ചിഞ്ചു വി. എസ്
ഗവേഷണ വിദ്യാര്‍ഥി, കാര്‍ഷിക കോളജ്, വെള്ളായണി
കേരളത്തില്‍ അവിടവിടായി മാത്രം കാണപ്പെടുന്ന നിത്യഹരിതവൃക്ഷമാണ് കാരക്കമരം. ഒരു ഒട്ടുമാവിന്റെ അത്രയും വലുതാകുന്ന ഇത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും ശ്രീലങ്ക, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലും നന്നായി വളരുന്നു. ഇലായിഒകാര്‍പ്പസ് സെറാറ്റസ് എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഈ മരം ഇലായിഒകാര്പ്പേസി സസ്യകുടുംബത്തില്‍പ്പെടുന്നു.
കേരളത്തിലെ കാലാവസ്ഥയില്‍ വെള്ളകെട്ടില്ലാത്ത എല്ലാത്തരം മണ്ണിലും കാരക്കമരം നന്നായി വളരും. പൂവിട്ട് കായ് വരണമെങ്കില്‍ ധാരാളം സൂര്യപ്രകാശം മരത്തിനാവശ്യമുണ്ട്. സാധാരണയായി വിത്തു കിളിര്‍പ്പിച്ചാണ് പുതിയ തൈകള്‍ ഉണ്ടാക്കുന്നത്. നാടന്‍ ഇനംമാത്രമാണ് ഇപ്പോള്‍ ലഭ്യം. ഏതാണ്ട് പത്തിലപ്രായമെത്തിയ തൈകള്‍ ഒരടി നീളവും വീതിയും താഴ്ചയുമുള്ള കുഴികളില്‍ കാലിവളം അടിവളമായി ചേര്‍ത്തു നടാവുന്നതാണ്.
തൈ പിടിക്കുന്നതുവരെ ഒന്നിടവിട്ട ദിവസങ്ങളില്‍ നന ആവശ്യമാണ്. അതിനുശേഷം കാര്യമായ പരിചരണമില്ലാതെ തന്നെ ചെടി വളരും. രോഗ-കീടങ്ങള്‍ ഒന്നും തന്നെ സധാരണയായി ഈ മരത്തെ ആക്രമിക്കാറില്ല. അതുകൊണ്ട് 100 ശതമാനം ജൈവരീതിയില്‍ കാരപ്പഴം ത്പാദിപ്പിക്കാം. തൈനട്ട് ഏതാണ്ട് നാലു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ കാരമരത്തിന്റെ ചില്ലകളില്‍ വളരെ ചെറിയ വെളുത്ത പൂവുകള്‍ നിറയുന്നു.
പൂന്തോട്ടങ്ങളുടെ അരികുകളില്‍ ഒരു അലങ്കാരവൃക്ഷമായും നടാവുന്ന കാരക്കമരത്തിന്റെ ഇലച്ചാര്‍ത്തുകള്‍ നിറയുന്ന കാഴ്ച വളരെ സുന്ദരമാണ്. പഴുത്താലും കായ്കള്‍ക്ക് പച്ചനിറമായിരിക്കും. മൃദുലമായതും മാധുര്യമേറിയതും ഭക്ഷ്യയോഗ്യവുമായ കായ്കള്‍ കാഴ്ചയില്‍ ഒലിവ് പഴം പോലെ തോന്നിക്കുന്നതിനാലും ഈ മരത്തിന്റെ ജനനം ശ്രീലങ്ക ആയതിനാലും കാരക്കമരത്തിനെ ഇംഗ്ലീഷില്‍ സിലോണ്‍ ഒലിവ് എന്നാണ് വിളിക്കുന്നത്.
മാംസളപഴത്തിനുള്ളില് തവിട്ട് നിറത്തിലുള്ള ഒരു വലിയ വിത്തുണ്ടായിരിക്കും. ഈ വിത്തില്‍ നിന്നാണ് പുതിയ തൈ ഉണ്ടാക്കുന്നത്. വിളഞ്ഞ കാരയ്ക്ക ഉപ്പ് ചേര്‍ത്ത് പുഴുങ്ങി ഭക്ഷിക്കാനും അച്ചാര്‍ ഉണ്ടാക്കാനും ബഹുകേമം. പഞ്ചസാരയും അന്നജവും വിവിധ ധാതുക്കളും കാരയ്ക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. വയറിളക്കത്തിനെതിരായി ഉപയോഗിക്കാവുന്ന ഒരു ഉത്തമ ഔഷധം കൂടിയാണ് കാരയ്ക്ക. അപൂര്‍വമായ ഇല ഫലവൃക്ഷം നമ്മുടെ നാട്ടില്‍ നിന്ന് അന്യം നിന്നു പോകാതെ സൂക്ഷിക്കേണ്ടത് പ്രകൃതിയെ സ്നേഹിക്കുന്ന ഓരോടുത്തരുടേയും കടമയാണ്.
ഫോണ്‍: ചിഞ്ചു-9497426849.