കണ്ണൂര്‍: ദേശീയപാതയില്‍ കീച്ചേരി ബസ് സ്റ്റോപ്പിന് സമീപം കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. ചെറുവത്തൂര്‍ വെള്ളാട്ട് സ്വദേശി ടി.എ. ബാബു (45), ബാബുവിന്റെ ഭാര്യാമാതാവ് തൃക്കരിപ്പൂര്‍ ഈയ്യക്കാട്ട് തൈവളപ്പില്‍ ലക്ഷ്മി (65) എന്നിവരാണ് മരിച്ചത്. ബാബുവിന്റെ മക്കളായ ലിപിന (24), ലിജിന (19), ബാബുവിന്റെ ഭാര്യയുടെ അനിയത്തിയുടെ ഭര്‍ത്താവ് വടക്കേവീട്ടില്‍ പി.വി. ചന്ദ്രന്‍, മകന്‍ വിപിന്‍ (16), ഡ്രൈവര്‍ പയ്യന്നൂര്‍ സ്വദേശി സഫിന്‍ (23), കെ. വിപിന്‍ (31) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ലിപിനയുടെ നില ഗുരുതരമാണ്.
ഇന്നു പുലര്‍ച്ചെ മൂന്നോടെ പാപ്പിനിശേരി കീച്ചേരി ബസ്‌സ്റ്റോപ്പിനു മുന്നിലായിരുന്നു അപകടം. ദുബായിയില്‍ നിന്നും വരികയായിരുന്ന ബാബുവിനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും കൂട്ടികൊണ്ടു വരുന്നതിനിടെയാണ് അപകടം.അപകടത്തില്‍ ടവേരകാര്‍ പൂര്‍ണമായും തകര്‍ന്നു. നിയന്ത്രണംവിട്ട കാര്‍ രണ്ടുതവണ മലക്കംമറിഞ്ഞതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. വളപട്ടണം പോലീസ് സ്ഥലത്തെത്തിയാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്.
ബാബു അപകടസ്ഥലത്തും ലക്ഷ്മി എകെജി ആശുപത്രിയിലുമാണ് മരിച്ചത്. കുടുംബത്തില്‍ നടക്കുന്ന കളിയാട്ട ഉത്സവത്തില്‍ പങ്കെടുക്കാനാണ് ദുബായിയില്‍ ടൈലര്‍ തൊഴിലാളിയായ ബാബു വന്നത്. പരേതനായ ടി.വി. കരുണാകരന്റെ ഭാര്യയാണ് മരിച്ച ലക്ഷ്മി. മക്കള്‍: സുജിത്ത്, അജിത്ത്, ഷീബ, ലതിക. മരുമക്കള്‍: ചന്ദ്രന്‍ (കവ്വായി), രമ്യ, രമ്യ. മലയിടത്ത് കുഞ്ഞിരാമന്‍-ടി.എ. മാണിക്യം ദമ്പതികളുടെ മകനാണ് മരിച്ച ബാബു. ഭാര്യ: ലതിക