കോട്ടയം: എടിഎമ്മുകള്‍ക്കു മുന്നിലെ നീണ്ട നിര ദിനംപ്രതി നീളുന്നു. ആവിശ്യത്തിനു പണമെടുക്കാന്‍ ഒരു എടിഎം നോക്കിയാല്‍ ഒന്നെങ്കില്‍ നീണ്ട നിര, അല്ലെങ്കില്‍ പണമില്ലാത്ത അവസ്ഥ. എടിഎമ്മിനു മുമ്പില്‍ കാത്തുനിന്ന് സമയം കളയാതിരിക്കാന്‍ പുതിയ ആപ്. ഏറ്റവും അടുത്ത് പണമുള്ള എടിഎം ഏതെന്ന് കണ്ടെത്താന്‍ സഹായിക്കുന്ന ആപ്ലിക്കേഷനുകളും വെബ്‌സൈറ്റുകളും രാജ്യത്ത് തരംഗമാവുകയാണ്. പകലിന്റെ ചൂടില്‍ എടിമ്മുകള്‍ക്കു മുന്നില്‍ നില്‍ക്കുന്ന ജനങ്ങളെ മുന്നില്‍ക്കണ്ടാണ് ഇവ തയാറാക്കിയിരിക്കുന്നത്.
വാള്‍നട്ട് ആപ്പ്
ഇന്ത്യയൊട്ടാകെയുള്ള എടിഎമ്മുകളിലെ പണം പിന്‍വലിക്കുന്നത് വിലയിരുത്തി പണമുള്ള എടിമ്മുകള്‍ കണ്ടെത്താന്‍ വാള്‍നട്ട് ഇന്ത്യയുടെ പേഴ്‌സണല്‍ ഫിനാന്‍സ് മാനേജ്‌മെന്റ് ആപ് സഹായിക്കും. അടിയന്തര വൈദ്യസഹായം വേണ്ടപ്പോഴും ഇലക്ട്രോണിക് പണമിടപാട് നടക്കാത്തപ്പോഴും പണം അത്യാവശ്യമാകുമ്പോഴും ഈ ആപ് സഹായകമാകുമെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
രാജ്യമെങ്ങുമുള്ള എടിഎമ്മുകളിലെ പണത്തിന്റെ തോത് 1.8 മിനിട്ടിന്റെ വ്യത്യാസത്തില്‍ വാള്‍നട്ട് ആപ് വിലയിരുത്തും. എടിഎമ്മുകളിലെ ക്യൂവിന്റെ നീളവും ഇതുവഴി അറിയാം. ഈ വിവരങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യാനും സാധിക്കും.
പണമുള്ള എടിഎമ്മില്‍ ചെറിയ ക്യൂ ആണെങ്കില്‍ പച്ചനിറമുള്ള പിന്‍, നീളമുള്ള ക്യൂ ആണെങ്കില്‍ ചുവന്ന പിന്‍, പണമില്ലെങ്കില്‍ അല്ലെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെങ്കില്‍ ചാരനിറത്തിലുള്ള പിന്‍ എന്നിങ്ങനെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കും.
കാഷ് നോ കാഷ് ഡോട്ട് കോം (cashnocash.com)
വ്യവസായ സംഘടനയായ നാസ്‌കോമിന്റെയും ക്വിക്കറിന്റെയും പിന്‍ബലത്തോടെയാണ് കാഷ് നോ കാഷ് ഡോട്ട് കോം പ്രവര്‍ത്തിക്കുന്നത്. ഹോം വിന്‍ഡോയില്‍ നല്കിയിരിക്കുന്ന സെര്‍ച്ച് ബാറില്‍ പിന്‍കോഡ് നല്കിയാല്‍ ആ പിന്‍കോഡിലുള്ള എടിഎമ്മുകളുടെ ലിസ്റ്റും എവിടെയൊക്കെ പണമുണ്ട് എന്നും വെബ്‌സൈറ്റ് പറഞ്ഞുതരും.
എടിഎം സെര്‍ച്ച് ഡോട്ട് ഇന്‍ (atmsearch.in)
ഖരഗ്പുര്‍ ഐഐടി പൂര്‍വവിദ്യാര്‍ഥി ലോകേഷ് തയാറാക്കിയ വൈബ്‌സൈറ്റ്. ഏറ്റവും അടുത്തുള്ള എടിഎമ്മുകളും അവിടത്തെ ക്യൂവിന്റെ നീളവും അറിയാന്‍ വെബ്‌സൈറ്റ് സഹായിക്കും. ഉപയോക്താക്കള്‍ക്കും എടിഎമ്മുകളുടെ അവസ്ഥ അപ്‌ഡേറ്റ് ചെയ്യാനുള്ള അവസരവുമുണ്ട്.
സിഎംഎസ് എടിഎം ഫൈന്‍ഡര്‍
രാജ്യത്തെ അമ്പതിനായിരത്തിലധികം എടിമ്മുകളുമായി ബന്ധപ്പെട്ടുകിടക്കുന്ന ചരക്കുനീക്ക കമ്പനിയുടെ ഉടമസ്ഥതയിലുള്ള വെബ്‌സൈറ്റ്. കമ്പനിക്ക് ബന്ധമുള്ള എടിഎമ്മുകളിലെ വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് അറിയാന്‍ കഴിയും.