കുട്ടികളെ പോളിംഗ് ബൂത്തില്‍ നിയോഗിക്കരുതെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍

tcr-electionപത്തനംതിട്ട: 16നു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുട്ടികളെ പോളിംഗ് ബൂത്തുകളിലോ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് മറ്റേതെങ്കിലും ചുമതലയിലോ നിയോഗിക്കുന്നതില്‍ നിന്ന് പത്തനംതിട്ട ജില്ലാ കളക്ടറെ വിലക്കി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു. മറ്റ് ജില്ലകളിലെ പോളിംഗ് ബൂത്തുകളില്‍ തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട ജോലികള്‍ക്ക് കുട്ടികളെ നിയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അധ്യക്ഷ ശോഭാ കോശി, അംഗം ജെ. സന്ധ്യ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്കി.

പത്തനംതിട്ട ജില്ലയില്‍ പോളിംഗ് ശതമാനം കൂട്ടുന്നതിനായി ഹൈസ്കൂള്‍ വിദ്യാര്‍ഥികളെ നിയോഗി്ക്കുന്നുവെന്നും വേനല്‍ക്കാലത്ത് കുട്ടികളെ പോളിംഗ് ബൂത്തിനു വെളിയില്‍ നിയോഗിക്കുന്നത് ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നു കാട്ടി പത്തനംതിട്ട സ്വദേശി കെ.ഷാജഹാന്‍ നല്കിയ പരാതിയിലാണ് നടപടി. ഉത്തരവിന്മേല്‍ സ്വീകരിച്ച നടപടി 20നു മുമ്പ് അറിയിക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Related posts