കുടുങ്ങുമോ? പി ജയരാജന്റെ വിവാദ പ്രസംഗത്തെക്കുറിച്ച് കേസെടുക്കുന്ന കാര്യം പോലീസ് പരിശോധിക്കുന്നു; വീഡിയോ ക്ലിപ്പ് ശേഖരിച്ചു; റൂറല്‍ എസ്പി രാഷ്ട്രദീപികയോട്

JAYARAJANഎം.ജെ. ശ്രീജിത്ത്

തിരുവനന്തപുരം: പി ജയരാജന്റെ മാറനല്ലൂരിലെ വിവാദ പ്രസംഗത്തെക്കുറിച്ച് കേസെടുക്കുന്ന കാര്യം പോലീസ് പരിശോധിക്കുന്നു. വിവാദ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പ് പോലീസ് ശേഖരിച്ചു. ഇന്നു  റൂറല്‍ എസ്പി ഷെഫീന്‍ അഹമ്മദിന്റെ നേതൃത്വത്തില്‍ വീഡിയോ ക്ലിപ് പരിശോധിക്കും. ഇതിനുശേഷം  കേസെടുക്കണോ വേണ്ടയോ എന്നതിനെക്കുറിച്ച് നിയമോപദേശം തേടുമെന്ന്  റൂറല്‍ എസ്പി രാഷ്ട്രദീപികയോട് പറഞ്ഞു.

സിപിഎം അങ്ങോട്ട് ഒരു അക്രമത്തിലും മുന്‍കൈ  എടുക്കാറില്ലെന്നും പക്ഷെ   കടമിങ്ങനെ വന്നുകൊണ്ടിരുന്നാല്‍ ചിലപ്പോള്‍ കടം തിരിച്ചുകൊടുക്കും, അതേ നടന്നിട്ടുള്ളുവെന്നും പി.ജയരാജന്‍  പ്രസംഗിച്ചതായാണ് ആരോപ ണം.  കാട്ടാക്കട നിയോജക മണ്ഡലം സ്ഥാനാര്‍ഥി ഐ.ബി. സതീഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം മാറനല്ലൂരില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് പി. ജയരാജന്‍ വിവാദ പ്രസംഗം നടത്തിയത്. ജയരാജന്റെ പ്രസംഗം പൂര്‍ണമായി പരിശോധിച്ച ശേഷം കേസെടുക്കണമോ വേണ്ടയോ  എന്നു തീരുമാനിക്കുമെന്ന്് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

ജയരാജന്റെ വിവാദ പ്രസംഗത്തിനെതിരേ കേസെടുക്കണമെന്ന ആവശ്യം ഇതിനകം പല കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പിംഗ് പോലീസ് ശേഖരിച്ചത്. വിവാദം ചൂടുപിടിച്ച സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ പോലീസ് വേഗത്തിലാക്കും.

Related posts