കാഞ്ഞിരപ്പുഴ ഡാമിലും ജലനിരപ്പ് കുറഞ്ഞു

PKD-DAMമണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മേഖലയില്‍ ശക്തമായ വേനല്‍ തുടരുന്നതിനൊപ്പം കാഞ്ഞിരപ്പുഴ ഡാമിലെയും ജലനിരപ്പ് വന്‍തോതില്‍ കുറഞ്ഞു.ഓരോദിവസവും വെള്ളത്തിന്റെ അളവ് ക്രമാതീതമായി കുറയുകയാണെന്ന് അധികൃതര്‍ പറഞ്ഞു.ഇടതുവലതു കനാലുകളിലൂടെ വെള്ളം തുറന്നുവിടുന്നതും ജലനിരപ്പ് കുറയുന്നതിനു കാരണമാകുന്നു. മണ്ണാര്‍ക്കാട്, കാഞ്ഞിരപ്പുഴ മേഖലയില്‍ ശക്തമായ വേനല്‍മഴപോലും ലഭിച്ചിട്ടില്ല. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലും വേനല്‍ ശക്തമാണ്. കാഞ്ഞിരപ്പുഴ ഡാമിന്റെ ജലസ്രോതസുകളായ പാലക്കയം പുഴ പാടേ വറ്റിവരണ്ടു.നേരിയ തോതില്‍ മാത്രമാണ് വെള്ളം വരുന്നത്.

മറ്റൊരു കൈവഴിയായ ഇരുമ്പകച്ചോലയും വറ്റിവരണ്ട നിലയിലാണ്. വേനല്‍ ഇനിയും കനത്താല്‍ ഡാം പാടേ വരളുമെന്ന് ഉറപ്പാണ്. വെള്ളം തുറന്നുവിടാതിരുന്നാല്‍ പള്ളിക്കുറുപ്പ്, കാരാകുറിശി, നരിയക്കോട്ട്, വിയ്യക്കുറിശി മേഖലകളിലെല്ലാം ജലക്ഷാമം രൂക്ഷമാകും. കുടിവെള്ളത്തിനുപോലും ഇവിടെ ബുദ്ധിമുട്ടുണ്ടാകും.കാഞ്ഞിരപ്പുഴയ്ക്കു പുറമേ ശിരുവാണിഡാമിലും ഇതുതന്നെയാണ് സ്ഥിതി.

Related posts