്‍ എസ്ഐ അബ്ദുള്‍ ഗഫൂര്‍, സിപിഒമാരായ രജിത് സുന്ദര്‍, ജയകുമാര്‍, സറീന,നിഷ എന്നിവര്‍ പങ്കെടുത്തു. ടിബി റോഡിലുള്ള മുഴുവന്‍ ജ്വല്ലറികളിലും ഇപ്രകാരം നോട്ടീസ് നല്‍കിയതായി അധികൃതര്‍ അറിയിച്ചു.