കാര്‍ പുഴയിലേക്ക് മറിഞ്ഞ് വിമുക്തഭടന്‍ മരിച്ചു; കൂടെയുണ്ടായിരുന്ന ഭാര്യ അത്ഭുതകരമായി രക്ഷപ്പെട്ടു

car-accidantപറവൂര്‍: പുത്തന്‍വേലിക്കര സ്റ്റേഷന്‍ കടവിലെ ഫെറിയില്‍ കാര്‍ കയറ്റുന്നതിനിടയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് വിമുക്തഭടന്‍ മരിച്ചു. കാറില്‍ കൂടെയുണ്ടായിരുന്ന  ഭാര്യ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നുരാവിലെ 7.45-നായിരുന്നു അപകടം. പറവൂര്‍ പുത്തന്‍വേലിക്കര കപ്പേളക്കുന്ന് കൗമ്പുള്ളിക്കുന്നത്ത് അറുമുഖനാണ് (54) മരിച്ചത്. അറുമുഖനായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഇദേഹത്തിന്റെ ഭാര്യ സുഭാഷിണിയെ രക്ഷപെടുത്തി. ഇവരെ പറവൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ട് വള്ളങ്ങള്‍ കൂട്ടിക്കെട്ടി അതില്‍ ചെറിയ മോട്ടോര്‍ ഘടിപ്പിച്ച് ഓടിക്കുന്ന ഫെറിയിലേക്ക് കാര്‍ കയറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. കാര്‍ ചങ്ങാടത്തില്‍ കയറ്റിയപ്പോള്‍ മുന്നോട്ട് നീങ്ങിപ്പോയതോടെ വെള്ളത്തിലേക്ക് തലകീഴായി മറിയുകയായിരുന്നു. ഇതിനിടയില്‍ സുഭാഷിണി കാറിന്റെ പിന്നിലെ വാതില്‍ തുറന്നതിനാല്‍ വെള്ളത്തിലേക്ക് വീഴുകയും ഓടിക്കൂട്ടിയവര്‍ രക്ഷപ്പെടുത്തുകയുമായിരുന്നു.  കാറോടിച്ചിരുന്ന അറുമുഖന്‍ കാറിനൊപ്പം പുഴയില്‍ മുങ്ങിത്താഴുകയായിരുന്നു.

പിന്നീട് ഇരുപതു മിനിറ്റിനുശേഷം കാര്‍ പൊക്കിയെടുത്തപ്പോള്‍ ഇയാള്‍ മരിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ നാട്ടുകാരും പാലം നിര്‍മാണത്തിലെ തൊഴിലാളികളും പങ്കെടുത്തു. വിമുക്തഭടനായ അറുമുഖന്‍ ഇപ്പോള്‍ ഗള്‍ഫില്‍ ജോലി നോക്കുകയാണ്. അടുത്തിടെ ലീവിനു വന്നതായിരുന്നു. അറുമുഖന്റെ മൃതദേഹം പറവൂര്‍ ഗവ.ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വൈകീട്ട് സംസ്കരിക്കും. മക്കള്‍: അഖില്‍, ആര്‍വിഷ് (ഇരുവരും വിദ്യാര്‍ഥികള്‍).

Related posts