കീടങ്ങള്‍ക്ക് കെണിവയ്ക്കാം…

kayniകാര്‍ഷികവിളകളിലെ കീടരോഗ നിയന്ത്രണത്തിന് രാസകീടനാശിനികളുടെയും കുമിള്‍ നാശിനികളുടെയും അനിയന്ത്രിതമായ ഉപയോഗം കുറ ക്കാം. സംയോജിത കീടരോഗനിയന്ത്രണം വഴി കാര്‍ഷിക വിളകളെ സംരക്ഷിക്കേണ്ടതിനെക്കുറിച്ച് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. കാര്‍ഷിക വിളകളിലെ കീട-രോഗ നിയന്ത്രണത്തിന് ദോഷരഹിതമായ വിവിധ മാര്‍ഗങ്ങള്‍ സംയോജിപ്പിച്ച് പ്രയോഗിക്കുന്ന രീതിയാണ് സംയോജിത കീടരോഗ നിയന്ത്രണം.

അതില്‍ പ്രധാനമായും ജൈവകീടനാശിനികളുടെയും ജൈവകുമിള്‍ നാശിനികളുടെയും ഉപയോഗം, ശത്രുകീടങ്ങളെ ആക്രമിക്കുന്ന മിത്രപ്രാണികളെ ഉപയോഗിച്ചുള്ള കീടനിയന്ത്രണം, കീടങ്ങളെ ആകര്‍ഷിച്ച് നശിപ്പിക്കാന്‍ സഹായിക്കുന്ന പലതരം കെണി കളുടെ ഉപയോഗം തുടങ്ങിയ രീതികള്‍ സംയോജിപ്പിക്കുമ്പോള്‍ സംയോജിത കീടരോഗ നിയന്ത്ര ണം സാധ്യമാകുന്നു. കീടങ്ങളെ ആകര്‍ഷിച്ച് നശിപ്പിക്കുന്ന രീതിയാണ് കെണികള്‍ ചെയ്യുന്നത്. കേരളത്തിലെ കൃഷിയിടങ്ങളില്‍ ഉപയോഗിക്കാവുന്ന ഏതാനും കെണികളെ നമുക്കു പരിചയപ്പെടാം.

1. വിളക്കുകെണി

നെല്ലിനെ ആക്രമിക്കുന്ന ചാഴി, തണ്ടുതുരപ്പന്‍പുഴു, പച്ചത്തുള്ളന്‍, ഓലചുരുട്ടിപ്പുഴു, കുഴല്‍പ്പുഴു, മുഞ്ഞ, ഗാളീച്ച തുടങ്ങിയവയുടെ പൂര്‍ണകീടങ്ങളെ ആകര്‍ ഷിച്ച് നശിപ്പിക്കുവാന്‍ ഉപയോഗിക്കുന്നതാണ് വിളക്കുകെണി. സന്ധ്യക്കുശേഷം പാടവരമ്പുകളില്‍ അരമണിക്കൂര്‍ നേരം പന്തം കൊളുത്തി നിര്‍ത്തി ശത്രുകീടങ്ങളെ ആകര്‍ഷിച്ചു കൊല്ലുന്ന രീതിയാണിത്. കൂടുതല്‍ നേരം വിളക്കുകെണി വച്ചിരുന്നാല്‍ ശത്രുകീടങ്ങളോടൊപ്പം മിത്രകീടങ്ങള്‍ നശിക്കുന്നതിനു കാരണമാകും. സന്ധ്യക്ക് ഏഴു മണിക്ക് വിളക്കുകെണി വയ്ക്കുന്നതാണ് ഉത്തമം. അഞ്ചേക്കറില്‍ ഒരു പന്തം എന്ന കണക്കില്‍ പന്തം കൊ ളുത്തി വയ്ക്കാവുന്നതാണ്. കൂടാ തെ 100 വാട്ട്‌സിന്റെ ഒരു ബള്‍ബ് വൈകിട്ട് ആറു മുതല്‍ 10 വരെ കത്തിച്ചുവയ്ച്ചും കീടങ്ങളെ നിയന്ത്രിക്കാം.

