കുട്ടികളെ ബാഗിലാക്കാന്‍ ഛോട്ടാ ഭീം, സ്‌പൈഡര്‍മാന്‍, മൗഗ്ലി ; വിപണി ഉഷാര്‍

tcr-bagതൃശൂര്‍: സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം ശേഷിക്കേ പഠനോപകരണവിപണി സജീവമായി. ബാഗ്, കുട മുതലായവ വില്‍ക്കുന്ന നഗരത്തിലെ കടകളിലൊക്കെ സീസണ്‍ പ്രമാണിച്ച് പുതിയ ഉത്പന്നങ്ങള്‍ എത്തിച്ചിട്ടുണ്ട്.   കുട്ടികളെ ആകര്‍ഷിക്കാന്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങളുള്ള ബാഗുകളും കുടകളും തന്നെയാണ് ഇത്തവണത്തെയും താരങ്ങള്‍. ഇന്‍സ്ട്രുമെന്റ് ബോക്‌സ്, വാട്ടര്‍ബോട്ടിലുകള്‍ തുടങ്ങി സകല  ഉത്പന്നങ്ങളിലും ഈ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ കാണാം. സ്‌പൈഡര്‍മാന്‍, ഛോട്ടാ ഭീം, ബെന്‍ടെന്‍, അവഞ്ചേഴ്‌സ്, ഡോറ, മൗഗ്ലി തുടങ്ങിയ കഥാപാത്രങ്ങള്‍ക്കു പുറമേ ആനിമേഷന്‍ സിനിമകളിലെ കഥാപാത്രങ്ങളായ കുങ്ഫു പാണ്ഡെ, മീനിയണ്‍സ് തുടങ്ങിയവരും ബാഗുകളില്‍ ഇടം പിടിച്ചിരിക്കുന്നു. ഇത്തരം ബാഗുകള്‍ പ്രധാനമായും ലോവര്‍ പ്രൈമറി സ്കൂളുകളിലെ കുട്ടികളെ ലക്ഷ്യമിട്ടുള്ളതാണ്.

വിവിധ അറകളുള്ളതും വലിപ്പം കൂടുതലുള്ളതുമായ ബാഗുകളാണ് വലിയ ക്ലാസുകളിലുള്ള കുട്ടികള്‍ വാങ്ങുന്നത്. ടിഫിന്‍ബോക്‌സ് പ്രത്യേകമായി സൂക്ഷിക്കാവുന്ന ചെറിയ ബാഗുകളും ലഭ്യമാണ്. വലിപ്പവും ഗുണമേന്മയും അനുസരിച്ച് 200 രൂപ മുതല്‍ 800 രൂപ വരെയാണ് ബാഗുകളുടെ വില. പ്രമുഖ ബ്രാന്‍ഡുകളുടെ സ്കൂള്‍ബാഗുകള്‍ക്ക് 600 രൂപ മുതലും നഴ്‌സറി വിദ്യാര്‍ഥികള്‍ക്കുള്ള ബാഗുകള്‍ 90 രൂപ മുതലും ലഭ്യമാണ്. ബാഗുകളുടെ കൂടെ പമ്പരം, വാട്ടര്‍ ബോട്ടില്‍, ടിഫിന്‍ ബോക്‌സ്, നെയിം സ്ലിപ്പ് തുടങ്ങിയവ സമ്മാനമായി നല്‍കി ചില ബ്രാന്‍ഡുകള്‍ കുട്ടികളെ കൈയിലെടുക്കുന്നു.

