ആശാന് അടുപ്പിലും…! ഫോണ്‍ ഉപയോഗിച്ച കാര്‍ ഡ്രൈവറെ പിടിക്കാന്‍ ഹെല്‍മെറ്റില്ലാതെ പോലീസ്; നിങ്ങളും നിയമലംഘനം നടത്തിയില്ലേയെന്ന് കാര്‍ ഡ്രൈവര്‍

POLICEമൂവാറ്റുപുഴ: ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കിലെത്തിയ സിവില്‍ പോലീസ് ഓഫീസര്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച് കാര്‍ഓടിച്ച യുവാവിനെ കസ്റ്റഡിയിലെടുത്തതു സംഘര്‍ഷാവസ്ഥയ്ക്കു കാരണമായി. ഇന്നലെ രാവിലെ 11ഓടെ എംസി റോഡില്‍ വാഴപ്പിള്ളി ജംഗ്ഷനിലായിരുന്നു സംഭവം. സിവില്‍സ്റ്റേഷനു സമീപം മധുരമംഗലം ലിജുവിനെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്.

വീട്ടില്‍നിന്നു വരികയായിരുന്ന ലിജു ഫോണില്‍ സംസാരിച്ച് കാര്‍ ഓടിച്ചതു എതിരെ വന്ന സിവില്‍ പോലീസ് ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവത്തിന്റെ തുടക്കം. വാഴപ്പിള്ളി ജംഗ്ഷനില്‍ കാര്‍ നിര്‍ത്തി ലിജു കടയില്‍കയറുന്നതിനിടെ പോലീസുകാരന്‍ പിന്നാലെയെത്തി ഫോണില്‍ സംസാരിച്ചതിനു വാഹനവുമായി സ്റ്റേഷനിലേക്കു വരാന്‍ നിര്‍ദേശിക്കുകയായിരുന്നു.

താന്‍ ചെയ്ത കുറ്റത്തിനു പിഴയടയ്ക്കാമെന്നും മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയാണെന്നും പറഞ്ഞെങ്കിലും പോലീസ് വഴങ്ങിയില്ല. ഇതിനിടെ നിങ്ങള്‍ ഹെല്‍മെറ്റ് ധരിക്കാതെയും നെയിംബോര്‍ഡ് ധരിക്കാതെയും നിയമലംഘനം നടത്തിയിരിക്കുകയല്ലെ എന്ന ലിജുവിന്റെ ചോദ്യം പോലീസുകാരനെ  ക്ഷുഭിതനാക്കി. ഇതേത്തുടര്‍ന്നു യുവാവിനോട് തട്ടിക്കയറിയ പോലീസുകാരന്‍ മേലുദ്യോഗസ്ഥരെ  വിളിച്ചുവരുത്തുകയായിരുന്നു. സംഭവമറിഞ്ഞ് നൂറുകണക്കിനാളുകള്‍ സ്ഥലത്ത് തടിച്ചുകൂടിയതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു.

ഇതോടെ എംസി റോഡില്‍ ഗതാഗതവും തടസപ്പെട്ടു. വാഹനങ്ങളുടെ നിര കിലോമീറ്ററോളം നീണ്ടതോടെ യാത്രക്കാരും പെരുവഴിയിലായി. അതിനിടെ സിഐ ഉള്‍പ്പെടെയുള്ള പോലീസ് സംഘം സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഒരുമണിക്കൂറിനു ശേഷം കേസെടുത്ത് ജാമ്യത്തില്‍ ഇയാളെ വിട്ടയച്ചു.

ചട്ടങ്ങള്‍ തെറ്റിച്ചു ബൈക്കില്‍ കറങ്ങി നടന്നു തിരക്കേറിയ റോഡില്‍ വാഹനപരിശോധന നടത്തുന്ന സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്കതിരേ മൂവാറ്റുപുഴയില്‍ വ്യാപകപ്രതിഷേധമുയര്‍ന്നിട്ടുണ്ട്. എസ്‌ഐ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ മാത്രമേ വാഹന പരിശോധന നടത്താവൂ എന്ന നിര്‍ദേശവും ഇവിടെ പാലിക്കുന്നില്ല.

Related posts