2. മഞ്ഞക്കെണി

വെള്ളരിവര്‍ഗ പച്ചക്കറികള്‍, വഴുതനവര്‍ഗച്ചെടികള്‍, വെണ്ട, മരച്ചീനി എന്നിവയില്‍ വൈറസ് രോഗം പരത്തുന്ന വെള്ളീച്ചകളെയും മുഞ്ഞ, പലതരം ഈച്ചകള്‍ എന്നിവയെയും ആകര്‍ഷിച്ച് നശിപ്പിക്കുവാന്‍ സഹായിക്കുന്ന കെണിയാണിത്.

മഞ്ഞ പ്രതലത്തിലേക്ക് കീടങ്ങളെ ആകര്‍ഷിച്ച് നശിപ്പിക്കുന്ന രീതിയാണിത്. ഏതിന്റെ യെങ്കിലും ഒഴിഞ്ഞ ടിന്നുകള്‍ ഇതിനായി ഉപയോഗിക്കാം. ടിന്നുകളുടെ പുറംഭാഗത്ത് മഞ്ഞനിറത്തിലുള്ള പെയിന്റ് പൂശുക. പെയിന്റ് ഉണങ്ങിയശേഷം അതില്‍ ആവണക്കെണ്ണ പുരട്ടുക. ഇപ്രകാരം തയാറാക്കിയ കെണികള്‍ തോട്ടത്തില്‍ കമ്പുകള്‍ നാട്ടി അതിന്മേല്‍ കമിഴ്ത്തി വയ്ക്കുക. അനവധി വെള്ളീച്ചകള്‍ കെണികളില്‍ ഒട്ടിപ്പിടിക്കുന്നതായി കാണാം.

മഞ്ഞക്കെണികള്‍ ഒരുക്കുന്നതിന് ഇനി പറയുന്ന രീതിയും സ്വീകരിക്കാം. കടുംമഞ്ഞ നിറത്തിലുള്ള പോളിത്തീന്‍ ഷീറ്റ് കൊടിരൂപത്തില്‍ മുറിച്ചെടുക്കുക. ഈ കൊടികള്‍ കൃഷിയിടങ്ങളില്‍ അവിടവിടെ നാട്ടുക. മഞ്ഞക്കൊടികളുടെ ഇരുവശങ്ങളിലും ആവണക്കെണ്ണ പുരട്ടുക. മഞ്ഞനിറത്തില്‍ ആകര്‍ഷിക്കപ്പെടുന്ന വെള്ളീച്ചകള്‍ കെണികളില്‍ ഒട്ടിപ്പിടിച്ച് നശിക്കുന്നു. മഞ്ഞക്കെണിപോലെ തന്നെ നീലക്കെണിയും ഉപയോഗിക്കാമെങ്കിലും മഞ്ഞക്കെണിയാണ് കൂടുതല്‍ അനുയോജ്യം.

3. ഫിറമോണ്‍കെണി

ഒരു ജീവി എതിര്‍ലിംഗത്തില്‍പ്പെട്ട ജീവിയെ ആകര്‍ഷിക്കുന്നതിനുവേണ്ടി അതിന്റെ ശരീരത്തിന്റെ ഉപരിതലത്തില്‍ നിന്നു പുറപ്പെടുവിക്കുന്ന രാസവസ്തുവാണ് ഫിറമോണ്‍. ഈ രാസപദാര്‍ഥം ആണ്‍-പെണ്‍ കീടങ്ങളെ ആകര്‍ഷിച്ച് അതിന്റെ ഉറവിടത്തിലേക്ക് നയിക്കുന്നു. വിപണിയില്‍ ലഭ്യമായ ഫിറമോണ്‍ കെണികള്‍ കൃഷിയിടങ്ങളില്‍ സ്ഥാപിക്കുക വഴി കീടങ്ങളെ ആകര്‍ഷിച്ച് കെണികളില്‍ വീഴ്ത്തി നശിപ്പിക്കുവാന്‍ സാധിക്കുന്നു.