സ്കൂള്‍ തുറക്കുന്നതിനൊപ്പം മഴക്കാലവുമെത്തുമെന്നതിനാല്‍ കുടവിപണിയും സജീവമാണ്. പോക്കറ്റിലൊതുങ്ങാവുന്ന കുഞ്ഞന്‍ മള്‍ട്ടി ഫോള്‍ഡിംഗ് കുടകള്‍ മുതല്‍ കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രിയമുള്ള വലിയ ക്ലാസിക് കാലന്‍കുടകള്‍ വരെ  വിപണിയില്‍ റെഡി. കുട്ടികളെ കൂടുതല്‍ ആകര്‍ഷിക്കുന്ന, വിവിധ നിറങ്ങളിലും ഡിസൈനുകളിലും ഉള്ള കുടകള്‍ക്കൊപ്പം സിംഗിള്‍ കളര്‍ കുടകള്‍ക്കും ആവശ്യക്കാരുണ്ട്. 100 രൂപ മുതല്‍ 600 രൂപ വരെയാണ് കുടകളുടെ വില. വിശ്വാസ്യതയുള്ള ബ്രാന്‍ഡുകളുടെ കുടകളാണ് കൂടുതല്‍ വിറ്റുപോകുന്നതെന്നു കച്ചവടക്കാര്‍ പറയുന്നു. കാലംതെറ്റി മഴയെത്തിയതോടെ കുടവില്പന കൂടിയിട്ടുണ്ട്. മഴയെ ചെറുക്കാന്‍ 250 മുതല്‍ 700 രൂപ വരെ വില വരുന്ന കുട്ടികളുടെ റെയിന്‍കോട്ടുകളും വിപണിയില്‍ തയാര്‍.

കണ്‍സ്യൂമര്‍ ഫെഡ് ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴി പഠനോപകരണങ്ങള്‍ വില കുറച്ചു വില്പന ആരംഭിച്ചിട്ടുണ്ട്. ത്രിവേണി നോട്ട്ബുക്കുകള്‍, വിവിധ കമ്പനികളുടെ സ്കൂള്‍ ബാഗുകള്‍, കുടകള്‍, പേന, പെന്‍സില്‍, ഇന്‍സ്ട്രുമെന്റ് ബോക്‌സ് തുടങ്ങിയവയൊക്കെ പൊതുവിപണിയേക്കാള്‍ കുറഞ്ഞവിലയില്‍ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളില്‍നിന്നു വാങ്ങാം.പേജുകളുടെ എണ്ണത്തിനനുസരിച്ച് ഒമ്പതുരൂപ മുതല്‍ 35 രൂപ വരെയുള്ള പുസ്തകങ്ങളാണ് ത്രിവേണി വിപണിയിലെത്തിച്ചിരിക്കുന്നത്. ജൂണ്‍ അവസാനം വരെ ഇവ ലഭ്യമാകും. പൂത്തോളിലെ ജില്ലാ നീതി വിതരണകേന്ദ്രം, ചാലക്കുടി, കുന്നംകുളം, ഇളംതുരുത്തി, ചാലക്കുടി എന്നിവിടങ്ങളിലെ ത്രിവേണി ഗോഡൗണുകള്‍ എന്നിവിടങ്ങളില്‍നിന്നു സ്കൂളുകള്‍ക്കും സംഘടനകള്‍ക്കും നോട്ട്ബുക്കുകള്‍ മൊത്തവിലയ്ക്കു വാങ്ങുകയുമാകാം.

ബസിലിക്കയ്ക്കു സമീപമുള്ള കേരള ഫാന്‍സി സ്റ്റോറില്‍ ബാഗിനും കുടയ്ക്കും പഠനോപകരണങ്ങള്‍ക്കും പുറമേ പ്രവേശനോത്സവത്തിനുള്ള തൊപ്പികള്‍, ബലൂണുകള്‍ എന്നിവയും വില്പനയ്‌ക്കെത്തിയിട്ടുണ്ട്. വിവിധ നിറങ്ങളിലുള്ള തൊപ്പികളിലും ബലൂണുകളിലും നവാഗതര്‍ക്ക് ആശംസകള്‍ പ്രിന്റ് ചെയ്തിരിക്കുന്നു. പ്രവേശനോത്സവത്തിനു മുന്‍കൈയെടുക്കുന്ന പിടിഎ സംഘടനകളെയാണ് ഇത്തരം ഉത്പന്നങ്ങള്‍ ലക്ഷ്യമിടുന്നത്. 15 രൂപയാണ് ഇത്തരം തൊപ്പികളുടെ വില. ഏതായാലും ബാഗിനും കുടയ്ക്കും നോട്ട്ബുക്കിനുമെല്ലാം കഴിഞ്ഞ തവണത്തേതില്‍നിന്ന് വലിയ വിലവ്യത്യാസമില്ലെന്നതു രക്ഷിതാക്കള്‍ക്ക് ആശ്വാസമാകും.

Related posts