കൊച്ചി: മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ഓണ്‍ യുവര്‍ വാട്ടര്‍ പദ്ധതിക്കു കൊച്ചിയില്‍ തുടക്കമായി. കലൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിച്ച വാട്ടര്‍ കിയോസ്ക് നടന്‍ സലിംകുമാറും എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനടുത്തു സ്ഥാപിച്ച കിയോസ്ക് നടന്‍ കുഞ്ചാക്കോ ബോബനും ഉദ്ഘാടനംചെയ്തു. നമുക്കു വേണ്ട വെള്ളം നാം തന്നെ കണെ്ടത്തിയാല്‍ മാത്രമേ വരള്‍ച്ചയെ ഫലപ്രദമായി നേരിടാന്‍ സാധിക്കൂയെന്നു കലൂരിലെ കിയോസ്കിന്റെ ഉദ്ഘാടന ചടങ്ങില്‍ നടന്‍ മമ്മൂട്ടി പറഞ്ഞു. വരും വര്‍ഷങ്ങളില്‍ വരള്‍ച്ചയെ നേരിടാനായി ഈ മഴക്കാലത്തു തന്നെ നമ്മള്‍ സജ്ജമാകണമെന്നും അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുകയാണ് ഓണ്‍ യുവര്‍ വാട്ടര്‍ പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ഈ പദ്ധതിക്ക് എല്ലാവിധ പിന്തുണയും സലിംകുമാറും കുഞ്ചാക്കോ ബോബനും വാഗ്ദാനംചെയ്തു. വിജിലന്‍സ് എസ്പി ആര്‍. നിശാന്തിനി ചടങ്ങില്‍ പങ്കെടുത്തു.കൊച്ചിയില്‍ മാത്രം അറുപതോളം കിയോസ്കുകളാണു പദ്ധതി പ്രകാരം സ്ഥാപിച്ചിരിക്കുന്നത്. 24 മണിക്കൂറും വെള്ളം ലഭ്യമാകുന്ന സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ബസ് സ്റ്റാന്‍ഡുകള്‍, ബസ് സ്റ്റോപ്പുകള്‍ എന്നിവിടങ്ങളിലാണു കിയോസ്കുകള്‍ പ്രധാനമായും സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്. തിങ്കളാഴ്ച മാത്രം വല്ലാര്‍പാടം എരൂര്‍, ഗിരിനഗര്‍, കോതമംഗലം നെല്ലിക്കുഴി, ചോറ്റാനിക്കര കുഴിയറ, മുളന്തുരുത്തി ഇടക്കാട്ടുവയല്‍, ഇടക്കൊച്ചി എന്നിവിടങ്ങളിലേക്ക് അറുപതിനായിരം ലിറ്റര്‍ വെള്ളം എത്തിച്ചു. കേരളത്തിന് അകത്തും പുറത്തുംനിന്നായി നിരവധി സഹായ വാഗ്ദാനങ്ങള്‍ പദ്ധതിയെ തേടി എത്തുന്നുണ്ട്. മറ്റു ജില്ലകളിലേക്കുകൂടി പദ്ധതിയുടെ സേവനം വ്യാപിപ്പിക്കാനാണു സംഘാടകരുടെ ശ്രമം.