കായീച്ചകെണിയില്‍ ആണ്‍ കായച്ചകള്‍ ആകര്‍ഷിക്കപ്പെടുന്നതിനാല്‍ പെണ്‍ ഈച്ചകള്‍ക്ക് ഇണചേരുവാനുള്ള സാധ്യത കുറയും. കായീച്ചകളുടെ വംശവര്‍ധനവ് നല്ല രീതിയില്‍ തടയാന്‍ ഈ രീതി സഹായിക്കും.

കായീച്ചയിലെ ഫെറമോണ്‍ കെണികള്‍ ആണ്‍ കായീച്ചകളെ മാത്രമാണ് ആകര്‍ഷിച്ച് നശിപ്പിക്കുന്നത്. ഫെറമോണ്‍ കെണികള്‍ ഉപയോഗിക്കുമ്പോള്‍ അതോടൊപ്പം പഴക്കെണി, തുളസിക്കെണി, കഞ്ഞിവെള്ളക്കെണി, മീന്‍കെണി എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ചാല്‍ പെണ്‍ കായീച്ചകളെ നശിപ്പിക്കുവാന്‍ സാധിക്കും. പന്തലില്‍ തൂക്കിയിട്ടിരിക്കുന്ന ഇത്തരം കെണികളില്‍ കായീച്ച ആകര്‍ഷിക്കപ്പെടുകയും വിഷലിപ്തമാക്കിയ ആഹാരം നക്കിക്കുടിച്ച് ചത്തൊടുങ്ങുകയും ചെയ്യും.

4. പഴക്കെണി

ഒരു പാളയന്‍കോടന്‍ പഴം തൊലിയോടുകൂടി അല്‍പ്പം ചരിവോടെ മൂന്നുനാലു കഷണങ്ങളായി മുറിക്കുക. ഒരു കടലാസില്‍ കാര്‍ബോസള്‍ഫാന്‍ 6 ജി എന്ന കീടനാശിനിയുടെ തരികള്‍ നിരത്തുക. പഴം മുറികള്‍ കടലാസില്‍ നിരത്തിയിട്ടിരിക്കുന്ന കാര്‍ബോസള്‍ഫാന്‍ തരികളില്‍ ഒറ്റപ്രാവശ്യം ഒപ്പിയെടുക്കുക. കാര്‍ബോസള്‍ഫാന്‍ തരി പറ്റിപ്പിടിച്ചിരിക്കുന്ന ഭാഗം മുകളിലാക്കി ഒരു ചിരട്ടയില്‍വച്ച് പന്തലില്‍ തൂക്കിയിട്ട് വെള്ളരിവര്‍ഗങ്ങളിലെ കായീച്ചയുടെ ആക്രമണം നിയന്ത്രിക്കാം.

5. തുളസിക്കെണി

ഒരു കൈപ്പിടിയിലൊതുങ്ങുന്ന തുളസി ഇലകള്‍ അരച്ച്, ചാറും കൊത്തും ചിരട്ടയില്‍ എടുക്കുക. തുളസിച്ചാറ് ഉണങ്ങാതിരിക്കാന്‍ കുറച്ചുവെള്ളം ചേര്‍ക്കുക. 10 ഗ്രാം ശര്‍ക്കര പൊടിച്ചതും ഒരു നുള്ള് (ഒരു ഗ്രാം) കാര്‍ബോസള്‍ഫാന്‍ 6 ജി എന്ന കീടനാശിനിയുടെ തരിയും തുളസിച്ചാറില്‍ ചേര്‍ത്തിളക്കുക. കെണി പന്തലില്‍ തൂക്കിയിട്ട് വെള്ളരിവര്‍ഗങ്ങളിലെ കായീച്ചകളെ നിയന്ത്രിക്കാം.

6. കഞ്ഞവെള്ളക്കെണി

ഒരു ചിരട്ടയില്‍ കാല്‍ഭാഗം കഞ്ഞിവെള്ളം എടുത്ത് അതില്‍ 10 ഗ്രാം ശര്‍ക്കര പൊടിച്ചു ചേര്‍ക്കുക. ഇതില്‍ ഒരു ഗ്രാം കാര്‍ബോസള്‍ഫാന്‍ 6 ജി എന്ന കീടനാശിനിയുടെ തരിയും മൂന്നുതരി യീസ്റ്റും ചേര്‍ത്ത് ഇളക്കുക. കെണി പന്തലില്‍ തൂക്കിയിട്ട് വെള്ളരിവര്‍ഗങ്ങളിലെ കായീച്ചകളെ നിയന്ത്രിക്കാം.

7. മീന്‍കെണി

ഒരു ചിരട്ട, പോളിത്തീന്‍ കൂട്ടിനുള്ളില്‍ ഇറക്കിവയ്ക്കുക. ഇതില്‍ അഞ്ചു ഗ്രാം ഉണങ്ങിയ മീന്‍പൊടി ഇടുക. കുറച്ചുവെള്ളം തളിച്ച് മീന്‍പൊടി ചെറുതായി നനയ്ക്കുക. ഒരു ഗ്രാം കാര്‍ബോസള്‍ഫാന്‍ 6 ജി എന്ന കീടനാശിനി മീന്‍പൊടിയില്‍ ചേര്‍ത്ത് ഇളക്കുക. പോളിത്തീന്‍ കൂടിന്റെ മുകള്‍ഭാഗം കൂട്ടിക്കെട്ടുക. ചിരട്ടയ്ക്കു മുകളിലുള്ള പോളിത്തീന്‍ കൂടിന്റെ ഭാഗങ്ങളില്‍ അവിടവിടെയായി കായീച്ചകള്‍ക്ക് കടന്നുകൂടാന്‍ തക്ക വിലിപ്പമുള്ള അഞ്ചു ദ്വാരങ്ങളിടുക. കെണി പന്തലില്‍ തൂക്കിയിട്ട് വെള്ളരിവര്‍ഗങ്ങളിലെ കായിച്ചകളുടെ ശല്യം കുറയ്ക്കാം.

8. ശര്‍ക്കരക്കെണി ശര്‍ക്കരക്കെണി വെള്ളരിവര്‍ഗവിളകളില്‍

10 ഗ്രാം ശര്‍ക്കര ഉരുക്കി ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച ലായനിയില്‍ നാല് മില്ലി ലിറ്റര്‍ മാലത്തയോണ്‍ 50 ഇ സി ചേര്‍ത്ത് ഇളക്കുക. തയാറാക്കിയ ലായനി ചിരട്ടകളിലാക്കി പന്തലില്‍ തൂക്കിയിടുക.

ശര്‍ക്കരക്കെണി മാവില്‍ അഞ്ചു പാളയന്‍കോടന്‍ പഴം ഞെരടി കുഴമ്പാക്കിയതില്‍ 100 ഗ്രാം ശര്‍ക്കര ഉരുക്കിച്ചേര്‍ത്ത് ഒരു മില്ലി ലിറ്റര്‍ മാലത്തയോണ്‍ കൂട്ടി ഇളക്കി മാവിന്റെ പ്രധാന തടിയില്‍ ചുവട്ടില്‍ നിന്നു നാലടി മുകളിലായി തേച്ചുപിടിപ്പിക്കുക. ഈച്ചകള്‍ കെണിയില്‍ ആകര്‍ഷിക്കപ്പെടുകയും വിഷഭഷണം നക്കിക്കുടിച്ച് ചാകുകയും ചെയ്യും.

– പ്രശാന്ത് ബി.
ഫീല്‍ഡ് കണ്‍സള്‍ട്ടന്റ്, സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, തിരുവനന്തപുരം.

– ലീന എസ്. എല്‍
ഡിസ്ട്രിക്ട് പ്ലാന്റ് ഹെല്‍ത്ത് മാനേജര്‍, ക്രോപ് ഹെല്‍ത്ത് മാനേജ്‌മെന്റ് സ്കീം, തിരുവനന്തപുരം

Related posts